Movie News

ഗോട്ടില്‍ വിജയ് യുടെ നായികയായി ആദ്യം സംവിധായകന്‍ ആലോചിച്ചത് സ്‌നേഹയെ ആയിരുന്നില്ല

ദളപതി വിജയും വെങ്കട്ട് പ്രഭുവും ആദ്യമായി ഒന്നിച്ച ഗോട്ട് വെള്ളിത്തിരയില്‍ മാന്ത്രികത സൃഷ്ടിച്ചു മുന്നേറുകയാണ്. ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം ബോക്സ് ഓഫീസില്‍ ചലനം സൃഷ്ടിക്കുകയും ആഗോളതലത്തില്‍ 300 കോടി രൂപ നേടുകയും ചെയ്തു. സിനിമയില്‍ ഉപയോഗിച്ച എഐ ടെക്‌നോളജിയും ചിത്രത്തിന്റെ ഡീ-ഏജിംഗ് ഇഫക്റ്റുമൊക്കെ ആരാധകരുടെ ശ്രദ്ധ നേടിയിട്ടുണ്ട്.

ചിത്രത്തിലെ നായകന്‍ ദളപതി വിജയും താരതതിന്റെ ഭാര്യയായി എത്തിയ സ്‌നേഹയുടേയും വേഷങ്ങള്‍ ആരാധകര്‍ വലിയ രീതിയിലാണ് ഏറ്റെടുത്തിരിക്കുന്നത്. എന്നാല്‍ സിനിമയില്‍ സ്‌നേഹയുടെ റോളിലേക്ക് ആദ്യം തിരഞ്ഞെടുത്തത് നയന്‍താരയെ ആയിരുന്നു എന്ന് എത്ര പേര്‍ക്കറിയാം? അടുത്തിടെ ഒരു അഭിമുഖത്തില്‍ സംവിധായകന്‍ വെങ്കട്ട് പ്രഭു തന്നെയായിരുന്നു ഇക്കാര്യം വെളിപ്പെടുത്തിയത്. താന്‍ ആദ്യം ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയെ വിജയ്യ്ക്കൊപ്പം നായികയായി സമീപിച്ചിരുന്നു. പക്ഷേ ചില കാരണങ്ങളാല്‍ അത് വിജയിച്ചില്ല.

എന്നാല്‍ സിനിമ കണ്ടതിന് ശേഷം നയന്‍താര തന്നെ സംവിധായകനെ വിളിച്ച് സ്‌നേഹയെ അഭിനയിക്കാനുള്ള തീരുമാനത്തെ അഭിനന്ദിച്ചു. സ്‌നേഹയുടേത് ശരിയായ ചോയ്‌സ് ആയിരുന്നെന്നും സ്‌നേഹ ചെയ്തതുപോലെ മറ്റാര്‍ക്കും ആ വേഷം ചെയ്യാന്‍ കഴിയില്ലെന്നും നടി പറഞ്ഞു. 19 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സ്‌നേഹ വിജയ് യുമായി വീണ്ടും ഒന്നിക്കുന്നത്. 2003ല്‍ പുറത്തിറങ്ങിയ ‘വസീഗര’ ആയിരുന്നു ഇരുവരും അവസാനമായി ഒന്നിച്ച സിനിമ. അഭിമുഖത്തില്‍ വിജയ്യ്ക്കൊപ്പം പ്രവര്‍ത്തിച്ച അനുഭവത്തെക്കുറിച്ച് സ്നേഹ പറഞ്ഞു.

താന്‍ വിജയ്‌ക്കൊപ്പം വസീഗരയില്‍ പ്രവര്‍ത്തിക്കുമ്പോള്‍, താന്‍ ഇന്‍ഡസ്ട്രിയില്‍ പുതുമുഖമായിരുന്നു. അപ്പോള്‍ത്തന്നെ അദ്ദേഹം താരമായിരുന്നു. തന്റെ രംഗങ്ങള്‍ ചിത്രീകരിക്കാന്‍ തുടങ്ങിയാല്‍ വിജയുടെ എനര്‍ജി ലെവല്‍ മാറുമെന്നും, ക്യാമറയില്‍ ഒരാളായി മാറുന്ന രണ്ട് വ്യത്യസ്ത വ്യക്തികളെപ്പോലെയാണ് അദ്ദേഹം മാറുന്നതെന്നും ഷൂട്ട് ചെയ്യാത്തപ്പോള്‍ സ്വന്തം ശാന്തതയിലേക്ക് മടങ്ങുമെന്നും സ്‌നേഹ കൂട്ടിച്ചേര്‍ത്തു.