Healthy Food

‘വയറിന്റെ രാജ്ഞി’ ; ശരാശരിയേക്കാൾ 40% വലുത്, ഒറ്റയിരിപ്പില്‍ കഴിക്കുന്നത് 10ബൗള്‍ നൂഡില്‍സ്, കഴിക്കുന്നത് 30,000കലോറിവരെ

സ്ത്രീക്കും പുരുഷനും ആവശ്യമായ പ്രതിദിനകലോറിയുടെ അളവ് വ്യത്യസ്തമാണ്. സ്ത്രീകള്‍ക്ക് 2000 കലോറിയും പുരുഷന്മാര്‍ക്ക് 2500 കലോറിയുമാണ് ആരോഗ്യകരമായ അളവായി ആരോഗ്യവിദഗ്ധര്‍ ശുപാര്‍ശ ചെയ്യുന്നത്. എന്നാല്‍ ദിവസം 30,000 കലോറി ഭക്ഷണംവരെ അനായാസം കഴിക്കാനാകുന്ന കൊറിയന്‍ യുവതിയാണ് ഇപ്പോ‘ സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധനേടുന്നത്.

ദക്ഷിണ കൊറിയയിലെ പ്രശസ്ത മുക്ബാങ് യൂട്യൂബറായ പാര്‍ക്ക് ജുങ്-വോണിന് ദിവസേന ഏകദേശം 30,000 കലോറി ഭക്ഷണം കഴിക്കാനാകും. കാഴ്ചക്കാരോട് സംസാരിച്ചുകൊണ്ട് വലിയ അളവില്‍ ഭക്ഷണം കഴിക്കുന്ന വീഡിയോ പങ്കുവെക്കുന്ന ദക്ഷിണ കൊറിയന്‍ ട്രെന്റാണ് മുക്ബാങ്. ലൈവ് സ്ട്രീമിങ് നടത്തുന്ന ഇത്തരം വീഡിയോകള്‍ 2010-ടെയാണ് ജനശ്രദ്ധ നേടുന്നത്.

സാമൂഹിക മാധ്യമങ്ങളില്‍ സുയാങ് എന്നാണ് ഇവര്‍ അറിയപ്പെടുന്നത്. 1.61 മീറ്റര്‍ ഉയരവും 50 കിലോ ശരീരഭാരവുമുള്ള 28വയസ്സുകാരിയായ സുയാങ് സ്വന്തമായി റസ്റ്ററൻ്റും ആരംഭിച്ചിട്ടുണ്ട്. സ്ത്രീകൾക്ക് ദൈനംദിനം ആവശ്യമായ കലോറിയുടെ 15 മടങ്ങ് ഭക്ഷണം ഇവർ കഴിക്കുന്നതായാണ് സൗത്ത് ചൈന മോര്‍ണിങ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് സുയാങിന്റെ വയര്‍ ശരാശരിയേക്കാൾ 40% വലുതാണ്. ഇത് പുരുഷന്മാരുടേതിനേക്കാളും വലുതാണെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഇവരുടെ ദഹനപ്രക്രിയ, രക്തത്തിലെ പഞ്ചസാരയുടെ അളവ്, ഉദരാരോഗ്യം എന്നിവ ആരോഗ്യകരമാണെന്ന് മെഡിക്കല്‍ പരിശോധനകള്‍ പറയുന്നു. 10 ബൗള്‍ റാമെന്‍ ( ചൈനീസ് നൂഡില്‍സ്), 101 പ്ലേറ്റ് സുഷി എന്നിവ ഒറ്റയിരുപ്പില്‍ കഴിച്ച സുയാങ്ങിന്റെ വീഡിയോകള്‍ ഏറെ വൈറലായവയാണ്. അസാധാരണമായ ഈ ഭക്ഷണശീലം ആരോഗ്യത്തിന് ഹാനികരമല്ലെന്നാണ് സുയാങ്ങിന്റെ അവകാശവാദം.

ഒരു ശരാശരി മനുഷ്യന്റെ വയറിന് 1-2 ലിറ്റര്‍ വരെ ഭക്ഷണം ഉള്‍ക്കൊള്ളാന്‍ കഴിയും. എന്നാല്‍ സുയാങിന്റെ വയര്‍ 30-40% വലുതാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നതായി റിപ്പോർട്ടുകളുണ്ട്. ഇത് കൂടുതൽ ഭക്ഷണം ഉള്‍ക്കൊള്ളാന്‍ സഹായിക്കും. ഒരു വ്‌ളോഗിൽ സുയാങ് 29,490 കലോറി കഴിച്ചതായി പറയുന്നുണ്ട്. ഹാംബര്‍ഗര്‍, സുഷി, റാമെന്‍, പിസ്സ, ഈല്‍ തുടങ്ങിയവ ഇതില്‍പ്പെടുന്നു.

മുക്ബാങ് താരങ്ങളുടെ ഈ ഭക്ഷണശീലം പൊതുജനങ്ങള്‍ക്ക് അനുകരിക്കാന്‍ സാധിക്കുന്നതല്ല. ദീര്‍ഘകാല ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഇവ കാരണമാകാം. ദിവസവും ഇത്രയധികം ഭക്ഷണം കഴിക്കാറില്ലെന്നും വ്‌ളോഗുകള്‍ക്കായി മാത്രമാണ് ഇത്തരം അമിതഭക്ഷണം കഴിക്കുന്നതെന്നും സുയാങ് വ്യക്തമാക്കിയിട്ടുണ്ട്.

ഏറെ കാഴ്ചക്കാരുള്ള മുക്ബാങ് വീഡിയോകൾക്ക് വിമർശകരുമുണ്ട്. ഭക്ഷണം പാഴാക്കുന്നതും അനാരോഗ്യകരമായ ഭക്ഷണശീലങ്ങൾ പ്രോത്സാഹിപ്പിക്കുന്നതും മുഖ്ബാങ്ങിൻ്റെ പോരായ്മയായി വിമർശിക്കപ്പെടാറുണ്ട്.