കോഴിക്കോട് ചേവായൂരിനടുത്ത് തടമ്പാട്ടുതാഴത്ത് വയോധിക സഹോദരിമാരെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്നു പോസ്‌റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ശ്രീജ, പുഷ്പലളിത എന്നീ സഹോദരിമാരുടെ മരണം കഴുത്ത് ഞെരിച്ചാണെന്ന് പോസ്‌റ്റ്മോര്‍ട്ടത്തില്‍ സ്ഥിരീകരിച്ചു. സംഭവത്തിനുശേഷം കാണാതായ ഇളയസഹോദരൻ പ്രമോദിനായി പൊലീസ് തിരച്ചിൽ ഊർജിതമാക്കി.
. മൂഴിക്കല്‍ സ്വദേശികളായ ശ്രീജയ(67)യേയും ജ്യേഷ്‌ഠത്തി പുഷ്‌പലളിത(71)യേയുമാണ് തടമ്പാട്ടുതാഴത്തെ വാടകവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. മരണവിവരം ബന്ധുക്കളെ അറിയിച്ച ഇളയസഹോദരന്‍ പ്രമോദിനെ കാണാനില്ലെന്നു പോലീസ് അറിയിച്ചു.
ലോട്ടറിക്കച്ചവടക്കാരനായ പ്രമോദും സഹോദരിമാരും ഇവിടെ വാടകയ്‌ക്ക് താമസിക്കാന്‍ തുടങ്ങിയിട്ട് മൂന്നുവര്‍ഷത്തോളമായി. ഇവരുടെ തറവാട് മൂഴിക്കലിലാണ്. ഇന്നലെ പുലര്‍ച്ചെ അഞ്ചോടെയാണ് പ്രമോദ് ബന്ധുവിനെ വിളിച്ച് ശ്രീജയയുടെ മരണം അറിയിച്ചത്. ബന്ധുക്കളെത്തിയപ്പോള്‍ രണ്ട് മുറികളിലായി മൃതദേഹങ്ങള്‍ പുതപ്പിച്ച നിലയില്‍ കണ്ടെത്തി. പ്രമോദ് വീട്ടിലില്ലായിരുന്നു. ഇയാള്‍ അവസാനമായി ഫോണ്‍ ഉപയോഗിച്ചതു ഫറോക്കിലാണെന്ന് ടവര്‍ ലൊക്കേഷന്‍ പരിശോധനയില്‍ കണ്ടെത്തി. പിന്നീട് ഫോണ്‍ സ്വിച്ച് ഓഫാണ്. പോലീസ് തെരച്ചില്‍ തുടരുന്നു.




