Oddly News

എല്ലാ മാസവും ഭീമമായ വൈദ്യുതി ബില്‍; കാരണം കണ്ടെത്തിയത് 15 വര്‍ഷത്തിനുശേഷം, ഞെട്ടലില്‍ ഉപഭോക്താവ്

അമേരിക്കക്കാരനായ കെന്‍ വില്‍സണ്‍ 2006ല്‍ വക്കവില്ലില്‍ സ്ഥിതിചെയ്യുന്ന ഒരു അപ്പാര്‍ട്ട്മെന്റിലേക്ക് താമസം മാറി. അന്ന് മുതല്‍ ഇയാള്‍ ഒറ്റക്കാണ് താമസിക്കുന്നത്. എന്നാല്‍ കുറച്ച് നാളുകള്‍ക്ക് ശേഷമാണ് തന്റെ ഉപയോഗത്തിനെക്കാള്‍ അധികമാണ് വൈദ്യുതി ബില്‍ എന്ന് സത്യം കെനിന്റെ ശ്രദ്ധയില്‍പ്പെടുന്നത്. ബില്‍ തുക അസാധാരണമായ രീതിയില്‍ അധികമാണെന്ന് തെളിഞ്ഞതിന് പിന്നാലെ കെന്‍ കാരണം അന്വേഷിച്ചിറങ്ങി. ഒടുവിലാണ് തന്റെ അയല്‍ക്കാരന്റെ ബില്‍ കൂടി കഴിഞ്ഞ 15 വര്‍ഷമായി താന്‍ അടച്ചുകൊണ്ടിരിക്കുകയാണെന്ന് കെനിന് മനസ്സിലാകുന്നത്.

പസഫിക് ഗ്യാസ് ആന്‍ഡ് ഇലക്ട്രിക് എന്ന കമ്പനിയുടെ ഉപഭോക്താവാണ് കെന്‍. നാളുകള്‍ കഴിയും തോറും ബില്‍ കൂടി വന്നതോടെ സ്വന്തം ഉപഭോഗം കുറയ്ക്കാനായി എല്ലാവിധത്തിലുള്ള മാര്‍ഗങ്ങളും കെന്‍ സ്വീകരിച്ചു. വീട്ടിലെ ഒരോ ഇലക്ട്രിക് ഉപകരണത്തിന്റെയും വൈദ്യുതി ഉപഭോഗം എത്രയാണെന്ന് ട്രാക്ക് ചെയ്യുന്നതിനായി പ്രത്യേക ഉപകരണം വരെ അദ്ദേഹം വാങ്ങി സ്ഥാപിച്ചു.
ഉപകരണങ്ങള്‍ എല്ലാം നിര്‍ത്തിയതിന് ശേഷവും മീറ്റര്‍ പ്രവര്‍ത്തിക്കുന്നതായി അദ്ദേഹം കണ്ടെത്തി. ഇതിനെ തുടര്‍ന്ന് വൈദ്യുതി കമ്പനിയെ വിവരമറിയിക്കുകയായിരുന്നു.

കമ്പനിയുടെ പ്രതിനിധി വീട്ടിലെ ത്തി പരിശോധിക്കുമ്പോഴാണ് അയല്‍ക്കാരന്റെ വൈദ്യുതി ചാര്‍ജ് കൂടി കെന്‍ അടയ്ക്കുന്നതായി കെനിന് മനസ്സിലായത്. പിന്നീട് വൈദ്യുതി കമ്പനി നടത്തിയ അന്വേഷണത്തില്‍ കെന്നിന്റെ അയല്‍ക്കാരന്റെ മീറ്റര്‍ നമ്പര്‍ പ്രകാരമുള്ള ബില്‍ 2009 മുതല്‍ മറ്റൊരു അപ്പാര്‍ട്ട്മെന്റിലേക്ക് പോകുന്നതെന്ന് സ്ഥിരീകരിച്ചു. കെനിന് ഇക്കാലമത്രയും ഉണ്ടായ ബുദ്ധിമുട്ടിന് ക്ഷമ ചോദിക്കുന്നതായി കമ്പനി അറിയിച്ചു.ഇത്രയും കാലം അയല്‍ക്കാരന് നല്‍കിയിരുന്ന ബില്‍ തുക എത്രയായിരുന്നു എന്നതും കെന്നിന് നഷ്ടപരിഹാരം ലഭിക്കുമോ എന്നതിനും വ്യക്തതയില്ല.