കേരളത്തില്‍ കളിക്കാനെത്തുമോ ഇല്ലയോ എന്ന ആശങ്കയില്‍ മലയാളി ആരാധകര്‍ കണ്ണുംനട്ടു കാത്തിരിക്കുമ്പോള്‍ ലോകകപ്പ് യോഗ്യതാമത്സരത്തില്‍ ലാറ്റിനമേരിക്കയില്‍ തകര്‍ക്കുകയാണ് ലിയോണേല്‍ മെസ്സിയും അദ്ദേഹത്തിന്റെ അര്‍ജന്റീന ടീമും. പെറുവിനെതിരേ കഴിഞ്ഞ ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ തകര്‍പ്പനൊരു അസിസറ്റ് നല്‍കി മെസ്സി കയറിയത് ലോകറെക്കോഡിലേക്ക്.
ലൗട്ടാരോ മാര്‍ട്ടിനെസിന് ഗോളടിക്കാന്‍ പാകത്തിനൊരു അസിസ്റ്റ് നല്‍കിയതോടെ ലയണല്‍ മെസ്സി അര്‍ജന്റീനയുടെ ജഴ്‌സിയില്‍ മറ്റൊരു റെക്കോര്‍ഡിന് ഒപ്പമെത്തി. അന്താരാഷ്ട്ര മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ അസിസ്റ്റ് നല്‍കിയ താരമെന്ന പദവിയിലേക്കാണ് കയറിയത്. ഇതോടെ അമേരിക്കന്‍ ടീമിന്റെ ഇതിഹാസം ലണ്ടന്‍ ഡൊണോവാന്റെ നേട്ടത്തിന് തുല്യമായി മെസ്സി.
അന്താരാഷ്ട്ര ഫുട്ബോളില്‍ താരത്തിന്റെ 58-ാമത്തെ അസിസ്റ്റാണിത്. ഇടതുവശത്ത് നിന്ന് മെസ്സി ഉയര്‍ത്തിവിട്ട പന്തിലായിരുന്നു മാര്‍ട്ടീനസ് ഗോള്‍ നേടിയത്. ബ്രസീല്‍ ദേശീയ ടീമിനെ പ്രതിനിധീകരിച്ച് അന്താരാഷ്ട്ര ഫുട്ബോളില്‍ 57 അസിസ്റ്റുകളുമായി മെസ്സിയുടെ മുന്‍ സഹതാരവും നല്ല സുഹൃത്തുമായ നെയ്മര്‍ തൊട്ടുപിന്നിലാണ്. അതേസമയം, അദ്ദേഹത്തിന്റെ ബദ്ധവൈരിയായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ 45 അസിസ്റ്റുകള്‍ നേടിയിട്ടുണ്ട്. അതേസമയം ഈ ഗോള്‍നേട്ടത്തോടെ മാര്‍ട്ടിനെസ് അന്താരാഷ്ട്ര ഫുട്ബോളിലെ ഇതിഹാസ താരം ഡീഗോ മറഡോണയുടെ ഗോളുകള്‍ക്കൊപ്പമെത്തി. അര്‍ജന്റീനിയന്‍ ഇതിഹാസം 32 ഗോളുകള്‍ നേടി
നിറംകെട്ടതാണെങ്കിലും ഈ വിജയത്തോടെ സൗത്ത് അമേരിക്കന്‍ യോഗ്യതാ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരാന്‍ അര്‍ജന്റീനയ്ക്കായി. 12 മത്സരങ്ങളില്‍ നിന്ന് 25 പോയിന്റുകള്‍ അവര്‍ നേടിയിട്ടുണ്ട്. ഏറ്റവും അടുത്ത എതിരാളിയായ ഉറുഗ്വേയേക്കാള്‍ അഞ്ച് പോയിന്റ് വ്യത്യാസമുണ്ട്. 19 പോയിന്റ് വീതമുള്ള ഇക്വഡോറും കൊളംബിയയുമാണ് തൊട്ടുപിന്നിലുള്ളത്.