സോഷ്യൽ മീഡിയയുടെ വരവോടെ ധാരാളം കൊളാബറേഷൻ വീഡിയോകളും പരസ്യങ്ങളുമൊക്കെ അരങ്ങ് വാഴുന്ന കാലമാണ്. സോഷ്യൽ മീഡിയയിൽ ധാരാളം ഫോളോവേഴ്സുള്ള പ്രമുഖരിൽ ചിലരൊക്കെ സൗജന്യമായി തങ്ങളുടെ പേജിലൂടെ മറ്റുള്ളവരുടെ ഉത്പന്നങ്ങളോ ചാനലുകളോ ഒക്കെ പ്രമോട്ട് ചെയ്ത് നൽകാറുണ്ട്. മറ്റു ചിലരാകട്ടെ അതിനൊക്കെ നല്ലപണവും വാങ്ങി പ്രമോട്ട് ചെയ്യും.
ഇപ്പോഴിതാ അത്തരമൊരു പ്രമോഷനുമായി ബന്ധപ്പെട്ടൊരു പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഒരു വധു തന്റെ കല്യാണത്തിന് ഫ്രീ ആയി മേക്കപ്പ് ചെയ്തു നൽകാമോ എന്ന് ചോദിച്ച് മേക്കപ്പ് ആർടിസ്റ്റായ നേഹയെ സമീപിച്ചു. എന്നാൽ നേഹ അതിനു തയാറായില്ല. ആദ്യം കേൾക്കുമ്പോൾ നമ്മളെല്ലാവരും കരുതും പാവപ്പെട്ട വീട്ടിലെ കുട്ടിയാണ് മേക്കപ്പിനു വേണ്ടി ബ്യൂട്ടീഷനായ നേഹയെ വിളിച്ചതെന്നല്ലേ? എന്നാൽ അങ്ങനെയല്ല,
ലോകം അറിയുന്ന ഡിസൈനറായ സബ്യസാച്ചിയുടെ പക്കൽനിന്ന് വില കൂടിയ വസ്ത്രങ്ങളും അതുപോലെതന്നെ വില കൂടിയ ആഭരണങ്ങളും ധരിച്ച തനിക്ക് ഫ്രീ ആയി മേക്കപ്പ് ചെയ്താൽ വെറുമൊരു മേക്കപ്പ് ആർടിസ്റ്റായ നേഹയ്ക്ക് അത് ഗുണം ചെയ്യും. കാരണം താൻ ലഹങ്കയൊക്കെ സബ്യസാച്ചിയുടെ സ്റ്റോറിൽ നിന്ന് വാങ്ങിയതിനാൽ കല്യാണ് ദിവസമെടുക്കുന്ന ചിത്രങ്ങൾ അവർ പങ്കുവയ്ക്കും. അപ്പോൾ നേഹ മേക്കപ്പ് ചെയ്താൽ നിങ്ങൾക്കും അതിന്റെ ഗുണങ്ങൾ ലഭിക്കുമെന്നു പറഞ്ഞാണ് നേഹയെ സമീപിച്ചത്.
എന്നാൽ യുവതിയുടെ ചിത്രം പങ്കുവച്ചുകൊണ്ട് നേഹ അതിനെതിരേ ശക്തമായി പ്രതികരിച്ചു. നിങ്ങളുടെ ഇരട്ടത്താപ്പ് എനിക്ക് മനസിലാകുന്നില്ല. എന്താനാണ് ഇത്തരത്തിൽ നിങ്ങൾ പെരുമാറുന്നത്. വില കൂടിയ വസ്ത്രങ്ങളും ആഭരണങ്ങളും വാങ്ങാൻ നിങ്ങൾക്ക് കാശ് ഉണ്ട്. എന്നാൽ മേക്കപ്പ് മാത്രം ഫ്രീ ആയി ലഭിക്കണമെന്ന് പറയുന്നതിനോട് തനിക്ക് ഒട്ടും യോജിപ്പില്ലന്ന് നേഹ പറഞ്ഞു.
യുവതിയുടെ പോസ്റ്റ് വൈറലായതോടെ നിരവധി ആളുകളാണ് കമന്റുമായി എത്തിയത്. സോഷ്യൽ മീഡിയയിൽ പരസ്യം ലഭിക്കുമെന്ന് വാഗ്ദാനം ചെയ്താൽ കലാകാരന്മാർ സൗജന്യമായി ജോലി ചെയ്യുമെന്നാണ് പലരും കരുതുന്നത്. അതിന് ഉത്തമ ഉദാഹരണമാണ് ഈ പോസ്റ്റ് എന്നാണ് മിക്കവരും പറഞ്ഞത്.