Crime

ഒഡീഷയില്‍ മലയാളി വൈദികരെയും കന്യാസ്ത്രീകളെയും ബജ്റംഗ്‌ദള്‍ പ്രവര്‍ത്തകര്‍ ആക്രമിച്ചു

ഒഡീഷയില്‍ മതപരിവര്‍ത്തനം ആരോപിച്ച് മലയാളി വൈദികരെയും കന്യാസ്ത്രീകളെയും ആക്രമിച്ചു. എഴുപതോളംവരുന്ന ബജ്റംഗദൾ പ്രവര്‍ത്തകരാണ് ആക്രമിച്ചത്. ഫാദര്‍ ലിജോ നിരപ്പോല്‍, ഫാദര്‍ ജോജോ എന്നിവര്‍ക്കും രണ്ട് കന്യാസ്ത്രീകള്‍ക്കും പരുക്കേറ്റു. ആക്രമണം മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുമ്പോഴാണുണ്ടായത്. ബുധനാഴ്ച വൈകീട്ടാണ് സംഭവം.

ഒഡിഷയിലെ ജലേശ്വറിലാണ് സംഭവം. ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീകളെ മതപരിവര്‍ത്തനം ആരോപിച്ച് ജയിലിലടച്ച സംഭവത്തിന് തൊട്ടുപിന്നാലെയാണ് വൈദികര്‍ക്ക് നേരെ മറ്റൊരു അതിക്രമത്തിന്റെ വാര്‍ത്ത ഒഡിഷയില്‍ നിന്നെത്തുന്നത്.

വൈദികര്‍ക്കും കന്യാസ്ത്രീകള്‍ക്കും നേരെയുള്ള ആക്രമണത്തെ സിബിസിഐ അപലപിച്ചു. ആക്രമണങ്ങള്‍ തുടര്‍ക്കഥയാണെന്ന് സിബിസിഐ വക്താവ് ഫാ.റോബിന്‍സണ്‍ റോഡ്രിഗസ് പറഞ്ഞു. ക്രൈസ്തവര്‍ക്കും പുരോഹിതര്‍ക്കും സുരക്ഷ ഒരുക്കണമെന്നും ഫാ.റോബിന്‍സണ്‍ ആവശ്യപ്പെട്ടു.