
ജീവിതം അപ്രതീക്ഷിത വഴികളിലൂടെയാണ് സഞ്ചരിക്കുന്നത്. സ്‌കൂളില്‍ പഠിക്കുമ്പോള്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങുന്നവര്‍ ഡോക്ടര്‍മാരോ എഞ്ചിനീയര്‍മാരോ ശാസ്ത്രജ്ഞരോ ആയി മാറുമെന്നാണ് നമ്മളില്‍ പലരും വിശ്വസിച്ചിരുന്നത്. എന്നാല്‍ ജീവിതം എപ്പോഴും അങ്ങനെയല്ലെന്ന് തെളിയിക്കുന്ന ഒരു കുറിപ്പാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഒരു യാത്രക്കാരന്‍ ബുക്ക് ചെയ്ത റാപ്പിഡോ ബൈക്കിന്റെ ഡ്രൈവറായി എത്തിയത് അദ്ദേഹത്തിന്റെ പഴയ ക്ലാസ് ടോപ്പര്‍ ആയിരുന്നു.
ഒരു സാധാരണ റാപ്പിഡോ യാത്ര എങ്ങനെ അസാധാരണമായി മാറി എന്നാണ് ഈ പോസ്റ്റ് വിവരിക്കുന്നത്. ഉമര്‍ എന്ന യുവാവ് തിരക്കിനിടയില്‍ ബുക്ക് ചെയ്ത റാപ്പിഡോ ഓടിച്ചിരുന്നത് അദ്ദേഹത്തിന്റെ പഴയ സഹപാഠിയും ക്ലാസ് ടോപ്പറുമായിരുന്ന ചന്ദന്‍ ആയിരുന്നു. പരസ്പരം തിരിച്ചറിഞ്ഞപ്പോള്‍ ഇരുവരും വികാരാധീനരായി. ജീവിതം നമ്മള്‍ പ്ലാന്‍ ചെയ്യുന്നതുപോലെയാകില്ല മുന്നോട്ട് പോകുന്നത് എന്ന് ചന്ദന്‍ ഉമറിനോട് പറഞ്ഞു. തമാശരൂപേണ, പഴയ സുഹൃത്തായതുകൊണ്ട് ഈ യാത്രയ്ക്ക് പണം ഈടാക്കില്ലെന്നും ചന്ദന്‍ കൂട്ടിച്ചേര്‍ത്തു.
എക്‌സ് (X) പ്ലാറ്റ്ഫോമില്‍ പങ്കുവെച്ച ഈ പോസ്റ്റില്‍ ഇങ്ങനെ കുറിച്ചിരിക്കുന്നു :
‘തിരക്കിനിടയില്‍ ഒരു റാപ്പിഡോ ബുക്ക് ചെയ്തു… എന്റെ ക്ലാസ് ടോപ്പര്‍ തന്നെയായിരിക്കും ആ റൈഡര്‍ എന്ന് സ്വപ്നത്തില്‍ പോലും കരുതിയില്ല. റൈഡറുടെ പേര് ‘ചന്ദന്‍’ എന്ന് കണ്ടപ്പോള്‍ ആദ്യം ശ്രദ്ധിച്ചില്ലെങ്കിലും, പിന്നീട് സംശയം തോന്നി വീണ്ടും നോക്കിയപ്പോള്‍ അത് പഴയ ടോപ്പര്‍ ചന്ദന്‍ തന്നെയായിരുന്നു.’
സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് ഈ സംഭവം വഴിവെച്ചത്. ‘ചന്ദന്റെ പുഞ്ചിരി അയാളുടെ കരുത്തിനെ കാണിക്കുന്നു. സത്യസന്ധമായ ഒരു ജോലിയും ചെറുതല്ല.’ – ഒരാള്‍ കുറിച്ചു.’ജീവിതം എന്നത് ഒരു മാര്‍ക്ക് ഷീറ്റല്ല. നമ്മള്‍ ജീവിതത്തോട് എങ്ങനെ പൊരുത്തപ്പെടുന്നു എന്നതാണ് പ്രധാനം.’-മറ്റൊരാള്‍ അഭിപ്രായപ്പെട്ടു.



