ഭക്ഷണ ശുചിത്വവുമായി ബന്ധപ്പെട്ട് നിരവധി വീഡിയോകളും വാർത്തകളുമാണ് സമൂഹ മാധ്യമങ്ങളില്‍ നിറയുന്നത്. ഇതിനിടയിൽ മഹ്ബൂബ് നഗറിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ട വിചിത്രമായ ഒരു സംഭവം കാണികളിൽ അസ്വസ്ഥത ഉണ്ടാക്കിയിരിക്കുകയാണ്. ഡ്രെയിനേജ് വെള്ളത്തിൽ പഴങ്ങൾ കഴുകിയ ഒരു കച്ചവടക്കാരനെ പ്രദേശവാസികൾ കയ്യോടെ പിടികൂടിയ വാർത്തയാണിത്.
ഇങ്ങനെ കഴുകിയ പഴങ്ങൾ പിറ്റേ ദിവസം വിൽക്കാൻ ആയിരുന്നു ഇയാൾ പദ്ധതിയിട്ടിരുന്നത്. കഴിക്കാൻ മാത്രമല്ല നവരാത്രി പൂജക്കുവേണ്ടിയും ആളുകൾ ഈ പഴങ്ങൾ വാങ്ങുമെന്നായിരുന്നു ഇയാളുടെ കണക്കുകൂട്ടൽ. സംഭവം പുറത്തറിഞ്ഞതോടെ കടുത്ത ജനാരോഷമാണ് ഇതിനെതിരെ ഉയരുന്നത്.
ആഘോഷങ്ങൾ നടക്കുന്നന്ന് രാത്രിയിൽ ആരും കാണാതെ ഇരുട്ടത്ത് നിന്ന് ഡ്രെയിനേജ് വെള്ളത്തിൽ പഴങ്ങൾ കഴുകുന്നതിനിടയിലാണ് ആളുകൾ ഇയാളെ പിടികൂടിയത്. പലഭാഗത്തും നിന്നും വിമർശനങ്ങൾ ഉയർന്നതോടെ പഴങ്ങൾ അബദ്ധത്തിൽ ഡ്രെയിനേജിൽ വീണതാണെന്നാണ് ഇയാൾ നൽകിയ മറുപടി. എന്നാൽ ഈ വാദം ഭൂരിഭാഗം ആളുകളും തള്ളി. ഇയാളെ നാട്ടുകാർ പിടികൂടി ചോദ്യം ചെയ്‌തെങ്കിലും വിശദാംശങ്ങൾ നൽകാൻ ഇയാൾ തയ്യാറായിരുന്നില്ല.
ഇതിനുമുൻപും സമാനമായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. തുടരെയുള്ള ഇത്തരം പ്രവണതകൾ പ്രദേശത്തെ ഭക്ഷ്യ സുരക്ഷയിലും ശുചിത്വത്തിലും കടുത്ത ആശങ്കയാണ് ഉയർത്തുന്നത്. വിഷയം ഇപ്പോൾ സോഷ്യൽ മീഡിയയിലും മറ്റ് പ്ലാറ്റ്‌ഫോമുകളിലും വൻ ചർച്ചയായി മാറിയിരിക്കുകയാണ്.