Movie News

ഇവരുടെ ധൈര്യത്തിലാണ് നില്‍ക്കുന്നത്, 42 കൊല്ലമായി വിട്ടിട്ടില്ല, ഇനി വിടത്തില്ല: മമ്മൂട്ടി

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് മമ്മൂട്ടി. താന്‍ നില്‍ക്കുന്നത് പ്രേക്ഷകരുടെ ധൈര്യത്തിലാണെന്നും 42 കൊല്ലമായി പ്രേക്ഷകര്‍ കൂടെയുണ്ടെന്നും ഇനി വിടില്ലായെന്നും നടന്‍ മമ്മൂട്ടി പറഞ്ഞു. അദ്ദേഹത്തിന്റെ പുതിയ ചിത്രമായ ടര്‍ബോയുടെ പ്രോമോഷന്റെ ഭാഗമായി മമ്മൂട്ടി കമ്പനിയാണ് വീഡിയോ പുറത്തുവിട്ടത്.” ഇവരുടെ ധൈര്യത്തിലാണ് നമ്മള്‍ നില്‍ക്കുന്നത്. 42 കൊല്ലമായി , വിട്ടിട്ടില്ല ഇനി വിടത്തില്ല. ” എന്നാണ് താരം വീഡിയോയില്‍ പറയുന്നത്. മമ്മൂട്ടിക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ വിദ്വേഷ പ്രചരണം ആളിക്കത്തുന്ന സാഹചര്യത്തിലാണ് വീഡിയോ പുറത്തുവന്നിരിക്കുന്നതെന്നതും വളരെ ശ്രദ്ധേയമാണ്.

ഇതിന് പുറമെ പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ടര്‍ബോയിലെ തന്റെ കഥാപാത്രത്തിനെ പറ്റിയും അദ്ദേഹം പറയുന്നുണ്ട്. ജോസ് ഒരു ഹീറോയല്ല, അയാള്‍ നിഷ്‌കളങ്കനാണ്, ചില പരിതസ്ഥിതികളില്‍ എവിടെ നിന്നോ ഒരു ശക്തി വന്നുചേരും.അതിനെ നമ്മുക്ക് വേണമെങ്കില്‍ ടര്‍ബോയെന്ന് വിളിക്കാമെന്നും അദ്ദേഹം പറഞ്ഞു. വേണമെങ്കിൽ ഇതിനെ സർവൈവൽ ത്രില്ലറൊന്നൊക്കെ പറയാം. മമ്മൂട്ടി കമ്പനിയുടെ ചെലവേറിയ സിനിമയാണിത്. കുറച്ചൊക്കെ പോയിട്ടും കുറച്ച് കിട്ടിയിട്ടുണ്ട്. എല്ലാകൂടെ ചുരുട്ടി കൂട്ടി ഇതിൽ ഇട്ടിരിക്കുകയാണ്. ഇതിനു മുടക്കിയത് വന്നാൽ, അടുത്തതിനിറങ്ങാം. 120 ദിവസത്തോളം ചിത്രീകരണം നടത്തിയിട്ടുണ്ട്. അതിൽ കൂടുതലും ആക്‌ഷനുമാണ്. കഴിവിന്റെ പരമാവധി ശ്രമിച്ചിട്ടുണ്ട്. എന്തെങ്കിലും തട്ടുകേടുവന്നാൽ കാത്തോളണം. മമ്മൂട്ടി പറഞ്ഞു.

മെയ് 23 നാണ് ചിത്രം റിലീസ് ചെയ്യുന്നത് . മിഥുന്‍ മാനുവല്‍ എഴുതി വൈശഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ടര്‍ബോ.