ഒരു മോട്ടോർ ബൈക്കിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണവിട്ട് മറിയുന്ന മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപറേഷൻ (MSRTC) ബസിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്.
ലാത്തൂരിലേക്ക് പോവുകയായിരുന്ന ബസാണ് ലാത്തൂർ-നാന്ദേഡ് ഹൈവേയിൽ വെച്ച് നിയന്ത്രണം നഷ്ടമായി മറിഞ്ഞുവീണത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
മാർച്ച് മൂന്നിനാണ് സംഭവം. @The Siasat Daily എന്ന എക്സ് അക്കൗണ്ട് പങ്കുവെച്ച വീഡിയോയിൽ എംഎസ്ആർടിസി ബസ് ഹൈവെയിലൂടെ അമിതവേഗതയിൽ സഞ്ചരിക്കുന്നതും ഒരു മോട്ടോർ ബൈക്കിനെ ഒരു ജംഗ്ഷനിൽ വെച്ച് മറികടക്കാൻ ശ്രമിക്കുന്നതുമാണ് കാണുന്നത്. എന്നാൽ ഓവർടേക്ക് ചെയ്യുന്നതിനിടെ ബസ് നിയന്ത്രണം വിട്ട് റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു.
അപകടത്തിൽ 37 പേർക്ക് പരിക്കേറ്റതായും നാല് പേരുടെ നില ഗുരുതരമാണെന്നും റിപ്പോർട്ടുണ്ട്. അപകടം നടന്നയുടനെ നാട്ടുകാർ പരിക്കേറ്റവരെ ലാത്തൂരിലെ വിലാസ്‌റാവു ദേശ്മുഖ് സർക്കാർ മെഡിക്കൽ കോളജിലും ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു.