Featured Health

ഗ്രിൽഡ് ചിക്കൻ കഴിക്കുന്നതൊക്കെ കൊള്ളാം, പക്ഷേ ഒരു പ്രശ്നമുണ്ട്….

റെഡ് മീറ്റ് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കും എന്ന് അറിയാവുന്നതുകൊണ്ട് ചിക്കൻ വിഭവങ്ങളിൽ പലർക്കും പ്രിയപ്പെട്ടവയാണ്. ചിക്കൻ ടിക്കയും തന്തൂരി ചിക്കനുമൊക്കെ നാം കഴിക്കുന്നത് ​എണ്ണയിൽ വറുത്തെടുക്കാത്തതുകൊണ്ട് ഇവ ആരോ​ഗ്യപ്രദമാണെന്ന് കരുതിയാണ്. എന്നാൽ, ഒരു പ്രശ്നമുണ്ട്. ശരിയായ രീതിയിലല്ല പാകം ചെയ്യുന്നതെങ്കിൽ ഗുണത്തേക്കാളേറെ ദോഷമേറെയാണെന്ന് പറയുകയാണ് ഹൈദരാബാദിൽ നിന്നുള്ള പ്രശസ്ത ന്യൂറോളജിസ്റ്റ് ആയ ഡോ.സുധീർ കുമാർ.

ഗ്രിൽഡ് ചിക്കൻ വിഭവങ്ങൾ കൂടിയ ചൂടിൽ വേവിക്കുന്നതും അടിക്കടി കഴിക്കുന്നതുമൊക്കെ ആരോ​ഗ്യത്തിന് ഹാനികരമാണെന്ന് പറയുകയാണ് സുധീർ കുമാർ. ​ഗ്രില്ലിങ്, റോസ്റ്റിങ് പോലെ ഉയർന്ന താപനിലയിൽ ഇറച്ചി വേവിക്കുമ്പോള്‍ ഹെറ്റെറോസൈക്ലിക് അമിനെസ്(HCAS) പോളിസൈക്ലിക് അരോമാറ്റിക് ഹൈഡ്രോകാർബൺസ്(PAHS) എന്നീ ശരീരത്തിന് ഹാനികരമായ സംയുക്തങ്ങൾ രൂപപ്പെടും. ഉയർന്ന താപനിലയിൽ വേവിക്കുമ്പോൾ ഇറച്ചിയിലെ അമിനോ ആസിഡുകളും ക്രിയാറ്റിനും പ്രതിപ്രവർത്തിക്കുമ്പോഴാണ് ഈ കെമിക്കലുകൾ രൂപപ്പെടുന്നത്. ഇവ രണ്ടും മലാശയ അർബുദം, പാൻക്രിയാറ്റിക് കാൻസർ, പ്രോസ്റ്റേറ്റ് കാൻസർ എന്നിവയുടെ സാധ്യത വർധിപ്പിക്കുന്നുണ്ടെന്നും ഡോ. സുധീർ കുമാർ പറയുന്നു.

ഇത്തരം ചിക്കൻ വിഭവങ്ങളിൽ ആളുകൾക്ക് ഇഷ്ടമുള്ള കറുത്തതും രുചിയേറിയതുമായ ഭാ​ഗങ്ങൾ അപകടസാധ്യത വീണ്ടും കൂട്ടുകയാണെന്നും അദ്ദേഹം പറയുന്നു. അമിതമായി മാരിനേറ്റ് ചെയ്ത, റെസ്റ്ററന്റ് ശൈലിയിലുള്ള ​ഗ്രിൽ‍‍ഡ് ചിക്കനാണ് തയ്യാറാക്കുന്നതെങ്കിൽ പൂരിതകൊഴുപ്പും സോഡിയവും അധിക അളവിൽ ശരീരത്തിലെത്താൻ കാരണമാകും. അത് ഹൃദ്രോ​ഗങ്ങൾക്കും കൊളസ്ട്രോൾ നില ഉയരാനും വണ്ണംവെക്കാനും രക്തസമ്മർദം കുടാനും കാരണമാകും.

ചിക്കൻ അമിതമായി വേവിക്കുന്നതും വേണ്ടത്ര വേവിക്കാത്തതും പ്രശ്നമാണെന്ന് അദ്ദേഹം പറയുന്നു. ചിക്കൻ വേണ്ടത്ര നന്നായി വേവിച്ചില്ലെങ്കിൽ സാൽമോണെല്ല, കാംപിലോബാക്റ്റർ തുടങ്ങിയ ബാക്ടീരിയകൾ പെരുകാനും ഭക്ഷ്യവിഷബാധയ്ക്കും കാരണമാകും.

ഇത്രയും കേൾക്കുമ്പോൾ ​ഗ്രിൽഡ് ചിക്കൻ പാടേ ഉപേക്ഷിക്കണമെന്നാണ് ഡ‍ോ. സുധീർ കുമാർ പറയുന്നതെന്ന് കരുതരുത്. സുരക്ഷിതമായ രീതിയിൽ ഇവ കഴിക്കാനുള്ള വഴിയും അദ്ദേഹം പറയുന്നുണ്ട്. 75 ഡി​ഗ്രി സെൽഷ്യസ് താപനിലയിൽ വേവിക്കുക, കരിയാതിരിക്കാൻ നേരിട്ട് ചൂടേൽക്കുന്ന രീതി ഒഴിവാക്കുക, അമിതമായ കാെഴുപ്പ് നീക്കംചെയ്യുക, കലോറിയും കൊഴുപ്പും കുറയ്ക്കണമെങ്കിൽ തൊലി നീക്കം ചെയ്യുക തുടങ്ങിയവ ​ഗുണംചെയ്യുമെന്നാണ് ഡോ.സുധീർ കുമാർ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *