Movie News

കമല്‍ഹാസന്റെ ക്ലാസ്സിക് മൂവി ‘ഗുണ’യുടെ റി- റിലീസിംഗ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി

ഇന്ത്യന്‍ സിനിമയില്‍ ഇതിഹാസ നടന്മാര്‍ക്കൊപ്പമാണ് നടന്‍ കമല്‍ഹാസന്റെ സ്ഥാനം. അനേകം ക്ലാസ്സിക് സിനിമകള്‍ ഒരുക്കിയിട്ടുള്ള അദ്ദേഹത്തിന്റെ ഗുണ സിനിമ അടുത്തകാലത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഇന്ത്യയില്‍ ഉടനീളം വന്‍ ഹിറ്റായി മാറിയ മലയാളസിനിമ ‘മഞ്ഞുമ്മല്‍ ബോയ്‌സി’ന്റെ വിജയമായിരുന്നു അതിന് കാരണമായി മാറിയത്. ഇളയരാജ സംഗീതം ചെയ്ത ‘കണ്‍മണി അന്‍പൊട്’ എന്ന ഗാനം സിനിമയില്‍ ഉപയോഗിക്കുകയും അത് വലിയ ട്രെന്റായി മാറുകയും ചെയ്തിരുന്നു.

സാമൂഹ്യമാധ്യമങ്ങളില്‍ പാട്ടു ഹിറ്റായതോടെ പടം വീണ്ടും റിലീസ് ചെയ്യാനുള്ള നീക്കത്തിലായിരുന്നു അണിയറക്കാര്‍. എന്നാല്‍ റി റിലീസിംഗ് മദ്രാസ് ഹൈക്കോടതി വിലക്കി. ഘനശ്യാം ഹംദേവ് എന്നയാളുടെ ഹര്‍ജിയിലാണ് നടപടി. താന്‍ സിനിമയുടെ കോപ്പിറൈറ്റ് വാങ്ങിയിട്ടുണ്ടെന്നാണ് ഇയാളുടെ അവകാശവാദം. ‘ഗുണ’ വീണ്ടും റിലീസ് ചെയ്യുന്നതില്‍ നിന്ന് പിരമിഡിനെയും എവര്‍ഗ്രീന്‍ മീഡിയയെയും സ്ഥിരമായി നിരോധിക്കണമെന്നും കമല്‍ഹാസന്‍ നായകനായ ചിത്രത്തിന്റെ പൂര്‍ണ ഉടമയായി തന്നെ പ്രഖ്യാപിക്കണമെന്നുമാണ് ഹര്‍ജിക്കാരന്റെ ആവശ്യം. ഘനശ്യാം ഹംദേവിന്റെ ഹര്‍ജിയില്‍ ജൂലൈ 22നകം മറുപടി നല്‍കണമെന്ന് പിരമിഡ്, എവര്‍ഗ്രീന്‍ മീഡിയ എന്നിവയോട് ജഡ്ജി ഉത്തരവിട്ടതോടെ ചിത്രത്തിന്റെ റീ റിലീസ് ഇടക്കാല നിരോധിച്ചു.

കേസ് തീര്‍പ്പാക്കുന്നതുവരെ ‘ഗുണ’ വീണ്ടും റിലീസ് ചെയ്യാനുള്ള സാധ്യത അനിശ്ചിതത്വത്തിലാണ്. 1991 ല്‍ സന്താന ഭാരതി സംവിധാനം ചെയ്ത സിനിമയില്‍ കമല്‍ഹാസന്‍, രേഖ, റോഷിനി എന്നിവരായിരുന്ന പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സൈക്കോളജിക്കല്‍ റൊമാന്റിക് ഡ്രാമ ഗണത്തില്‍ പെടുന്ന സിനിമ അന്ന് നിരൂപകരില്‍ നിന്ന് നല്ല അവലോകനങ്ങള്‍ നേടിയെടുത്തിരുന്നു. എന്നാല്‍ തീയേറ്ററുകളില്‍ വലിയ വാണിജ്യ വിജയം നേടുന്നതില്‍ പരാജയപ്പെട്ടിരുന്നു.