ഇന്റര്‍മിയായിയും ക്ലബ്ബ് ലോകകപ്പ് വിവാദവുമൊക്കെയായി അര്‍ജന്റീനയുടെ ഇതിഹാസ ഫുട്‌ബോള്‍താരം ലിയോണേല്‍ മെസ്സി അമേരിക്കന്‍ മേജര്‍ ലീഗ് സോക്കര്‍ വിട്ടേക്കുമെന്ന് സൂചന. എംഎല്‍എസ് പ്ലേ ഓഫില്‍ നിന്ന് നേരത്തേ തന്നെ മെസ്സിയുടെ ടീം പുറത്താകുകയും ചെയ്തിരുന്നു. ഇതിന് പുറമേ യോഗ്യതാ പ്രക്രിയകളെ പരിഗണിക്കാതെ ഇന്റര്‍ മിയാമിക്ക് ടൂര്‍ണമെന്റില്‍ ഒരു സ്ഥാനം നല്‍കാന്‍ നടത്തിയ ശ്രമം ഫിഫയെ ക്ലബ്ബ് ലോകകപ്പിന്റെ പേരില്‍ വിമര്‍ശനത്തിന്റെ മുള്‍മുനയിലാക്കുകയും ചെയ്തിരിക്കുകയാണ്.
ടീമിന്റെ നേരത്തെയുള്ള പ്ലേ ഓഫ് പുറത്താകല്‍ ആരാധകരെ ഒന്നടങ്കം നിരാശയിലാക്കിയിരിക്കുകയാണ്. ക്ലബ്ബില്‍ മെസ്സിയുടെ ഭാവിയെക്കുറിച്ചുള്ള ഊഹാപോഹങ്ങളും ഇത് വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. മെസ്സിക്ക് ക്ലബ്ബുമായി 2025 സീസണിന്റെ അവസാനം വരെ കരാര്‍ ഉണ്ടെങ്കിലും താരം ക്ലബ്ബ് വിടുമോ എന്ന ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ട്.
2025 ആദ്യം നടക്കാനിരിക്കുന്ന ക്ലബ്ബ് ലോകകപ്പ് ഇത്തവണ അമേരിക്കയിലാണ് നടക്കുന്നത് എന്നിരിക്കെ 2025 ലെ ക്ലബ് ലോകകപ്പില്‍ ‘ആതിഥേയ പ്രതിനിധി’ എന്ന നിലയില്‍ മറ്റു ക്ലബ്ബുകളെയൊന്നും പരിഗണിക്കാതെ ഫിഫ ഇന്റര്‍ മിയാമിക്ക് സ്ഥാനം നല്‍കിയത് വലിയ വിവാദമായി മാറിയിരുന്നു. ഫിഫയുടെ തിരഞ്ഞെടുപ്പിനെ പരസ്യമായി വിമര്‍ശിച്ച പ്രമുഖ ഫുട്‌ബോള്‍ ജേണലിസ്റ്റ് മാര്‍ട്ടിന്‍ സീഗ്ലര്‍ ഉള്‍പ്പെടെ, വിമര്‍ശകരും ആരാധകരും തീരുമാനം ന്യായമാണോ എന്ന് ചോദ്യം ചെയ്തതോടെ ഈ നീക്കം പെട്ടെന്ന് തിരിച്ചടി നേരിട്ടു.
ടൈംസിനായുള്ള തന്റെ കോളത്തില്‍, മെസ്സിയെ മത്സരത്തില്‍ ഉള്‍പ്പെടുത്താന്‍ ഫിഫ തീരുമാനിച്ചതായി സീഗ്ലര്‍ വെളിപ്പെടുത്തി. ടി.വി. കമ്പനികളെയും സ്‌പോണ്‍സര്‍മാരെയും ആകര്‍ഷിക്കുന്നതിനായി മെസ്സിയെ ഏതുവിധേനെയും ഉള്‍പ്പെടുമെന്ന് ഉറപ്പാക്കാന്‍ ഫിഫ ആഗ്രഹിക്കുന്നുണ്ട്. ടൂര്‍ണമെന്റിന്റെ സംപ്രേക്ഷണാവകാശം ആര്‍ക്കാണെന്ന് ഇനിയും പ്രഖ്യാപിക്കാനുണ്ട്.
ഇന്റര്‍ മിയാമി ഉണ്ടാകില്ല എന്ന റിസ്‌ക് എടുക്കാന്‍ ഫിഫ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം എഴുതി. തുടര്‍ച്ചയായ വീഴ്ചകള്‍ക്കിടയില്‍, ഇന്റര്‍ മിയാമിയില്‍ നിന്ന് മെസ്സി വിടവാങ്ങാനുള്ള സാധ്യതയെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ ശക്തമായിരിക്കുകയാണ്. മിയാമി ഹെഡ് കോച്ച് ജെറാര്‍ഡോ’ടാറ്റ’ മാര്‍ട്ടിനോയും ക്ലബ്ബില്‍ മെസ്സിയുടെ ഭാവിയെപ്പറ്റിയുള്ള അനിശ്ചിതത്വത്തെക്കുറിച്ച് സൂചന നല്‍കിയിരുന്നു.