Movie News

‘നമ്മുടെ ഈ വണ്ടിയും പോലീസാണ്’ കണ്ണൂര്‍ സ്‌ക്വാഡിലെ അഞ്ചാമന്‍, ആ ടാറ്റാ സുമോ  സ്വന്തമാക്കി മെഗാസ്റ്റാര്‍ മമ്മൂട്ടി

തിയേറ്ററില്‍ വമ്പന്‍ ഹിറ്റാണ് മമ്മൂട്ടി നായകനായി എത്തിയ കണ്ണൂര്‍ സ്‌ക്വാഡ്. ചിത്രത്തിലെ നായകന്മാരോടൊപ്പം സന്തത സഹചാരിയായി എത്തിയ വാഹനമായ ടാറ്റ സുമോയെ ഇപ്പോള്‍ സ്വന്തമാക്കിയിരിയ്ക്കുകയാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി.
സിനിമയില്‍ ഒപ്പം അഭിനയിച്ച ഈ വാഹനത്തെ മമ്മൂട്ടി സ്വന്തമായി വാങ്ങിയതാണെന്നാണ് കണ്ണൂര്‍ സ്‌ക്വാഡ് സിനിമയുടെ തിരക്കഥാകൃത്തും സ്‌ക്വാഡ് അംഗങ്ങളില്‍ ഒരാളുമായ റോണി ഡേവിഡ് രാജ് കഴിഞ്ഞ ദിവസം ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. ഷൂട്ടിങ്ങിനായി വാങ്ങിയ രണ്ട് വാഹനങ്ങളില്‍ ഒന്ന് ക്ലൈമാക്‌സില്‍ തകരുന്നുണ്ട്. ഇതില്‍ അവശേഷിക്കുന്ന സുമോയാണ് മമ്മൂട്ടിയുടെ കൈവശമുള്ളതെന്നാണ് വിവരം.

വാഹനം നിര്‍ത്തലാക്കിയിട്ട് നാല് വര്‍ഷം കഴിഞ്ഞുവെങ്കിലും ആളുകള്‍ക്ക് ഇപ്പോഴും സുമോ വളരെ പ്രിയപ്പെട്ടതാണ്. വാഹനത്തിന്റെ പേര് ആണ് ആരേയും ആകര്‍ഷിയ്ക്കുന്നതായിരുന്നു. അന്നത്തെ കമ്പനിയുടെ മുന്‍ മാനേജിംഗ് ഡയറക്ടര്‍ ശ്രീ. സുമന്ത് മൂല്‍ഗോക്കറാണ് ടാറ്റ സുമോ എന്ന് പേര് നല്‍കിയത്. അദ്ദേഹത്തിന്റെ പേരിന്റെയും അവസാനത്തിന്റെയും ആദ്യ രണ്ട് അക്ഷരങ്ങള്‍ ചേര്‍ത്താണ് പേര് ഇട്ടിരിക്കുന്നത്.

ടാറ്റ സുമോ 1994-ല്‍ ഒരു പത്ത് സീറ്റുള്ള റിയര്‍-വീല്‍ ഡ്രൈവ് MUV ആയിട്ടാണ് വിപണിയില്‍ ടാറ്റ അവതരിപ്പിച്ചത്. ടെല്‍കോലൈന്‍ പിക്കപ്പ് ട്രക്കിന് സമാനമായി ടാറ്റ X2 ബോഡി-ഓണ്‍-ഫ്രെയിം പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ് സുമോ. റിയര്‍-വീല്‍-ഡ്രൈവ് പതിപ്പ് മാത്രമല്ല ഓള്‍-വീല്‍-ഡ്രൈവ് വേരിയന്റും ലഭ്യമായിരുന്നു. ഇന്ത്യന്‍ സൈന്യത്തിന് വേണ്ടി മാത്രമാണ് ഫോര്‍ വീല്‍ ഡ്രൈവ് നിര്‍മിച്ചു നല്‍കിയിരുന്നത്.

ടാറ്റ സുമോയ്ക്ക് നിരവധി ഫെയ്സ്ലിഫ്റ്റുകള്‍ ലഭിച്ചിരുന്നു, അതുകൂടാതെ എല്ലാ മോഡലുകള്‍ക്കും മുന്‍ഗാമികളില്‍ നിന്ന് വ്യത്യസ്തമാക്കാന്‍ ഒരു വ്യത്യസ്ത പേരുകളും കമ്പനി നല്‍കിയിരുന്നു. 2000-ല്‍ അവതരിപ്പിച്ച സുമോ സ്പേസിയോ എന്നായിരുന്നു ആദ്യ ഫെയ്സ്ലിഫ്റ്റിന്റെ പേര്. 2004 മുതല്‍ 2011 വരെ ഇറങ്ങിയ സുമോ വിക്ടയുടെ പേരിലായിരുന്നു രണ്ടാമത്തെ പരിഷ്‌കരണം. 2012-ല്‍ പുറത്തിറക്കിയ സുമോ ഗോള്‍ഡ് ആണ് അവസാനമായി ഇന്ത്യന്‍ വിപണിയില്‍ വിറ്റഴിച്ചത്.