ബുലവായേ: ബംഗ്ലാദേശിനെതിരേ നടന്ന അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പ് മത്സരത്തില്‍ ഇന്ത്യക്ക് 18 റണ്ണിന്റെ ജയം. ബി ഗ്രൂപ്പ് മത്സരത്തില്‍ ഡക്ക്‌വര്‍ത്ത്/ലൂയിസ് മഴ നിയമപ്രകാരമാണ് ഇന്ത്യയുടെ ജയം.
മഴ കളി മുടക്കിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ 48.4 ഓവറില്‍ 238 റണ്ണിന് ഓള്‍ഔട്ടായി. ബംഗ്ലാദേശിന്റെ ലക്ഷ്യം 29 ഓവറില്‍ 165 റണ്ണെന്നാക്കിയിരുന്നു. 28.3 ഓവറില്‍ അവര്‍ 146 റണ്ണിന് ഓള്‍ഔട്ടായി. ബി ഗ്രൂപ്പിലെ ആദ്യ രണ്ട് മത്സരങ്ങളു ജയിച്ച ഇന്ത്യ സൂപ്പര്‍ സിക്‌സിലേക്ക് ഒരു ചുവട് വച്ചു. നാല് ഓവറില്‍ 14 റണ്‍ വഴങ്ങി നാല് വിക്കറ്റെടുത്ത ഓഫ് സ്‌പിന്നര്‍ വിഹാന്‍ മല്‍ഹോത്രയാണ് ഇന്ത്യയെ കൈവിട്ട മത്സരത്തില്‍ ജയിപ്പിച്ചത്.
12 പന്തില്‍ ജയിക്കാന്‍ 22 റണ്‍ എന്നു നില്‍ക്കേ പന്തെറിഞ്ഞ വിഹാന്‍ അല ഫഹാദിനെ (0) റണ്ണൗട്ടാക്കി. റിസാന്‍ ഹുസൈനെ (ഒന്‍പത് പന്തില്‍ 15) ഹെനിന്‍ പട്ടേലിന്റെ കൈയിലെത്തിക്കാനും വിഹാനായി. സമീയുന്‍ ബാസിര്‍ (രണ്ട്), ഷെയ്‌ഖ് പര്‍വേസ് ജിബോണ്‍ (ഏഴ്) എന്നിവരെയും വിഹാനാണു പുറത്താക്കിയത്. നായകന്‍ അസിസുള്‍ ഹകിം (72 പന്തില്‍ ഒരു സിക്‌സറും നാല് ഫോറുമടക്കം 51), ഓപ്പണര്‍ റിഫാത് ബെഗ് (37 പന്തില്‍ ഒരു സിക്‌സറും നാല് ഫോറുമടക്കം 37) എന്നിവര്‍ ടീമിനെ ജയത്തിലേക്കു നയിച്ചിരുന്നു.
തുടര്‍ന്നു വന്നവര്‍ക്കു പിടിച്ചു നില്‍ക്കാന്‍ കഴിയാത്തതു ബംഗ്ലാദേശിനു തിരിച്ചടിയായി. ഇന്ത്യക്കായി ഖിലാന്‍ പട്ടേല്‍ രണ്ട് വിക്കറ്റും ദീപേഷ് ദേവേന്ദ്രന്‍, ഹെനില്‍ പട്ടേല്‍, കനിഷ്‌ക് ചൗഹാന്‍ എന്നിവര്‍ ഒരു വിക്കറ്റ് വീതവുമെടുത്തു. ടോസ് നേടിയ ബംഗ്ലാദേശ് ഇന്ത്യയെ ആദ്യം ബാറ്റ് ചെയ്യാന്‍ വിട്ടു. മഴ മൂലം ഏറെ താമസിച്ചാണു ടോസ് നടന്നത്. നായകനും ഓപ്പണുമായ ആയുഷ് എംഹാത്രെ (ആറ്), വേദാന്ത് ത്രിവേദി (0), വിഹാന്‍ മല്‍ഹോത്ര (ഏഴ്) എന്നിവര്‍ പുറത്തായതോടെ ഇന്ത്യ തകര്‍ച്ചയിലായിരുന്നു. ഓപ്പണര്‍ വൈഭവ് സൂര്യവംശി (67 പന്തില്‍ മൂന്ന് സിക്‌സറും ആറ് ഫോറുമടക്കം 72), വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ അഭിഗ്യാന്‍ കുണ്ടു (112 പന്തില്‍ മൂന്ന് സിക്‌സറും നാല് ഫോറുമടക്കം 80) എന്നിവരുടെ കൂട്ടുകെട്ടാണു ടീമിനെ കരകയറ്റിയത്. മറ്റു ബാറ്റര്‍മാര്‍ നിറംമങ്ങി. കനിഷ്‌ക് ചൗഹാന്റെ (26 പന്തില്‍ 28) അവസരോചിത ബാറ്റിങ് ഇന്ത്യയുടെ രക്ഷയ്‌ക്കായി. നാല് വിക്കറ്റും രണ്ട് ക്യാച്ചുകളുമെടുത്ത വിഹാന്‍ മല്‍ഹോത്രയാണു മത്സരത്തിലെ താരം.




