ലോകത്തുടനീളമായി അനേകം ആരാധകരുള്ള അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍താരം ലിയോണേല്‍ മെസ്സി അവരുടെ വികാരമാണ്. അദ്ദേഹത്തെ തൊടാനും അദ്ദേഹവുമായി സംസാരിക്കാനും കൊതിക്കുന്നവര്‍ ഏറെയുണ്ട്. എന്നാല്‍ കൈവിട്ട കളിയില്‍ ആരാധകരില്‍ നിന്നും താരത്തെ രക്ഷിക്കാന്‍ നിയോഗിതനായിരിക്കുന്ന യാസിന്‍ ച്യൂക്കോയാണ് ഇവിടെ സംസാരവിഷയം. ലോകപ്രശസ്ത ഫുട്‌ബോള്‍ താരം തന്റെ സുരക്ഷ ഏല്‍പ്പിച്ചിരിക്കുന്ന ഉറച്ച കരമാണ് യാസീന്‍. മെസ്സിയുടെ ഈ അംഗരക്ഷകനും താരത്തെപ്പോലെ ഓണ്‍ലൈനില്‍ വന്‍ അംഗീകാരമുണ്ട്.
റെഡ്ഡിറ്റില്‍, ച്യൂക്കോയുടെ ശ്രദ്ധ കാണിക്കുന്ന ഒരു വീഡിയോ അടുത്തിടെയാണ് വ്യാപകമായി പ്രചാരം നേടിയത്. 175,000-ലധികം വോട്ടുകളാണ് ച്യൂക്കോയ്ക്ക് ലഭിച്ചത്. ആവേശഭരിതരായ പിന്തുണക്കാരില്‍ നിന്ന് മെസ്സിയെ സംരക്ഷിക്കാനുള്ള ച്യൂക്കോയുടെ പെട്ടെന്നുള്ള നടപടിയുടെ ഒരു വീഡിയോയും വൈറലായിരുന്നു. സോഷ്യല്‍മീഡിയയില്‍ പലരും ച്യൂക്കോയുടെ പ്രൊഫഷണലിസത്തെയും താരത്തെ സംരക്ഷിക്കാന്‍ എടുക്കുന്ന പ്രതിരോധത്തിലെ കാര്യക്ഷമതയെയും അഭിനന്ദിച്ചു രംഗത്ത് വന്നിട്ടുണ്ട്. സ്പോര്‍ട്സ് ഇല്ലസ്ട്രേറ്റഡ് ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് അനുസരിച്ച് നേവി സീലായി ഇറാഖിലും അഫ്ഗാനിസ്ഥാനിലും സേവനമനുഷ്ഠിച്ച മുന്‍ യുഎസ് സൈനികനാണ് യാസിന്‍ ച്യൂക്കോ.
ഇന്റര്‍ മിയാമി ക്ലബ് പ്രസിഡന്റ് ഡേവിഡ് ബെക്കാമിന്റെ വ്യക്തിപരമായ ശുപാര്‍ശയെ തുടര്‍ന്നാണ് മെസ്സിയെ സംരക്ഷിക്കാന്‍ ച്യൂക്കോയെ നിയമിച്ചതെന്ന് റിപ്പോര്‍ട്ടുണ്ട്. കളികള്‍ക്കിടയില്‍ മൈതാനത്തിന് പുറത്ത് ഓടുകയും മെസ്സിയെ ഫലപ്രദമായി മാര്‍ക്ക് ചെയ്യുകയുമാണ് ച്യൂക്കോയുടെ ജോലി. മിയാമി ക്യാപ്റ്റനുമായി അടുക്കാന്‍ ശ്രമിക്കുന്ന ഏതൊരു പിച്ച് ആക്രമണകാരികളെയും തടയാന്‍ അദ്ദേഹത്തിന് കഴിയും.
ഗെയിമുകള്‍ക്ക് മുമ്പും ശേഷവും മെസ്സിയുടെ സംരക്ഷണ ചുമതല ച്യൂക്കോയ്ക്കാണ്. ഷോപ്പിംഗ് ട്രിപ്പുകള്‍ പോലെയുള്ള മെസ്സിയുടെ കുടുംബത്തോടൊപ്പമുള്ള പൊതു യാത്രകളിലും ച്യൂക്കോ ഫുട്‌ബോള്‍ താരത്തെ സംരക്ഷിക്കുന്നു. മെസ്സിയുടെ ഈ അംഗരക്ഷകന് സാമൂഹ്യമാധ്യമങ്ങളില്‍ ഏറെ ആരാധകരുണ്ട്. നിലവില്‍ ഇന്‍സ്റ്റാഗ്രാമില്‍ 768,000 ഫോളോവേഴ്സ് ഉണ്ട്. അവിടെ അദ്ദേഹം തന്റെ ബോക്സിംഗ്, ആയോധന കല പരിശീലന രീതികള്‍ വിശദീകരിക്കുന്ന വീഡിയോകള്‍ പങ്കിടുന്നു. ച്യൂക്കോ നിരവധി എംഎംഎ മത്സരങ്ങളിലും പങ്കെടുത്തിട്ടുണ്ട്.