Featured Good News

150 കി.മീ. അകലെ നഷ്ടപ്പെട്ടു; വളര്‍ത്തുനായയുടെ തിരിച്ചുവരവ് സദ്യ നടത്തി ആഘോഷിച്ച് കുടുംബം

മിക്കവര്‍ക്കും ഇണക്കിവളര്‍ത്തുന്ന വളര്‍ത്തുനായ കുടുംബാംഗം തന്നെയാണ്. അതിന്റെ വേര്‍പാടും പലായനവുമൊക്കെ ഏറെ ദു:ഖിപ്പിക്കും. 150 കിലോമീറ്റര്‍ അകലെ മറ്റൊരു സംസ്ഥാനത്ത് നഷ്ടപ്പെട്ടെന്ന് കരുതിയ പ്രിയപ്പെട്ട നായയുടെ വീട്ടിലേക്കുള്ള തിരിച്ചുവരവ് കുടുംബം നാട്ടുകാര്‍ക്ക് വിരുന്നുകൊടുത്തു ആഘോഷിച്ചു. കര്‍ണാടകയിലെ യമഗര്‍ണി ഗ്രാമമാണ് വിചിത്ര കാഴ്ചയ്ക്ക് സാക്ഷ്യം വഹിച്ചത്.

കര്‍ണാടക്കാരനായ കമലേഷ് കുംഭറാണ് നായയുടെ തിരിച്ചുവരവ് ആഘോഷിച്ചത്. മഹാരാഷ്ട്രയിലേക്ക് ഇയാള്‍ നടത്തിയ തീര്‍ത്ഥാടന യാത്രയില്‍ ഒപ്പം പോകുകയും കാണാതാകുകയും ചെയ്ത പ്രിയപ്പെട്ട മഹാരാജ് എന്ന നായയുടെ തിരിച്ചുവരവാണ് കുടുംബം നാട്ടുകാര്‍ക്ക് വിരുന്ന് കൊടുത്ത് ആഘോഷിച്ചത്. കറുത്ത നായയുടെ തിരിച്ചുവരവ് ആഹ്ലാദഭരിതരായ ജനക്കൂട്ടം മാലയിട്ടാണ് സ്വീകരിച്ചത്. തെരുവുകളിലൂടെ സ്വീകരിച്ചു കൊണ്ടുപോവുകയും നാട്ടുകാര്‍ക്ക് കുംഭര്‍ സദ്യ കൊടുക്കുകയും ചെയ്തു. മഹാരാഷ്ട്രയിലേക്കുള്ള ഒരു തീര്‍ത്ഥാടന യാത്രയ്ക്കിടയിലാണ് കുംഭറിന് മഹാരാജിന് നഷ്ടമായി പോയത്. പക്ഷേ കടന്നുപോയ വഴികള്‍ കൃത്യമായി ഓര്‍മ്മിച്ച് 150 മൈലുകള്‍ തനിയെ സഞ്ചരിച്ച് നായ തന്റെ യജമാനന്റെ വീട്ടിലേക്ക് മടങ്ങി വരികയായിരുന്നു.

ജൂണ്‍ അവസാനവാരമായിരുന്നു മഹാരാജ് അതിന്റെ ഉടമ കമലേഷ് കുംഭറിനൊപ്പം തീര്‍ത്ഥാടനത്തിന് പോയത്. എല്ലാ വര്‍ഷവും ജൂലായ്, ഓഗസ്റ്റ് മാസങ്ങളിലെ ഹിന്ദു പുണ്യദിനങ്ങളില്‍ താന്‍ പണ്ഡര്‍പൂര്‍ എന്ന പുണ്യസ്ഥലം സന്ദര്‍ശിക്കാറുണ്ടെന്ന് കുംഭര്‍ വാര്‍ത്താ മാധ്യമങ്ങളോട് പറഞ്ഞു. ഭക്തിഗാനം കേള്‍ക്കുന്നത് മഹാരാജ് എപ്പോഴും ഇഷ്ടപ്പെടുന്നു. ഒരിക്കല്‍, മഹാബലേശ്വറിനടുത്തുള്ള ജ്യോതിബ ക്ഷേത്രത്തിലേക്കുള്ള പദയാത്രയില്‍ മഹാരാജ് തനിക്കൊപ്പം ഉണ്ടായിരുന്നു. 150 മൈലുകളോളം, ഈ പാട്ടുകള്‍ ഉരുവിട്ടുകൊണ്ട് ഒരു കൂട്ടം സുഹൃത്തുക്കളോടൊപ്പം നടന്ന മാസ്റ്ററെ നായ പിന്തുടര്‍ന്നു. എന്നാല്‍ തന്റെ ഭക്തിഗാനങ്ങളുടെ ഒരു പ്രത്യേക ഘട്ടത്തില്‍, നായയെ കാണാതായതായി.

അന്വേഷിച്ച് ചെന്നപ്പോള്‍ നായ മറ്റൊരു കൂട്ടത്തോടൊപ്പം പോയി എന്ന് ആള്‍ക്കാര്‍ പറഞ്ഞു. എല്ലായിടത്തും തിരഞ്ഞെങ്കിലും കണ്ടെത്താന്‍ കഴിയാതെ വന്നതോടെ അവന്‍ മറ്റാര്‍ക്കെങ്കിലും ഒപ്പം പോയി എന്ന് വിചാരിക്കുകയും ജൂലൈ 14 ന് നാട്ടിലേക്ക് മടങ്ങുകയും ചെയ്തു. എന്നാല്‍ അടുത്ത ദിവസം രാവിലെ യജമാനന്‍ നോക്കുമ്പോള്‍ ഒന്നും സംഭവിച്ചെന്ന മട്ടില്‍ വാല്‍ കുലുക്കി അവന്‍ വീടിന്റെ മുന്നില്‍ നില്‍ക്കുന്നു. ഒരു കുഴപ്പവുമില്ലാതെ അവന്‍ ഭക്ഷണം കഴിക്കുകയും പൂര്‍ണ്ണാരോഗ്യവാനായി ഇരിക്കുകയും ചെയ്യുന്നു.

അതിന്റെ സന്തോഷത്തിലാണ് താനും ഗ്രാമവാസികളും മഹാരാജിന്റെ മടങ്ങിവരവ് ആഘോഷിക്കാന്‍ തീരുമാനിച്ചതെന്നും വിരുന്നു സല്‍ക്കാരം നടത്തിയതെന്നും കുംഭര്‍ പറഞ്ഞു. വീട്ടില്‍ നിന്ന് 250 കിലോമീറ്ററോ അതില്‍ കൂടുതലോ അകലെയാണെങ്കിലും നായയ്ക്ക് അതിന്റെ വഴി കണ്ടെത്താന്‍ കഴിയുന്നത് അത്തരമൊരു അത്ഭുതമാണ്. അവനെ നയിച്ചത് പാണ്ഡുരംഗ പ്രഭുവാണെന്ന് കരുതുന്നെന്നാണ് കുംഭര്‍ പറയുന്നത്.