Oddly News

ബാര്‍ബിക്ക് പകരം തരംഗമായി ലുബുബു പാവ, 30ലധികം രാജ്യങ്ങളില്‍ ഹിറ്റ്

ലണ്ടന്‍: ബാര്‍ബി പാവകളെപ്പോലെ തരംഗമായി ലുബുബു പാവകള്‍. കുട്ടികൾ മാത്രമല്ല, അനന്യ പാണ്ഡേ, ബ്ലാക്ക്പിങ്കിന്റെ ലിസ, പോപ്പ് ഐക്കൺ റിഹാന, ഡുവ ലിപ, കിം കര്‍ദാഷ്യന്‍ തുടങ്ങിയ സെലിബ്രിറ്റികളും ആരാധകരായി മാറിയതോടെയാണു ലുബുബു പുതു തരംഗമായത്.

ബാർബിക്കൊപ്പം, അമേരിക്കൻ ഗേൾ, ബ്രാറ്റ്സ്, പോളി പോക്കറ്റ് തുടങ്ങിയ ബ്രാൻഡുകളും കുട്ടികളുടെ ഹൃദയങ്ങളെ ആകർഷിക്കുകയും ഫാഷൻ വ്യവസായത്തെ സ്വാധീനിക്കുകയും ചെയ്തു.

ശരിക്കും ലാബുബു ഒരു കഥാപാത്രവും ഒരു ബ്രാന്‍ഡുമാണ്. ആ വാക്കിന് പ്രത്യേകിച്ച് ഒരു അര്‍ത്ഥവുമില്ല. ഹോങ്കോങ്ങുകാരനായ കലാകാരന്‍ കസിങ് ലുങ് സൃഷ്ടിച്ച ‘ദി മോണ്‍സ്‌റ്റേഴ്‌സ്’ ടോയ് സീരീസിലെ ഒരു കഥാപാത്രത്തിന്റെ പേരാണിത്.

വലിയ കണ്ണുകളും മൃദുവായ ശരീരവുമാണ് അവയുടെ പ്രത്യേകത. കൂര്‍ത്ത ചെവികള്‍, ഒമ്പത് പല്ലുകള്‍ കാണിക്കുന്ന പ്രത്യേക ചിരി എന്നിവയും അവയ്ക്കുണ്ട്. അവ മനോഹരമാണോ അല്ലെങ്കില്‍ വിചിത്രമാണോ എന്ന് തീരുമാനിക്കാന്‍ ആരാധകര്‍ക്കു കഴിഞ്ഞിട്ടില്ല. കഥാപാത്രമെന്ന നിലയില്‍ ലാബുബു ‘കരുണയുള്ളവളും എപ്പോഴും സഹായിക്കാന്‍ ആഗ്രഹിക്കുന്നവളുമാണ്, പക്ഷേ പലപ്പോഴും വിപരീതഫലമാണ് ലഭിക്കുന്നത്’.

‘ദ് മോണ്‍സ്‌റ്റേഴ്‌സ്’ പരമ്പരകളില്‍ ലാബുബു പാവകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ബാര്‍ബിയെപ്പോലെ ലാബുബുവിന്റെ കൂട്ടുകാരും ‘വിപണിയിലുണ്ട്’.
2009 ലാണു പാവക്കച്ചവടം തുടങ്ങിയത്. 2020 ഡിസംബറിലാണു രാജ്യാന്തര വിപണിയില്‍ സാന്നിധ്യം ഉയര്‍ത്തിയത്. 2022 ന്റെ അവസാനത്തില്‍ ചൈന മഹാമാരിയില്‍നിന്ന് മുക്തി നേടിയപ്പോഴാണ് അവ ഒരു ഹിറ്റായി മാറാന്‍ തുടങ്ങിയത്. 30 ലധികം രാജ്യങ്ങളില്‍ ഇപ്പോള്‍ അവ വില്‍ക്കാന്‍ സ്‌റ്റോറുകള്‍ തുടങ്ങിയിട്ടുണ്ട്. ചൈനയ്ക്ക് പുറത്തുള്ള വില്‍പ്പന 2024ല്‍ അതിന്റെ മൊത്തം വരുമാനത്തിന്റെ ഏതാണ്ട് 40% വരെ ഉയര്‍ന്നു. ഒരു പാവയ്ക്ക് 1,500 രൂപ വരെയാണ് ഈടാക്കുന്നത്.