Sports

കിലിയന്‍ എംബാപ്പേ പിഎസ്ജി വിടുമെന്ന് ഉറപ്പായി ; താരത്തിന് വേണ്ടി കാത്തുനില്‍ക്കുന്നത് വമ്പന്മാര്‍

ഏഴു വര്‍ഷമായി ഫ്രഞ്ച് ലീഗില്‍ വന്‍ പിഎസ്ജി യുടെ കുന്തമുനയായ ഫ്രഞ്ച് താരം കിലിയന്‍ എംബാപ്പേ ഈ സമ്മറില്‍ ക്ലബ്ബ് വിടുമെന്ന് ഉറപ്പായി. ക്ലബ്ബുമായി പുതിയ കരാറില്‍ ഇതുവരെ ഏര്‍പ്പെട്ടിട്ടില്ലാത്ത എംബാപ്പേ ഫ്രീ ഏജന്റായി മാറുന്നതോടെ ക്ലബ്ബ് വിടും. 25 കാരനായ എംബാപ്പെ 2017 മുതല്‍ ലീഗ് 1 ചാമ്പ്യന്‍മാരോടൊപ്പമാണ്. രണ്ട് വര്‍ഷം മുമ്പ് ക്ലബ്ബുമായി ഏര്‍പ്പെട്ട കരാറാണ് പൂര്‍ത്തിയാകുന്നത്.

പിഎസ്ജിക്കൊപ്പം അഞ്ച് കിരീടങ്ങള്‍ നേടിയ എംബാപ്പോ യൂറോപ്പിലെ പുതിയ ക്ലബ്ബാണ് തേടുന്നത്. അദ്ദേഹത്തിന്റെ നോട്ടം സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡ് തന്നെയാണ്. എന്നാല്‍ അദ്ദേഹത്തിന്റെ പ്രതിനിധികള്‍ അവരുടെ ഓഫര്‍ സ്വീകരിച്ചിട്ടില്ല. യൂറോപ്പിലുടനീളമുള്ള ക്ലബ്ബുകള്‍ എംബാപ്പെയുടെ സേവനങ്ങള്‍ക്കായി കാത്തു നില്‍ക്കുമ്പോള്‍ ഇത് ഒരു വലിയ ട്രാന്‍സ്ഫര്‍ പോരാട്ടത്തിന് കാരണമാകും.

293 ഔട്ടിംഗുകളില്‍ നിന്ന് 240 ഗോളുകള്‍ നേടിയ സ്ട്രൈക്കറെ കരാര്‍ ചെയ്യാന്‍ ലിവര്‍പൂളും ആഴ്സണലുമാണ് മുന്നിലുള്ളത്. ബാഴ്സലോണ, ബയേണ്‍ മ്യൂണിക്ക്, മാന്‍ സിറ്റി തുടങ്ങിയ ക്ലബ്ബുകളും സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. എംബാപ്പെയുടെ വേതനമാണ് മിക്ക ക്ലബ്ബുകള്‍ക്കും പ്രശ്‌നം. പാരീസില്‍ അദ്ദേഹത്തിന് ആഴ്ചയില്‍ ഏകദേശം 900,000 പൗണ്ടായിരുന്നു ശമ്പളം.

മറ്റൊരിടത്തേക്ക് മാറാന്‍ എംബാപ്പെയ്ക്ക് തന്റെ നിലവിലെ പ്രതിഫലത്തില്‍ 50 ശതമാനമെങ്കിലും വെട്ടിക്കുറയ്‌ക്കേണ്ടി വന്നേക്കാം. പിഎസ്ജിക്ക് ട്രാന്‍സ്ഫര്‍ ഫീസ് നല്‍കേണ്ടതില്ലെങ്കിലും, ക്ലബ്ബുകള്‍ എംബാപ്പെയ്ക്ക് വലിയ സൈനിംഗ്-ഓണ്‍ ബോണസ് നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു.