വധുവിന്റെ കഴുത്തിൽ താലി കെട്ടിയ ഉടനെ, വരന്‍ ഹൃദയാഘാതംമൂലം മരിച്ചു. ശനിയാഴ്ച കർണാടകയിലെ ബാഗൽകോട്ടിലെ ജാംഖണ്ഡി പട്ടണത്തിൽ വിവാഹം നടക്കുന്നതിനിടെയാണ് ദുരന്തമുണ്ടായത്. 25-കാരനായ പ്രവീണ്‍ എന്ന യുവാവാണ് വധുവിന്റെ കഴുത്തില്‍ താലിചാര്‍ത്തിയതിന് പിന്നാലെ മരണപ്പെട്ടത്.
താലികെട്ടി നിമിഷങ്ങൾക്കുള്ളിൽ തന്നെ വരന് നെഞ്ചുവേദന അനുഭവപ്പെടുകയും തുടർന്ന് കുഴഞ്ഞുവീഴുകയുമായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി.
നേരത്തെ, വിവാഹം ഒരു ഉത്സവ ചടങ്ങായിട്ടാണ് ആരംഭിച്ചത്, ഇരു കുടുംബങ്ങളിലെയും ബന്ധുക്കളും സുഹൃത്തുക്കളും പ്രവീണിന്റെയും പൂജയുടെയും വിവാഹം ആഘോഷിക്കാൻ ഒത്തുകൂടി. എല്ലാ ചടങ്ങുകളും രാവിലെ പൂർത്തിയായി. എന്നാൽ സ്വീകരണം ആരംഭിക്കുന്നതിന് മുമ്പ്, പ്രവീൺ വേദിക്ക് സമീപം കുഴഞ്ഞുവീണു.
അടുത്തിടെ ഹൃദയാഘാതം മൂലം മരിക്കുന്ന യുവതി യുവാക്കളുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണുള്ളത്. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ മധ്യപ്രദേശില്‍ വിവാഹ ചടങ്ങിന്റെ ഭാഗമായുള്ള സംഗീത ചടങ്ങില്‍ നൃത്തം അവതരിപ്പിക്കുന്നതിനിടെ 23-കാരി വേദിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചിരുന്നു.
കഴിഞ്ഞ ഡിസംബറില്‍ ഉത്തര്‍പ്രദേശിലെ അലിഗഡിലുള്ള സ്‌കൂളില്‍ ഒരു കായിക മത്സരത്തിന്റെ പരിശീലനത്തിനിടെ 14 വയസുകാരനും ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചിരുന്നു.