കന്നഡ ചലച്ചിത്ര വ്യവസായം നിശ്ശബ്ദമായി ആഗോള ചരിത്രം സൃഷ്ടിക്കാനൊ രുങ്ങുകയാണ്. ഒരു മനുഷ്യന്‍ പോലും അഭിനയിക്കാത്ത ആദ്യത്തെ മുഴുനീള സിനിമയുമായി എത്തുകയാണ് സാന്‍ഡല്‍വുഡ്. പൂര്‍ണമായും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) ഉപയോഗിച്ച് നിര്‍മ്മിച്ച ലോകത്തിലെ ആദ്യത്തെ മുഴുനീള സിനിമയായ ‘ലവ് യു’ എന്ന പരീക്ഷണവുമായിട്ടാണ് അവരെത്തുന്നത്.
വെറും 10 ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിച്ച ഈ ചിത്രം ഒരു സിനിമാ പരീക്ഷണം മാത്രമല്ല. അത് ചലച്ചിത്രനിര്‍മ്മാണത്തിന്റെ ഭാവിയിലേക്കുള്ള ഒരു നേര്‍ക്കാഴ്ചയാണ്. അഭിനേതാക്കളില്ല, സംഗീതജ്ഞരില്ല, ക്യാമറാമാന്‍മാരില്ല. വെറും രണ്ട് പേരും കുറേ കോഡുകളുമായി നരസിംഹ മൂര്‍ത്തി സംവിധാനം ചെയ്യുകയും നിര്‍മ്മിക്കുകയും ചെയ്യുന്ന സിനിമ പ്രേക്ഷകരെ തേടിയെത്താനൊരുങ്ങുകയാണ്. 95 മിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു റൊമാന്റിക് നാടകമാണ് ‘ലവ് യു’.
ബെംഗളൂരുവിലെ ബഗലഗുണ്ടെ ആഞ്ജനേയ ക്ഷേത്രത്തില്‍ സേവനം അനുഷ്ഠിക്കുന്ന ക്ഷേത്ര പൂജാരി കൂടിയായ മൂര്‍ത്തി സിനിമാ ലോകത്തിന് പുതിയ ആളല്ല. അദ്ദേഹത്തിന്റെ പേരില്‍ രണ്ട് സംവിധായക ക്രെഡിറ്റുകള്‍ ഉണ്ട്. എല്‍എല്‍ബി ബിരുദധാരിയായ മൂര്‍ത്തി കന്നഡ ചലച്ചിത്രമേഖലയില്‍ അസിസ്റ്റന്റ് ഡയറക്ടറായും എഡിറ്ററായും 10 വര്‍ഷത്തിലേറെ പരിചയമുള്ളയാളാണ്. എല്ലാ സാങ്കേതിക ഘടകങ്ങളുടെയും ചുമതല ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനാണ്. കഥാപാത്ര ആനിമേഷന്‍, ക്യാമറ ചലനങ്ങള്‍, ലിപ്-സിങ്ക്, സംഗീത രചന, പശ്ചാത്തല സ്‌കോര്‍, വൈകാരിക സ്പന്ദനങ്ങള്‍ പോലും – എല്ലാം എഐ സൃഷ്ടിച്ചതാണ്.
സിനിമയില്‍ 12 ഒറിജിനല്‍ ഗാനങ്ങളുണ്ട്. അതെ, എല്ലാം എഐ രചിച്ചതാണ് – കൂടാതെ സംഭാഷണങ്ങള്‍, മനോഹരമായ സംക്രമണങ്ങള്‍, ഇമോഷണല്‍ ആര്‍ക്കുകള്‍ എന്നിവയോടുകൂടിയ പൂര്‍ണ്ണമായ ആഖ്യാനവും. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ (സിബിഎഫ്സി) ഔദ്യോഗികമായി ‘ലവ് യു’ എന്ന ചിത്രത്തിന് യു/എ സര്‍ട്ടിഫിക്കറ്റ് നല്‍കി. ഇത് ഇന്ത്യയില്‍ തിയേറ്റര്‍ റിലീസിന് അംഗീകാരം ലഭിച്ച ആദ്യത്തെ എഐ നിര്‍മ്മിത ചിത്രമായി മാറി.