Featured Sports

ഫ്രാന്‍സില്‍ ലീഗ് 2 ഫുട്‌ബോള്‍ക്ലബ്ബിനെ സ്വന്തമാക്കി കിലിയന്‍ എംബാപ്പേ

ലോകത്തിലെ ഏറ്റവും പ്രശസ്തനായ ഫ്രഞ്ച് ഫുട്‌ബോളര്‍മാരില്‍ എന്തായാലും കിലിയന്‍ എംബാപ്പേ ഉണ്ടാകുമെന്ന് ഉറപ്പ്. വെറും 25 വയസ്സിനുള്ളില്‍ അദ്ദേഹം സ്വന്തമാക്കിയ നേട്ടങ്ങളില്‍ സ്വന്തമായി ഫുട്‌ബോള്‍ ക്ലബ്ബും. ഫ്രാന്‍സില്‍ ലീഗ് 2 ല്‍ കളിക്കുന്ന കെയ്ന്‍ ഫുട്‌ബോള്‍ ക്ലബ്ബ് വാങ്ങിയിരിക്കുകയാണ് കിലിയന്‍ എംബാപ്പേ. ക്ലബ്ബില്‍ താരം ഇതിനകം ഗണ്യമായ നിക്ഷേപം നടത്തിയിട്ടുണ്ട്.

ഫ്രഞ്ച് പ്രസിദ്ധീകരണമായ ലെ പാരിസിയന്‍ എംബാപ്പെ കേനിന്റെ ഭൂരിഭാഗം ഓഹരി ഉടമയാകാന്‍ 20 മില്യണ്‍ യൂറോയില്‍ താഴെ ചെലവഴിക്കും എന്ന് പ്രതീക്ഷിക്കുന്നു. 5 മില്യണ്‍ മൂല്യമുള്ള ഓഹരികളോടെ പിയറി-ആന്റിന്‍ ടീമിന്റെ സഹ ഉടമയായി തുടരും. 1913 ല്‍ സ്ഥാപിതമായ ക്ലബ്ബ് മുമ്പ് കൗമാരകാലത്ത എംബാപ്പേയെ സൈന്‍ ചെയ്തിരുന്നതാണ്. എന്നാല്‍ ലീഗ് 1-ല്‍ നിന്ന് ക്ലബ്ബ് തരംതാഴ്ത്തല്‍ നേരിട്ടതിനാല്‍ അദ്ദേഹത്തിന് മറ്റ് ഓപ്ഷനുകള്‍ തേടേണ്ടിവന്നു. തുടര്‍ന്നാണ് എംബാപ്പേ മൊണാക്കോയില്‍ ചേര്‍ന്നത്.

എംബാപ്പെയുടെ ഫ്രാന്‍സ് ടീമിലെ സഹതാരം എന്‍ഗോലോ കാന്റെയും മുന്‍ ലെസ് ബ്ലൂസ് ഡിഫന്‍ഡര്‍ വില്യം ഗല്ലാസും അവരുടെ മുന്‍ കളിക്കാരില്‍ ഉള്‍പ്പെടുന്നു. എന്നിരുന്നാലും രണ്ട് തവണ ലീഗ് 2 ചാമ്പ്യന്‍മാരായ ക്ലബ്ബ് കഴിഞ്ഞ സീസണില്‍ ലീഗ് 2ല്‍ ആറാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ഓഗസ്റ്റ് 17 ന് പാരീസ് എഫ്സിക്ക് ആതിഥേയത്വം വഹിച്ചുകൊണ്ട് പുതിയ കാമ്പെയ്ന്‍ ആരംഭിക്കുന്നു.

സ്പാനിഷ് വമ്പന്മാരായ റയലിനൊപ്പം പുതിയ സീസണ്‍ ആരംഭിക്കാനൊരുങ്ങുകയാണ് എംബാപ്പെ. അറ്റലാന്റയ്ക്കെതിരായ യുവേഫ സൂപ്പര്‍ കപ്പ് പോരാട്ടത്തില്‍ എംബാപ്പെ റയല്‍ മാഡ്രിഡിനായി അരങ്ങേറ്റം കുറിക്കുമെന്ന് പ്രതീക്ഷിക്കുന്നു. റയല്‍ മാഡ്രിഡുമായി ഒരു ബ്ലോക്ക്ബസ്റ്റര്‍ കരാര്‍ ഒപ്പിട്ടതിന് ശേഷം, 15 മില്യണ്‍ യൂറോ (13 മില്യണ്‍/16 മില്യണ്‍ ഡോളര്‍) ശമ്പളമുള്ള ക്ലബ്ബിന്റെ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന കളിക്കാരില്‍ ഒരാളായി എംബാപ്പെ മാറും. പാരീസ് സെന്റ് ജെര്‍മെയ്നില്‍ സമ്പാദിച്ചതിനെ അപേക്ഷിച്ച് ശമ്പളം വളരെ കുറവാണ്.