ജോര്‍ജിയയ്ക്കെതിരായ യൂറോ 2024 യോഗ്യതാ മത്സരത്തില്‍ സ്പെയിന് വേണ്ടി ഗോളടിച്ച ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായിട്ടാണ് കൗമാരക്കാരന് ലാമിന് യമല്‍ മാറിയത്. 16 വയസ്സും 57 ദിവസവും പ്രായമുള്ള യമല്‍ പകുതി സമയത്തിന് തൊട്ടുമുമ്പ് കളത്തിലെത്തുകയും സ്പെയിന്റെ ഏഴാം ഗോളും നേടി.
ലോകഫുട്ബോളില് 17 കടക്കും മുമ്പ് കളത്തിലെത്തിയ ചില കളിക്കാരുടെ റെക്കോഡുകള്‍ രസകരമാണ്. 2021 ല്‍ സ്പെയിനില്‍ അരങ്ങേറ്റം കുറിക്കുമ്പോള്‍ 17 വയസ്സും 62 ദിവസവും പ്രായമുള്ള ഗവിയില്‍ നിന്നാണ് വിംഗര്‍ യമല്‍ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനെന്ന റെക്കോര്‍ഡ് സ്വന്തമാക്കിയത്.
ലിവര്‍പൂള്‍ മിഡ്ഫീല്‍ഡര്‍ ആയി പിന്നീട് മാറിയ ഹാരി വില്സന് 2013 ഒക്ടോബറില്‍ ബെല്‍ജിയത്തിനെതിരെ ആദ്യ അന്താരാഷ്ട്ര മത്സരത്തിന് ഇറങ്ങുമ്പോള്‍ 16 വയസ്സും 207 ദിവസവുമായിരുന്നു പ്രായം. ക്ലബിനായി കളിക്കുന്നതിനുമുമ്പ് വെയില്സിനായ അരങ്ങേറി. കളിയുടെ 80 ാം മിനിറ്റില്‍ കളത്തില്‍ എത്തുമ്പോള്‍
ഗാരെത് ബെയ്ലിന്റെ റെക്കോര്‍ഡാണ് മറികടന്നത്. അതേസമയം അടുത്ത അന്താരാഷ്ട്ര മത്സരം കളിക്കാന്‍ അഞ്ചുവര്‍ഷത്തോളം താരത്തിന് കാത്തിരിക്കേണ്ടിയും വന്നു.
1882 ല്‍ ഇംഗ്ലണ്ടിനെതിരേ അയര്‍ലന്‍ഡിന്റെ ആദ്യ അന്താരാഷ്ട്ര മത്സരത്തില്‍ ഇറങ്ങുമ്പോള്‍ സാം ജോണ്‍സ്റ്റണ്‍ പ്രായം 15 വയസ്സും 153 ദിവസവുമായിരുന്നു. പക്ഷേ കളി ദുരന്തമായി. ടീം 13-0 ന് തോറ്റു.
2014 ഓഗസ്റ്റില്‍ യുണൈറ്റഡ് അറബ് എമിറേറ്റ്സുമായുള്ള സൗഹൃദ മത്സരത്തില്‍ നോര്‍വേയ്ക്കായി ഇറങ്ങുമ്പോള്‍ 15 വയസ്സും 253 ദിവസവുമായിരുന്നു മാര്ട്ടിന് ഒഡെഗാര്‍ഡിന് പ്രായം. ഈ മത്സരത്തില്‍ 90 മിനിറ്റും കളിക്കുകയും ചെയ്തു. ഓസ്ലോയില്‍ ബള്‍ഗേറിയയ്ക്കെതിരായ തന്റെ ടീം വിജയിച്ചപ്പോള്‍ യൂറോപ്യന്‍ യോഗ്യതാ മത്സരത്തില്‍ പങ്കെടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി അദ്ദേഹം മാറി.
1957 ജൂലൈ 7 ന് 16 വയസ്സും ഒമ്പത് മാസവും പ്രായമുള്ളപ്പോള്‍ ഫുട്ബോള്‍ ഇതിഹാസം പെലെ ബ്രസീലില്‍ അരങ്ങേറ്റം കുറിച്ചു. 1958 ലോകകപ്പിന്റെ സെമി ഫൈനലില്‍ ഫ്രാന്‍സിനെതിരെ ഹാട്രിക് നേടിയ പെലെ ഫൈനലില്‍ ആതിഥേയരായ സ്വീഡനെതിരെ രണ്ട് ഗോളുകള്‍ നേടി.
കഴിഞ്ഞദിവസം ബൊളീവിയയെ 5-1ന് തോല്‍പ്പിച്ച മത്സരത്തില്‍ രണ്ടുഗോള്‍ നേടിയ നെയ്മര്‍ പെലെയെ മറികടന്ന് ബ്രസീലിന്റെ എക്കാലത്തെയും ടോപ് സ്കോററായി. ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ രണ്ടു ഗോളുകള്‍ നേടിയ നെയ്മര്‍ ഗോള്‍നേട്ടം 79 ആക്കി. 1957 നും 1971 നും ഇടയില്‍ 92 മത്സരങ്ങളില്‍ നിന്ന് 77 ഗോളുകള്‍ പെലെ നേടിയിട്ടുണ്ട്.
1997 ല്‍ കോസ്റ്റാറിക്കയോട് 5-0 ന് പരാജയപ്പെട്ട മത്സരത്തില്‍ സാമുവല്‍ എറ്റു കാമറൂണിനായി അരങ്ങേറ്റം നടത്തുമ്പോള്‍ പതിനാറാം ജന്മദിനത്തിന് തലേദിവസം ആയിരുന്നു. 118 മത്സരങ്ങളില്‍ നിന്ന് 56 ഗോളുകള്‍ നേടിയ സ്ട്രൈക്കര്‍ ഇപ്പോള്‍ കാമറൂണിയന്‍ ഫുട്ബോള്‍ ഫെഡറേഷന്റെ പ്രസിഡന്റാണ്.
16 വയസ്സും 120 ദിവസവും പ്രായമുള്ളപ്പോഴാണ് 1977 ല്‍ ഹംഗറിക്കെതിരായ സൗഹൃദ മത്സരത്തില്‍ അര്‍ജന്റീനയുടെ ഡീഗോ മറഡോണയുടെ അരങ്ങേറ്റം. രണ്ട് വര്‍ഷത്തിന് ശേഷം സ്കോട്ട്ലന്‍ഡിനെതിരെ ആദ്യ അന്താരാഷ്ട്ര ഗോളും നേടി. പിന്നീട് അദ്ദേഹം സൃഷ്ടിച്ചതെല്ലാം ചരിത്രം.
2007 ഏപ്രില്‍ 1 ന് നോര്‍ത്തേണ്‍ മരിയാന ദ്വീപുകളുടെ 9-0 ഈസ്റ്റ് ഏഷ്യന്‍ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പ് പ്രാഥമിക റൗണ്ടില്‍ ഗുവാമിനോട് പരാജയപ്പെട്ടപ്പോള്‍ 14 വയസ്സും രണ്ട് ദിവസവും പ്രായമുള്ള ലൂക്കാസ് ക്നെക്റ്റാണ് ഏറ്റവും പ്രായം കുറഞ്ഞ പുരുഷ അന്താരാഷ്ട്ര ഫുട്ബോള്‍ കളിക്കാരന്.
എന്നിരുന്നാലും, യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ സ്വയംഭരണ കോമണ്‍വെല്‍ത്തായ നോര്‍ത്തേണ്‍ മരിയാന ദ്വീപുകള്‍ ഫിഫയില്‍ അംഗമല്ല. സ്റ്റാറ്റിസ്റ്റീഷ്യന്മാരായ ആര്.എസ്.എഫിന്റെ അഭിപ്രായത്തില്‍, 14 വയസുള്ള മൂന്ന് കുട്ടികള്‍ ദേശീയ ടീമിനായി കളിച്ചിട്ടുണ്ട് – ജോയല്‍ ഫ്രൂട്ട്, കെന്നഡി ഇസുക്ക എന്നിവര്‍ 2012 നവംബറില്‍ ഗുവാമിനെതിരായ മത്സരത്തിലും അരങ്ങേറ്റം കുറിച്ചു. 8-0 എന്ന സ്കോറിനാണ് അവര്‍ തോറ്റത്.