Featured Oddly News

വീശിയടിച്ച് രഗാസ; ചൈനയിൽ ഒരൊറ്റ മഴയിൽ മീനുകള്‍ റോഡിലേക്ക്: വാരിക്കൂട്ടി ജനം- വീഡിയോ

തെക്കന്‍ ചൈനയിലും ഹോങ്കോങ്ങിലും കനത്ത മഴയും ശക്തമായ കാറ്റും കൊണ്ട് സൂപ്പര്‍ ടൈഫൂണ്‍ റാഗസ ആഞ്ഞടിച്ചപ്പോള്‍, മക്കാവുവിലെ ജനതയ്ക്ക് തങ്ങള്‍ താമസിക്കുന്ന തെരുവില്‍ തന്നെ ഫിഷിംഗും നടത്താനായി. പ്രളയത്തിന്റെ ഭാഗമായി നഗരത്തിലെ റോഡില്‍ കയറിയ വെള്ളക്കെട്ടിലൂടെ മത്സ്യങ്ങള്‍ നീന്തിനടക്കുന്ന സാഹചര്യം ഉണ്ടായതോടെ നാട്ടുകാര്‍ക്ക് അക്ഷരാര്‍ത്ഥത്തില്‍ ചാകര അടിച്ചുകയറിയിരിക്കുകയാണ്.

കിലോക്കണക്കിന് തൂക്കമുള്ള മത്സ്യങ്ങളെയാണ് നാട്ടുകാര്‍ തെരുവില്‍ നിന്നും പിടികൂടിയത്. പലരും അതിനെ കയ്യില്‍ വെച്ച് സെല്‍ഫിയും വീഡിയോകളും സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരിക്കുകയുമാണ്. വെള്ളപ്പൊക്കമുള്ള തെരുവുകളിലൂടെ മത്സ്യങ്ങള്‍ നീന്തി. മത്സ്യങ്ങളെ പിടിക്കാന്‍ ശ്രമിക്കുന്ന, വലകളും പ്ലാസ്റ്റിക് ബാഗുകളുമായി മുട്ടോളം വെള്ളത്തി ലൂടെ നാട്ടുകാര്‍ നടക്കുന്ന ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

ഈ വർഷത്തെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റുകളിലൊന്നാണ് രഗാസ. ഫിലിപ്പീൻസിൽ നാശം വിതച്ചശേഷമാണ് രഗാസ ചൈനയിൽ ആഞ്ഞടിച്ചത്. തായ്‌വാനിൽ മാത്രം 17പേരാണ് മരിച്ചത്. ഹുവാലിയൻ മേഖലയിലാണ് ഏറ്റവും കൂടുതൽ നാശം വിതച്ചത്. മണിക്കൂറിൽ 195 കിലോമീറ്റർ വേഗത്തിലാണ് ഹോങ്കോങ്ങിൽ ചുഴലിക്കാറ്റ് വീശിയത്.

ഇത് മക്കാവുവില്‍ മാത്രം ഒതുങ്ങി നിന്നില്ല. തെക്കുകിഴക്കന്‍ ചൈനയിലെ ഫുജിയാന്‍ പ്രവിശ്യയിലെ ഷാങ്ഷൗവില്‍ നിന്നുള്ള വീഡിയോയും ഷാങ്ഹായ് ഡെയ്ലി പോസ്റ്റ് ചെയ്തു. വേലിയേറ്റം കുറഞ്ഞതിനുശേഷം മുത്തുച്ചിപ്പികള്‍ ശേഖരിക്കാന്‍ ആളുകള്‍ ഓടുന്നത് അതില്‍ കാണിച്ചു.

അപ്രതീക്ഷിതയുണ്ടായ മീന്‍ പിടുത്തത്തിന്റെ ആവേശം ഓണ്‍ലൈന്‍ പ്രതികരണങ്ങളുടെ തരംഗത്തിന് കാരണമായി. ഒരു ഉപയോക്താവ് എഴുതി: ”മക്കാവു തെരുവുകളില്‍ വെള്ളം കയറി, നഗരത്തിലുടനീളം ഒരു അക്വേറിയം പോലെ ആളുകള്‍ മീന്‍ പിടിക്കുന്നു. ടൈഫൂണ്‍ റാഗസ മഴ പെയ്യിക്കുക മാത്രമല്ല, അത്താഴ പദ്ധതികളും കൊണ്ടുവന്നു.