Sports

സൗദി അറേബ്യയില്‍ മെസ്സി ക്രിസ്ത്യാനോ പോരിന് കളമൊരുങ്ങുമോ? സൗദി ലീഗിനെ പ്രകീര്‍ത്തിച്ച് അര്‍ജന്റീന താരം

ആധുനിക ഫുട്‌ബോളിന്റെ ഏറ്റവും പുഷ്‌ക്കലമായ കാലമെന്നാണ് ക്രിസ്ത്യാനോ റൊണാള്‍ഡോ – ലയണേല്‍ മെസ്സി വൈരത്തെ കുറിക്കേണ്ടത്. സ്പാനിഷ് ലാലിഗയില്‍ ഇരുവരും ഉണ്ടായിരുന്ന കാലത്ത് ലോകത്തെ ഏറ്റവും കാഴ്ചക്കാരുള്ളതും മൂല്യമേറിയതുമായ ലീഗായിരുന്നു ലാലിഗ. പിന്നീട് രണ്ടു പേരും ക്ലബ്ബ് മാറിയതിന് പിന്നാലെ യൂവേഫ ചാംപ്യന്‍സ് ലീഗിലും ഇരുവരും ഏറ്റുമുട്ടി. മെസ്സിക്കായി സൗദി ക്ലബ്ബ അല്‍ ഹിലാല്‍ ശ്രമം തുടങ്ങിയെന്ന് അഭ്യൂഹം പരന്നതോടെ പഴയ ക്രിസ്ത്യാനോ – മെസ്സി വൈരം വീണ്ടും വന്നേക്കുമോ എന്ന് ചോദിച്ച ആരാധകര്‍.സമ്മര്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ ലയണല്‍ മെസ്സിക്ക് വേണ്ടി അല്‍ ഹിലാല്‍ രംഗത്തെത്തിയേക്കുമെന്നാണ് സൂചനകള്‍.

വേനല്‍ക്കാലത്ത് തന്റെ വലിയ തീരുമാനം മെസ്സി ഓര്‍മ്മിക്കുകയും സൗദി ലീഗില്‍ ചേരുന്നത് തനിക്ക് താല്‍പ്പര്യമുള്ള കാര്യമാണെന്ന് സമ്മതിക്കുകയും ചെയ്തിരുന്നു. സൗദി ഫുട്‌ബോള്‍ ലീഗിനെ മെസ്സി പ്രശംസിക്കുകയും അടുത്ത കുറച്ച് വര്‍ഷങ്ങളില്‍ പ്രധാനപ്പെട്ട ഒന്നായി മാറാന്‍ കഴിയുന്ന ശക്തമായ ലീഗ് എന്ന് വിളിക്കുകയും ചെയ്തിരുന്നു. എന്നിരുന്നാലും പിഎസ് ജി വിടുമ്പോള്‍ തന്റെ ആദ്യ പ്രയോറിറ്റി ബാഴ്‌സിലോണയാണെന്നും മെസ്സി പറഞ്ഞിരുന്നു.

”എന്റെ ആദ്യ ഓപ്ഷന്‍ ബാഴ്സലോണയിലേക്ക് മടങ്ങുക എന്നതായിരുന്നു, പക്ഷേ അത് സാധ്യമായില്ല. ഞാന്‍ മടങ്ങാന്‍ ശ്രമിച്ചു, അത് നടന്നില്ല. പിന്നീട് ഞാന്‍ സൗദി ലീഗിലേക്ക് പോകുന്നതിനെക്കുറിച്ച് ഒരുപാട് ചിന്തിച്ചു എന്നതും സത്യമാണ്. അത് സമീപഭാവിയില്‍ ഒരു പ്രധാന ലീഗായി മാറും. ഒന്നുകില്‍ സൗദി അറേബ്യ അല്ലെങ്കില്‍ എംഎല്‍എസ് ആയിരുന്നു മുന്നിലുണ്ടായിരുന്നത്. രണ്ട് ഓപ്ഷനുകളും എനിക്ക് വളരെ രസകരമായി തോന്നി,”

ഈ വര്‍ഷത്തെ അത്ലറ്റ്’ ആയി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം മെസ്സി ടൈം മാഗസിനോട് പറഞ്ഞു.ഒടുവില്‍ അമേരിക്കയിലെ മേജര്‍ ലീഗ് സോക്കറില്‍ ഇന്റര്‍ മിയാമിയുടെ ഉടമ ഡേവിഡ് ബെക്കാമിനൊപ്പം ചേര്‍ന്നതിനാല്‍ മെസ്സി വടക്കേ അമേരിക്കയിലേക്ക് പോകാന്‍ തീരുമാനിക്കുകയായിരുന്നു. 2022 ലോകകപ്പ് ജേതാവായ ക്യാപ്റ്റന്‍ മിയാമി ആസ്ഥാനമായുള്ള ടീമിനായി 14 മത്സരങ്ങളില്‍ നിന്ന് 11 ഗോളുകള്‍ നേടിയിട്ടുണ്ട്. 2023 ലെ ലീഗ് കപ്പ് നേടുന്നതില്‍ മെസ്സി ഒരു പ്രധാന പങ്ക് വഹിച്ചു, ഇത് ക്ലബ്ബിന്റെ ചരിത്രത്തിലെ ആദ്യത്തെ ട്രോഫിയാണ്. മറുവശത്ത് റൊണാള്‍ഡോ സൗദി ലീഗില്‍ മികച്ച ഫോമിലാണ്, അവര്‍ക്കായി 45 മത്സരങ്ങളില്‍ നിന്ന് 38 ഗോളുകള്‍ നേടുകയും 2023 ലെ അറബ് ക്ലപ്പ് ചാമ്പ്യന്‍സ് കപ്പ് നേടാന്‍ അവരെ സഹായിക്കുകയും ചെയ്തു. എന്നാല്‍ സൗദി പ്രോ ലീഗില്‍ ക്രിസ്റ്റ്യാനോ കളിക്കുന്ന അല്‍ നസര്‍ മുഖ്യ എതിരാളികളായ അല്‍ ഹിലാലിന് തൊട്ടു പിന്നില്‍ രണ്ടാമതാണ്.