എഴുപതുകളുടെ പകുതി മുതല്‍ ടിക്കറ്റ് ജാലകത്തില്‍ ആധിപത്യം പുലര്‍ത്തുന്ന നിരവധി ബിഗ് ബജറ്റ് സിനിമകള്‍ തീയേറ്ററില്‍ എത്തിയിട്ടുണ്ട്. സ്റ്റാര്‍ വാര്‍സ്, ജാസ്, റൈഡേഴ്‌സ് ഓഫ് ദി ലോസ്റ്റ് ആര്‍ക്ക്, 80-കളുടെ തുടക്കം വരെ ബോക്സ് ഓഫീസ് ഭരിച്ചിരുന്നു. പിന്നെ, ചെറിയ ബഡ്ജറ്റില്‍ ഒരു കുട്ടികളുടെ സിനിമയുമായി ഒരു മഹാനായ സംവിധായകന്‍ അതിന്റെ ഫോര്‍മുല മാറ്റിമറിച്ചു.
1982 ല്‍ സ്റ്റീവന്‍ സ്പില്‍ബര്‍ഗ് സംവിധാനം ചെയ്ത ദി എക്‌സ്ട്രാ ടെറസ്ട്രിയല്‍ (ഇ.ടി.) ഭൂമിയില്‍ കുടുങ്ങിപ്പോയ ഒരു അന്യഗ്രഹ ജീവിയുമായി ഒരു അമേരിക്കന്‍ യുവാവിന്റെ അസാധാരണ സൗഹൃദത്തെക്കുറിച്ചായിരുന്നു പറഞ്ഞത്. സിനിമയുടെ ബജറ്റ് 10 ദശലക്ഷം ഡോളറായിരുന്നു. മൂന്ന് കുട്ടികള്‍ പ്രധാന വേഷങ്ങളില്‍ എത്തിയ ഇ.ടിയ്ക്കായി സ്പില്‍ബര്‍ഗ് ചെലവ് നന്നായി ചുരുക്കിയിരുന്നു.
സ്റ്റാര്‍വാര്‍സ് 2: ദി എംപറര്‍ സ്‌ട്രൈക്ക് ബിയ്ക്ക് 30 മില്യണ്‍ ഡോളര്‍ ആയിരുന്നു ബജറ്റ്. റൈഡേഴ്‌സ് ഓഫ് ദി ലോസ്റ്റ് ആര്‍ക്ക് 20 മില്യണ്‍ ഡോളറിലാണ് നിര്‍മ്മിച്ചത്. എന്നാല്‍ ഇടി ഒരു മഹത്തായ വിജയമായിരുന്നു. നോര്‍ത്ത് അമേരിക്കയില്‍ 300 മില്യണ്‍ ഡോളര്‍ നേടിയ ആദ്യ ചിത്രമായി ഇത് മാറി. വിദേശത്തും സിനിമ നന്നായി ഓടി. മൊത്തമായി സിനിമ 797 ദശലക്ഷം ഡോളറിലധികം നേടി. സ്റ്റാര്‍ വാര്‍സ് (775 ദശലക്ഷം ഡോളര്‍), ജാസ് (445 ദശലക്ഷം ഡോളര്‍), ദ ഗോഡ്ഫാദര്‍ (287 ദശലക്ഷം ഡോളര്‍) എന്നിവയെയാണ് പിന്തള്ളിയത്.
ലോകമെമ്പാടുമുള്ള ബോക്സ് ഓഫീസില്‍ ഇടി ഏകദേശം 800 മില്യണ്‍ ഡോളറിലെത്തി. 1993-ല്‍ മറ്റൊരു സ്പില്‍ബെര്‍ഗ് ചിത്രമായ ജുറാസിക് പാര്‍ക്ക് 912 മില്യണ്‍ ഡോളറുമായി അതിനെ അധികാരഭ്രഷ്ടനാക്കുന്നതുവരെ ഒരു ദശാബ്ദക്കാലം ലോകത്തിലെ ഏറ്റവും കൂടുതല്‍ വരുമാനം നേടിയ ചിത്രമെന്ന റെക്കോര്‍ഡ് ഇ.ടി. നിലനിര്‍ത്തി. 11 വയസ്സുള്ള ഹെന്റി തോമസ്, 15 വയസ്സുള്ള റോബര്‍ട്ട് മക്‌നൗട്ടണ്‍, 7 വയസ്സുള്ള ഡ്രൂ ബാരിമോര്‍ എന്നിവര്‍ അഭിനയിച്ച, ഇടി ദ എക്‌സ്ട്രാ ടെറസ്ട്രിയല്‍ എഴുതിയത് മെലിസ മാറ്റിസണ്‍ ആയിരുന്നു. 55-ാമത് അക്കാദമി അവാര്‍ഡില്‍, ഇത് 9 നോമിനേഷനുകള്‍ നേടി, 4 ഓസ്‌കറുകള്‍ നേടി.