Featured Good News

പരിശോധനയ്ക്ക് മുമ്പ് യജമാനത്തിയുടെ കാന്‍സര്‍ നായ കണ്ടെത്തി…! നായ്ക്കള്‍ക്ക് ആറാമിന്ദ്രിയം ഉണ്ടോ?

യജമാനത്തിയുടെ കാന്‍സര്‍ബാധ ആശുപത്രിയില്‍ പരിശോധന നടത്തുന്നതിന് മുമ്പ് തന്നെ തിരിച്ചറിഞ്ഞ് വളര്‍ത്തുനായ. പെന്‍സില്‍വാനിയയില്‍ നടന്ന സംഭവത്തില്‍ 31 വയസ്സുള്ള ബ്രീന ബോര്‍ട്ട്‌നറെയാണ് വളര്‍ത്തുനായ മോച്ചിയുടെ ആറാമിന്ദ്രിയം രക്ഷിച്ചത്. 2023 ജൂണില്‍ ‘മോച്ചി’യുടെ അസാധാരണ പെരുമാറ്റമായിരുന്നു ആശുപത്രിയില്‍ പോകാനും പരിശോധന നടത്താനും കാരണമായതെന്ന് അവര്‍ പറഞ്ഞു.

സാധാരണയായി വാത്സല്യമുള്ള നായ തന്റെ വലതു മാറിടത്തോട് അമിതമായി ആസക്തി കാട്ടുന്നതായി അവര്‍ക്ക് തോന്നി. നിരന്തരം മണം പിടിക്കുകയും കൈകാലുകള്‍ നീട്ടി, ആ ഭാഗത്ത് അമര്‍ത്തുകയും ചെയ്തു. തന്റെ നായയ്ക്ക് പിന്നാലെ സഹോദരിയുടെ നായ ഗണ്ണറും സമാന പെരുമാറ്റം പ്രകടിപ്പിച്ചതോടെ ബ്രീനയ്ക്ക് ആശങ്ക കൂടി. ഗന്ധം വഴി നായ്ക്കള്‍ കാന്‍സര്‍ കണ്ടെത്താന്‍ കഴിയുമെന്ന കഥകള്‍ നേരത്തേ തന്നെ അറിഞ്ഞിട്ടുള്ളതിനാല്‍ പരിശോധിക്കാന്‍ തീരുമാനിക്കുകയും ഹോസ്പിറ്റിലില്‍ പോകുകയുമായിരുന്നു.

ഒരുവര്‍ഷമായി ബോര്‍ട്ട്‌നറിന് ക്ഷീണം ഉണ്ടായിരുന്നു. പക്ഷേ ഗുരുതരമായി സംശയിക്കാന്‍ തക്ക കാരണങ്ങളില്ലായിരുന്നു. എന്നിരുന്നാലും, അവളുടെ സ്തനത്തിന് സമീപം കൊതുക് കടിച്ചപ്പോള്‍ അവള്‍ ഒരു മുഴ കണ്ടെത്തി. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം, ഡോക്ടര്‍മാര്‍ അവള്‍ക്ക് സ്റ്റേജ് 2ആ ട്രിപ്പിള്‍-നെഗറ്റീവ് ഇന്‍വേസീവ് ഡക്റ്റല്‍ കാര്‍സിനോമ ഉണ്ടെന്ന് കണ്ടെത്തി. സാധാരണ ഹോര്‍മോണ്‍ ചികിത്സകളോട് പ്രതികരിക്കാത്ത സ്തനാര്‍ബുദത്തിന്റെ ഒരു ആക്രമണാത്മക രൂപമാണ് ഇത്. മൂന്ന് മാസത്തിനുള്ളില്‍ അത് മുഴയായി മാറി.

രോഗനിര്‍ണയത്തിനുശേഷം, ബോര്‍ട്ട്‌നര്‍ 16 റൗണ്ട് കീമോതെറാപ്പിയും ഇരട്ട മാസ്റ്റെക്ടമിയും നടത്തി. ചികിത്സയിലുടനീളം, മോച്ചി അവളുടെ അരികില്‍ തന്നെ തുടര്‍ന്നു, വൈകാരിക പിന്തുണ നല്‍കി. കഴിഞ്ഞ വസന്തകാലത്ത്, ബോര്‍ട്ട്‌നറിന് അവള്‍ പ്രതീക്ഷിച്ച വാര്‍ത്ത ലഭിച്ചു – അവള്‍ കാന്‍സര്‍ മുക്തയായി. തുടക്കത്തില്‍ ഉണ്ടായിരുന്നതുപോലെ, അവളോടൊപ്പം രോഗശാന്തി ആഘോഷിക്കാനും മോച്ചി ഉണ്ടായിരുന്നു.

ശാസ്ത്രീയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത് നായ്ക്കള്‍ക്ക് ശ്രദ്ധേയമായ കൃത്യതയോടെ കാന്‍സര്‍ കണ്ടെത്താനാകുമെന്നാണ്, ഇത് പലപ്പോഴും സയന്‍സ് ഫിക്ഷനില്‍ ആറാം ഇന്ദ്രിയമായി ചിത്രീകരിക്കപ്പെടുന്നതിന് സമാനമാണ്. പരിശീലനം ലഭിച്ച നായ്ക്കള്‍ക്ക് കാന്‍സര്‍ രോഗികളില്‍ നിന്നുള്ള രക്തസാമ്പിളുകള്‍ 97% കൃത്യതയോടെ തിരിച്ചറിയാന്‍ കഴിയുമെന്ന് 2019 ലെ ഒരു പഠനം കണ്ടെത്തിയിരുന്നു.

മറ്റ് ഗവേഷണങ്ങള്‍ കാണിക്കുന്നത് നായ്ക്കള്‍ക്ക് പ്രോസ്റ്റേറ്റ്, സ്തനാര്‍ബുദം, സെര്‍വിക്കല്‍, ശ്വാസകോശ അര്‍ബുദം എന്നിവയുള്‍പ്പെടെ വിവിധ അര്‍ബുദങ്ങള്‍ ചിലപ്പോള്‍ പരമ്പരാഗത മെഡിക്കല്‍ പരിശോധനകളേക്കാള്‍ നേരത്തെ കണ്ടെത്താനാകുമെന്നാണ്.

Leave a Reply

Your email address will not be published. Required fields are marked *