Fitness

58-ാം വയസ്സിലും അതിശയിപ്പിക്കുന്ന മെയ്‌വഴക്കം; യോഗാ ചിത്രവുമായി ലിസി

രാജ്യാന്തര യോഗാദിനത്തില്‍ തന്റെ യോഗാഭ്യാസ ചിത്രം പങ്കുവച്ച് മലയാളിയുടെ പ്രിയ നടി ലിസി. യോഗ നിങ്ങളുടെ ജീവിതം മാറ്റിമറിക്കുകയും ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുമെന്ന് ലിസി പറയുന്നു. അമ്പത്തിയെട്ടാം വയസ്സിലും വയസ്സിലും ഞെട്ടിക്കുന്ന മെയ്‌വഴക്കമാണ് താരത്തിന് എന്നാണ് ആരാധകരുടെ കമന്റുകൾ. ഇന്‍സ്റ്റഗ്രാമില്‍ സജീവമായ ലിസിയുടെ പുതിയ പോസ്റ്റാണ് ഇപ്പോള്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത്.

അഭിനയരംഗത്ത് ഇപ്പോള്‍ സജീവമല്ലെങ്കിലും ഫിറ്റ്‌നസില്‍ അതീവ ശ്രദ്ധ ചെലുത്തുന്ന താരമാണ് ലിസി. തന്റെ ഫിറ്റ്നസ് ചിത്രങ്ങളും വിഡിയോയും സമൂഹ മാധ്യമങ്ങളിലൂടെ താരം പങ്കുവയ്ക്കാറുമുണ്ട്. ചെന്നൈയില്‍ താമസിക്കുന്ന ലിസി എണ്‍പതുകളിലെ സൂപ്പര്‍ നായികയായിരുന്നു. ചെന്നൈയിൽ അത്യാധുനിക സൗകര്യമുള്ള ഡബ്ബിങ് സ്റ്റുഡിയോ നടത്തുകയാണ് താരം ഇപ്പോൾ.

മലയാളത്തിനു പുറമേ തമിഴിലും തെലുങ്കിലും അഭിനയിച്ച ലിസി ‘ ഇത്തിരി നേരം ഒത്തിരി കാര്യം’ എന്ന സിനിമയിലൂടെയാണ് മലയാളത്തിലേക്ക് എത്തുന്നത്. പിന്നീട് ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച് താരം മലയാളികള്‍ക്ക് പ്രിയങ്കരിയായി. കരിയറിലെ തിരക്കേറിയ സമയത്താണ് ലിസി സംവിധായകന്‍ പ്രിയദര്‍ശനെ വിവാഹം ചെയ്യുന്നത്. ഇന്ന് അമ്മയുടെ പാത പിന്തുടര്‍ന്ന് മകള്‍ കല്യാണി പ്രിയദര്‍ശന്‍ അഭിനയ രംഗത്തുണ്ട്.