Movie News

കത്തനാരുടെ സെറ്റില്‍ സര്‍പ്രൈസ് വിസിറ്റുമായി ലാലേട്ടന്‍ ; ചിത്രങ്ങള്‍ പങ്കുവെച്ച് ജയസൂര്യ

ചെറിയ ചെറിയ വേഷങ്ങളിലൂടെ മലയാള സിനിമയിലെത്തി തന്റേതായ ഇടം നേടിയ താരമാണ് ജയസൂര്യ. താരത്തിന്റെ ബിഗ് ബജറ്റ് ചിത്രമാണ് വരാന്‍ പോകുന്ന ചിത്രമായ ‘കത്തനാര്‍’. റോജിന്‍ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം ഹൊറര്‍-ത്രില്ലര്‍ ഴോണറിലാണ് എത്തുന്നത്. ബോളിവുഡ് താരം അനുഷ്‌ക ഷെട്ടിയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. അനുഷ്‌ക മലയാളത്തിലേക്ക് ആദ്യമായി എത്തുന്ന ചിത്രം കൂടിയാണ് കത്തനാര്‍. എമ്പുരാനോടൊപ്പം നില്‍ക്കുന്ന ബിഗ്ബജറ്റ് ചിത്രമാണ് കത്തനാരെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇപ്പോള്‍ ചിത്രത്തിന്റെ സെറ്റില്‍ സര്‍പ്രൈസ് വിസിറ്റ് നടത്തിയ മോഹന്‍ലാലിന്റെ ചിത്രങ്ങളാണ് വൈറലാകുന്നത്. മോഹന്‍ലാല്‍ സെറ്റ് സന്ദര്‍ശിച്ച ചിത്രങ്ങള്‍ ജയസൂര്യ തന്നെയാണ് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചത്. തന്റെ സിനിമയുടെ സെറ്റില്‍ എത്തിയതിന് ജയസൂര്യ മോഹന്‍ലാലിനോട് നന്ദി അറിയിച്ചു കൊണ്ടാണ് ചിത്രങ്ങള്‍ പങ്കുവെച്ചിരിയ്ക്കുന്നത്. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കൊപ്പം മനോഹരമായ നിമിഷങ്ങള്‍ പങ്കുവെച്ചു കൊണ്ടാണ് മോഹന്‍ലാല്‍ മടങ്ങിയത്. കത്തനാരില്‍ മോഹന്‍ലാലിന്റെ ഒരു കാമിയോ റോള്‍ തങ്ങള്‍ക്ക് പ്രതീക്ഷിയ്ക്കാമോയെന്നാണ് ചിത്രങ്ങള്‍ക്ക് താഴെ ആരാധകര്‍ കമന്റ് ചെയ്യുന്നത്.

നൂതന സാങ്കേതികവിദ്യയായ വിഎഫ്എക്‌സ് ആന്‍ഡ് വെര്‍ച്വല്‍ പ്രൊഡക്ഷന്‍സിലൂടെയാണ് കത്തനാര്‍ ഒരുക്കുന്നത്. അതുകൊണ്ട് തന്നെ വലിയ സെറ്റാണ് ചിത്രത്തിന് വേണ്ടി ഒരുക്കിയിരിക്കുന്നത്. ഗോകുലം ഗോപാലന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ആര്‍. രാമാനന്ദിന്റെ തിരക്കഥയ്ക്ക് ഛായാഗ്രഹണം നിര്‍വഹിക്കുന്നത് നീല്‍ കുഞ്ഞയാണ്. രാഹുല്‍ സുബ്രഹ്മണ്യനാണ് ചിത്രത്തില്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. കൊറിയന്‍ വംശജനും കനേഡിയന്‍ പൗരനുമായ ജെ ജെ പാര്‍ക്ക് ആണ് കത്തനാരില്‍ സ്റ്റണ്ട് കൊറിയോഗ്രാഫി നിര്‍വഹിക്കുന്നത്. സിനിമയുടെ രണ്ടു ഷെഡ്യൂളുകള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. മൂന്നാമത് ഷെഡ്യൂള്‍ നടന്നു വരികയാണ്. ചിത്രത്തിന്റെ ടീസര്‍ ഇതിനോടകം തന്നെ ശ്രദ്ധ നേടിയിരുന്നു.