ബി.ഫാം വിദ്യാർഥിനിയെ ആൺസുഹൃത്തിന്റെ വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട്∙ എരഞ്ഞിപ്പാലത്താണ് സംഭവം. അത്തോളി സ്വദേശിനിയായ ആയിഷ റഷ (21) ആണ് മരിച്ചത്. ബി.ഫാമിന് മംഗലാപുരത്ത് പഠിക്കുകയായിരുന്ന ആയിഷ മൂന്നു ദിവസം മുമ്പാണ് ആൺ സുഹൃത്ത് ബഷീറുദ്ദീന്റെ വീട്ടിലെത്തിയതെന്നാണ് വിവരം.
കോഴിക്കോട്ടെ ജിമ്മിൽ ട്രെയിനറാണ് ബഷീറുദ്ദീൻ. ഇയാൾ യുവതിയെ ബ്ലാക്ക് മെയിൽ ചെയ്തതായും മർദിച്ചതായും ബന്ധുക്കള്‍ ആരോപിക്കുന്നു. കോഴിക്കോട്ടെത്തിയെങ്കിലും ആയിഷ അത്തോളിയിലെ വീട്ടിലേക്ക് പോയിരുന്നില്ലെന്നും ബന്ധുക്കൾ പറഞ്ഞു.
ആയിഷയുടെ മരണം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ബഷീറുദീനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്യുകയാണ്. ഇന്നലെ രാത്രിയാണ് ആയിഷ മരിച്ചത്. ബഷീറുദ്ദീൻ തന്നെയാണ് ആയിഷയെ ആശുപത്രിയില്‍ എത്തിച്ചത്. ആദ്യം ഭാര്യയെന്നാണ് ഇയാൾ ആശുപത്രി അധികൃതരോട് പറഞ്ഞതെന്നും പിന്നീട് സുഹൃത്തെന്ന് പറഞ്ഞതായും ബന്ധുക്കൾ ആരോപിക്കുന്നു. ആശുപത്രിയില്‍നിന്ന് അധികൃതർ നടക്കാവ് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മാത്രമേ യഥാർഥ മരണകാരണം വ്യക്തമാവുകയുള്ളൂ.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)




