Sports

നൂറാം ടെസ്റ്റ് അവിസ്മരണീയമാക്കി അശ്വിന്‍; മുരളീധരനൊപ്പം, അഞ്ചുവിക്കറ്റ് നേട്ടം മുപ്പത്താറാം തവണ

കരിയറിലെ നൂറാം ടെസ്റ്റ് അവിസ്മരണീയമാക്കി ഇന്ത്യന്‍ ഓഫ് സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍. മൂന്നാം ദിവസം തന്നെ ഇംഗ്‌ളണ്ടിനെ ഇന്ത്യ തോല്‍പ്പിച്ച് പരമ്പര 4-1 ന് സ്വന്തമാക്കിയപ്പോള്‍ അവസാന മത്സരത്തില്‍ അശ്വിന്‍ നേടിയത് 9 വിക്കറ്റുകളാണ്. കരിയറിലെ നൂറാം മത്സരത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേട്ടമെന്ന കാര്യത്തില്‍ ശ്രീലങ്കന്‍ ഇതിഹാസം മുത്തയ്യാ മുരളീധരനൊപ്പം എത്താനും താരത്തിനായി.

ഇംഗ്‌ളണ്ടിനെതിരേയുള്ള മത്സരത്തില്‍ ആദ്യ ഇന്നിംഗ്‌സില്‍ നാലു വിക്കറ്റ് നേടിയ അശ്വിന്‍ രണ്ടാം ഇന്നിംഗ്‌സില്‍ അഞ്ചുവിക്കറ്റ് നേട്ടവും നടത്തി.
ആദ്യ ഇന്നിംഗ്സില്‍ നാല് വിക്കറ്റ് വീഴ്ത്തിയ അശ്വിന്റെ പ്രകടനമാണ് സന്ദര്‍ശകരെ ആദ്യ ഇന്നിംഗ്‌സില്‍ 218-ല്‍ ഒതുക്കുന്നതിന് സഹായിച്ചത്. മൂന്നാം ദിനം ഉജ്വല പ്രകടനമായിരുന്നു അശ്വിന്‍ നടത്തിയത്. ഇന്നിംഗ്‌സിന്റെ രണ്ടാം ഓവറില്‍ ബെന്‍ ഡക്കറ്റിനെ വെറും രണ്ട് റണ്‍സിന് പറഞ്ഞുവിട്ടു. ഉജ്ജ്വലമായ ഒരു പന്തില്‍ അശ്വിന്‍ ഡക്കറ്റിന്റെ സ്റ്റമ്പ് തെറുപ്പിച്ചു. പിന്നാലെ അപകടകാരിയായ സാക്ക് ക്രാളിയെയും പുറത്താക്കി.

പത്താം ഓവറില്‍, അശ്വിന്‍ വീണ്ടും പ്രഹരിച്ചു. ഒലി പോപ്പിനെ സമര്‍ത്ഥമായി പുറത്താക്കി, സ്വീപ്പ് ഷോട്ടിന് ശ്രമിച്ച അദ്ദേഹത്തെ ക്യാച്ചെടുത്തു.
ലഞ്ചിന് മുമ്പുള്ള അവസാന ഓവറില്‍ ഇംഗ്ലീഷ് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സിനെ പുറത്താക്കിയപ്പോള്‍ നൂറാം ടെസ്റ്റില്‍ (7) ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തിയ ഇന്ത്യന്‍ ജോഡികളായ അനില്‍ കുംബ്ലെ-കപില്‍ ദേവ് എന്നിവരെ അശ്വിന്‍ മറികടന്നു. രണ്ടാം സെഷന്‍ ആരംഭിച്ച് മിനിറ്റുകള്‍ക്ക് ശേഷം, വിക്കറ്റ് കീപ്പര്‍-ബാറ്റര്‍ ബെന്‍ ഫോക്സിനെ് പുറത്താക്കി അശ്വിന്‍ 36-ാമത്തെ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കി.

ഇതോടെ, ശ്രീലങ്കയ്ക്കെതിരായ (2005) തന്റെ നാഴികക്കല്ല് മത്സരത്തിന്റെ രണ്ടാം ഇന്നിംഗ്സില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയ കുംബ്ലെയ്ക്ക് ശേഷം തന്റെ 100-ാം ടെസ്റ്റില്‍ ഫിഫര്‍ നേടുന്ന രണ്ടാമത്തെ ഇന്ത്യക്കാരനായി അദ്ദേഹം മാറി. അതിലും പ്രധാനമായി, ടെസ്റ്റ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡില്‍ അശ്വിന്‍ തന്റെ മൂന്‍ഗാമിയായ കുംബ്ലെയെ മറികടന്നു. ഇന്ത്യയുടെ ഇതിഹാസ സ്പിന്നര്‍ അനില്‍കുംബ്‌ളേയുടെ പേരില്‍ അഞ്ചുവിക്കറ്റ് നേട്ടം 35 തവണയാണ്.