ന്യൂഡല്‍ഹി: വര്‍ഷങ്ങളോളം പോലീസിന് തൊടാന്‍ പോലും കഴിയാതെ പോയ ഡല്‍ഹിയിലെ ‘ലേഡി ഡോണ്‍’ ഒടുവില്‍ പിടിയില്‍. ഏകദേശം ഒരു കോടി രൂപ വിലമതിക്കുന്ന 270 ഗ്രാം ഹെറോയിന്‍ കൈവശം വെച്ചതിന് കുപ്രസിദ്ധ ഗുണ്ടാസംഘം ഹാഷിം ബാബയുടെ ഭാര്യ സോയ ഖാനാണ് അറസ്റ്റിലായിരിക്കുന്നത്. 33 കാരിയായ സോയയെ വളരെക്കാലമായി പോലീസ് തെരഞ്ഞുകൊണ്ടിരിക്കുന്ന ക്രിമിനലാണ്.
രഹസ്യവിവരത്തെത്തുടര്‍ന്ന് വടക്കു കിഴക്കന്‍ ഡല്‍ഹിയിലെ വെല്‍കം കോളനിയില്‍ നിന്നാണ് ലഹരിമരുന്നുമായി സോയയെ പിടികൂടിയത്. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറില്‍നിന്നാണ് ഹെറോയിന്‍ എത്തിച്ചതെന്നാണു വിവരം. കവര്‍ച്ചയും കൊലപാതകും മുതല്‍ ആയുധക്കടത്തു വരെയുള്ള ഒട്ടനവധി കേസുകളിലെ പ്രതിയായ ഹാഷിം ബാബ ഇപ്പോള്‍ ജയിലിലാണ്. ഇതോടെ ഇയാളുടെ മാഫിയാ സാമ്രാജ്യം സോയയുടെ നിയന്ത്രണത്തിലായി.
കുറ്റകൃത്യങ്ങളിലെ സോയയുടെ പങ്കിനെക്കുറിച്ച് പോലീസിന് കൃത്യമായ വിവരം ലഭിച്ചിരുന്നെങ്കിലും അവര്‍ക്കെതിരേ തെളിവുകളുണ്ടായിരുന്നില്ല. ലഹരിക്കടത്ത്, പിടിച്ചുപറി തുടങ്ങിയ കേസുകളുമായി സോയ ഖാന് ബന്ധമുണ്ടെന്ന് ഡല്‍ഹി പോലീസ് സ്‌പെഷല്‍ സെല്‍ ഉദ്യോഗസ്ഥര്‍ പറയുന്നു.
സാധാരണ ക്രൈം ബോസുമാരെ പോലെയായിരുന്നില്ല സോയ. ഗ്‌ളാമര്‍ അവര്‍ നിലനിര്‍ത്തിയിരുന്നു. ഉന്നതരുടെ പാര്‍ട്ടികളില്‍ പങ്കെടുത്തു, വിലകൂടിയ വസ്ത്രങ്ങളു ആഡംബര ബ്രാന്‍ഡുകളും ധരിച്ചു, സോഷ്യല്‍മീഡിയയിലും സജീവമായിരുന്നു സോയ. സുന്ദരിയായ ഇവര്‍ക്ക് അനേകം ഫോളോവേഴ്‌സും ഫാന്‍സും സാമൂഹ്യ മാധ്യമങ്ങളിലുണ്ട്.
ആയുധധാരികളായ അംഗരക്ഷകര്‍ക്കൊപ്പമായിരുന്നു ഇവരുടെ യാത്ര. രാഷ്ട്രീയക്കാരുള്‍പ്പെടെയുള്ള ഉന്നതരുമായി ഇവര്‍ അടുത്തബന്ധം പുലര്‍ത്തുകയും പാര്‍ട്ടികളില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. ഇടയ്ക്കിടെ തിഹാര്‍ ജയിലിലെത്തി ഇവര്‍ ഭര്‍ത്താവിനെ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.
ക്രിമിനല്‍ സംഘത്തിന്റെ പ്രവര്‍ത്തനവും സാമ്പത്തിക കാര്യങ്ങളും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ജയിലില്‍വച്ച് ഇവര്‍ കോഡ് ഭാഷയിലൂടെയാണ് സംസാരിച്ചിരുന്നതെന്നും പോലീസ് പറയുന്നു. ജിം ഉടമയായിരുന്ന നാദിര്‍ഷയുടെ കൊലപാതകികള്‍ക്ക് അഭയം നല്‍കിയത് സോയയാണെന്ന് പോലീസ് സംശയിക്കുന്നു. 2024 സെപ്റ്റംബറിലാണ് നാദിര്‍ഷായെ ഒരു സംഘം വെടിവച്ചു കൊല്ലുന്നത്. ഈ കേസുമായി ബന്ധപ്പെട്ട് സോയയെ പോലീസ് നേരത്തേ ചോദ്യം ചെയ്തിരുന്നു.
2017-ലാണ് സോയ ഹാഷിം ബാബയും സോയയും വിവാഹിതരായത്. ഹാഷിം ബാബയുടെ മൂന്നാമത്തെ ഭാര്യയാണ് സോയ. ഇവര്‍ നേരത്തേ മറ്റൊരു വിവാഹം കഴിച്ചിരുന്നു. ആ ബന്ധം ഉപേക്ഷിച്ച ശേഷമാണ് ഹാഷിം ബാബയെ വിവാഹം കഴിച്ചത്. ക്രിമിനല്‍ പശ്ചാത്തലമുള്ള കുടുംബത്തില്‍നിന്നാണ് സോയയുടെയും വരവ്. ലൈംഗികവൃത്തിക്കായി സ്ത്രീകളെ കടത്തിയ കേസില്‍ 2024-ല്‍ സോയയുടെ മാതാവ് അറസ്റ്റിലായിരുന്നു. ലഹരിമരുന്ന് കടത്ത് സംഘത്തിലെ അംഗമാണ് സോയയുടെ പിതാവ്. വടക്ക് കിഴക്കന്‍ ഡല്‍ഹിയിലെ വിവിധ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രവര്‍ത്തനം.
.