Health

ചിരി ആരോഗ്യം വര്‍ധിപ്പിക്കും; എന്നാല്‍ ചിരിച്ച് ചിരിച്ച് ബോധം കെട്ടുവീണാലോ?

ചിരി ആരോഗ്യം വര്‍ധിപ്പിക്കുമെന്ന് നമ്മള്‍ കേട്ടിട്ടുണ്ട്.എന്നാല്‍ ചിരിച്ച് ചിരിച്ച് ബോധം കെട്ടുപോയ ഒരാളുടെ കഥ നിങ്ങള്‍ കേട്ടിട്ടുണ്ടോ. സംഭവം വെളിപ്പെടുത്തിയത് ഇയാളെ ചികിത്സിച്ച ഡോക്ടര്‍ തന്നെയാണ്. ഹൈദരബാദിലുള്ള ഒരു 53 കാരനാണ് കക്ഷി. എക്‌സിലൂടെയായിരുന്നു ഈ സംഭവം വിവരിച്ചത്.

സാധാരണപോലെ ചായ കുടിച്ച് കുടുംബത്തിനോടൊപ്പം ഒരു കോമഡി ഷോ ടിവിയില്‍ കാണുകയായിരുന്നു. പിന്നീട് കുടുംബാംഗങ്ങള്‍ കാണുന്നത് ചിരിച്ച് കൊണ്ടിരുന്ന ശ്യാമിന്റെ (യഥാര്‍ത്ഥ പേരല്ല) കൈയില്‍ നിന്ന് ചായ കപ്പ് താഴെ വീഴുന്നതാണ്. അയാള്‍ ബോധം കെട്ടുവീഴുകയായിരുന്നു. കുറച്ച് നേരത്തിന് ശേഷം കണ്ണ് തുറന്നു. കൈയും കാലുകളും ചലിപ്പിക്കാനും സംസാരിക്കാനും സാധിക്കുകയും ചെയ്തു.

ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെത്തിയപ്പോഴെയ്ക്കും ശ്യം പഴയ അവസ്ഥയിലായിരുന്നു. ചിരികൊണ്ട് അപൂര്‍വമായി ഉണ്ടാകുന്ന മോഹാലസ്യമാണെന്ന് ഡോക്ടര്‍ പറഞ്ഞു. ആരെങ്കിലും അധികമായി ചിരിക്കുമ്പോള്‍ നെഞ്ചിനുള്ളില്‍ സമ്മര്‍ദ്ദം ഉയരുന്നു. തുടര്‍ന്ന് രക്തത്തിന്റെ തിരിച്ച് വരവ് ബുദ്ധിമുട്ടിലാവുന്നു. തുടര്‍ന്ന് ബാരോറിസപ്റ്ററുകള്‍ എന്ന പ്രത്യേക സെന്‍സറുകള്‍ ശരീരത്തില്‍ ഉദ്ദീപിപ്പിക്കപ്പെടുന്നു. ഇത് വേഗസ് നാഡിയെ ഉണര്‍ത്തുന്നു. രക്തസമ്മര്‍ദ്ദം കുറയ്ക്കുകയും ചെയ്യുന്നു. ഇതാണ് മോഹാലസ്യത്തിന് കാരണമെന്ന് ഡോക്ടര്‍ വിശദീകരിക്കുന്നു.

അമിതമായ ചിരിയും ദീര്‍ഘനേരമുള്ള നില്‍പും അമിതമായ ശാരീരിക അധ്വാനവും പോലുള്ള ട്രിഗറുകള്‍ ഒഴിവാക്കണമെന്ന്‌ ഡോക്ടര്‍ ശ്യാമിനോട് നിര്‍ദേശിച്ചു.