Lifestyle

ദിവസം ഒരിക്കലെങ്കിലും ചിരിക്കണം, നിയമം പാസ്സാക്കി ജപ്പാനിലെ പ്രാദേശിക ഭരണകൂടം; എല്ലാ എട്ടാം തീയതിയും ‘ചിരിദിനം’

മനസ്സിന്റെ സന്തോഷം കൃത്യമായി പ്രകടിപ്പിക്കുന്ന ചിരി ആയുസ്സു കൂട്ടുമെന്നുള്ളത് പണ്ടേയുള്ള വിശ്വാസമാണ്. ജീവിതവേഗത്തിനിടയില്‍ ചിരിയുടെ പ്രാധാന്യം ഓര്‍മ്മിപ്പിക്കുകയാണ് ജപ്പാനിലെ യമഗത പ്രിഫെക്ചറിലെ ഒരു പ്രാദേശിക ഗവണ്‍മെന്റ്. എല്ലാ ദിവസവും ഒരിക്കലെങ്കിലും ചിരിക്കണമെന്നത് നിയമമാക്കി മാറ്റിയിരിക്കുകയാണ് ഇവര്‍. മാനസികാരോഗ്യവും അതുവഴി ശാരീരികാരോഗ്യവും പ്രോത്സാഹിപ്പിക്കാനാണ് നടപടി.

ചിരി നല്ല ആരോഗ്യം പ്രോത്സാഹിപ്പിക്കുമെന്ന് സൂചിപ്പിക്കുന്ന ഒരു പ്രാദേശിക സര്‍വകലാശാലയുടെ ഗവേഷണത്തെ അടിസ്ഥാനമാക്കി കഴിഞ്ഞയാഴ്ച മുതലാണ് പുതിയ നിയമം നടപ്പാക്കിയത്. യമഗതയിലെ ബിസിനസ്സ് ഓപ്പറേറ്റര്‍മാരോട് ‘ചിരി നിറഞ്ഞ ഒരു അന്തരീക്ഷം തൊഴിലിടങ്ങളില്‍ വികസിപ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ദിവസവും ഒരു നേരമെങ്കിലും ചിരിക്കുന്നതിനു പുറമേ, എല്ലാ മാസവും എട്ടാം തീയതി ചിരിദിനമായി ആചരിക്കാനും നിയമത്തില്‍ പറയുന്നതായി സൗത്ത് ചൈനാ മോണിംഗ് പോസ്റ്റിലെ റിപ്പോര്‍ട്ട് പറയുന്നു.

യമഗത യൂണിവേഴ്‌സിറ്റിയിലെ ഫാക്കല്‍റ്റി ഓഫ് മെഡിസിനില്‍ ചിരിയുമായി ബന്ധപ്പെട്ട് നടന്നുകൊണ്ടിരിക്കുന്ന ഗവേഷണത്തിന്റെ ഫലമാണ് പുതിയ നിയമം. സര്‍വ്വകലാശാലയിലെ ഗവേഷണ പ്രകാരം ചിരി മികച്ച ആരോഗ്യത്തിനും ആയുര്‍ദൈര്‍ഘ്യത്തിനും കാരണമാകുന്നു. ഏതു കാരണം കൊണ്ടുള്ള മരണനിരക്കും ഹൃദയസംബന്ധമായ അസുഖങ്ങളും ചിരി ഒഴിച്ചുള്ള വിഷയങ്ങള്‍ക്കിടയില്‍ വളരെ കൂടുതലാണെന്നാണ് ഗവേഷണത്തിലെ കണ്ടെത്തല്‍. ചിരിയും ജീവിത ആസ്വാദനവും, പോസിറ്റീവ് മനഃശാസ്ത്രപരമായ മനോഭാവങ്ങളും , വിശ്വാസം, തുറന്ന മനസ്സാക്ഷി എന്നിവയുമൊക്കെ തമ്മില്‍ ബന്ധമുണ്ടെന്നും പഠനം ചൂണ്ടിക്കാട്ടി.

അതേസമയം എല്ലാം ശരിയായ വഴിക്കാണെന്ന് കരുതരുത്. നിയമം ഭരണഘടനാപരമായ അവകാശങ്ങളെ ഹനിക്കുന്നതാണെന്ന വിമര്‍ശനവും ഇതിനകം ഉയര്‍ന്നിട്ടുണ്ട്. ചിരിക്കാന്‍ കഴിയാത്തവരെ ഇത് പ്രതികൂലമായി ബാധിക്കുമെന്ന് നിയമത്തെ എതിര്‍ക്കുന്നവര്‍ പറയുന്നുണ്ട്. ‘അസുഖമോ മറ്റ് കാരണങ്ങളാലോ ചിരിക്കാന്‍ ബുദ്ധിമുട്ടുള്ളവരുടെ മനുഷ്യാവകാശങ്ങള്‍ ദുര്‍ബ്ബലപ്പെടുത്തുന്നതാകരുത് നിയമം എന്നും ഇവര്‍ പറയുന്നു. എന്നാല്‍ ദിവസത്തിൽ ഒരിക്കലെങ്കിലും ചിരിക്കാൻ കഴിയാത്തതുകൊണ്ട് ആർക്കും പിഴ ചുമത്താൻ പുതിയ നിയമത്തിൽ വ്യവസ്ഥയില്ലെന്നും പ്രാദേശിക ഉദ്യോഗസ്ഥർ വ്യക്തമാക്കി.