The Origin Story

അയോദ്ധ്യയിലെ രാമക്ഷേത്രം തുറന്നപ്പോള്‍ ദക്ഷിണകൊറിയക്കാര്‍ എന്തിനാണ് സന്തോഷിച്ചത് ?

ജനുവരി 22 ന് അയോദ്ധ്യയില്‍ രാമക്ഷേത്രത്തില്‍ പ്രാണപ്രതിഷ്ഠ നടന്നപ്പോള്‍ ഇന്ത്യയില്‍ അനേകരാണ് ആനന്ദിച്ചത്. എന്നാല്‍ ഇന്ത്യയില്‍ ലക്ഷക്കണക്കിന് ആള്‍ക്കാരെപ്പോലെ രാംലല്ലയിലെ പ്രതിഷ്ഠാ ചടങ്ങ് ദക്ഷിണകൊറിയയിലും അനേകരാണ് ടെലിവിഷനില്‍ ഇന്ത്യയില്‍ നടന്ന ചടങ്ങ് കണ്ടത്.

ദക്ഷിണ കൊറിയയില്‍ പലരും രാമക്ഷേത്ര പ്രതിഷ്ഠ ഓണ്‍ലൈനില്‍ അവരുടെ വീടുകളില്‍ നിന്ന് ആകാംക്ഷയോടെ വീക്ഷിച്ചത് സ്വാഭാവികമാണ്. ദക്ഷിണ കൊറിയയിലെ 60 ലക്ഷത്തോളം ആളുകള്‍ തങ്ങള്‍ സൂരിരത്നയുടെ പിന്‍ഗാമികള്‍ എന്ന് സ്വയം കരുതുന്നു. അയോധ്യയെ അവര്‍ അവരുടെ മാതൃഭവനമായി കണക്കാക്കുന്നതാണ് അയോദ്ധ്യയും അവിടെ ക്ഷേത്രം ഉയരുന്നതിലെയും സന്തോഷം.

കൊറിയന്‍ ഐതിഹ്യമനുസരിച്ച് ഏകദേശം 2,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് അയോധ്യയില്‍ നിന്നുള്ള ഒരു കൗമാര രാജകുമാരി ഒരു ബോട്ടില്‍ സമുദ്രത്തിലൂടെ 4,500 കിലോമീറ്റര്‍ സഞ്ചരിച്ച് വടക്കേ ഏഷ്യന്‍ രാജ്യത്ത് ഗയ രാജ്യം സ്ഥാപിച്ച കിം സുറോയെ വിവാഹം കഴിച്ചു. സൂരിരത്‌ന എന്ന ആ രാജകുമാരി പിന്നീട് ഹീയോ ഹ്വാങ്-ഓക്ക് രാജ്ഞിയായി. ഈ കഥ ഇന്ത്യയില്‍ അറിയപ്പെടുന്നില്ലെങ്കിലും കൊറിയയില്‍ ഏറെ പ്രചാരമുള്ളതാണ്. സൂരിരത്‌നയുടെ പിന്‍ഗാമികള്‍ അയോദ്ധ്യയെ തങ്ങളുടെ പാരമ്പര്യ ഗൃഹമായി കരുതുന്നു.

അതുകൊണ്ടു തന്നെ പുതിയ ക്ഷേത്രം കൂടി വന്നതോടെ രാമക്ഷേത്ര സമുച്ചയം കാണാന്‍ സൂരിരത്‌നയുടെ പിന്‍ഗാമികള്‍ ആകാംഷയോടെയാണ് കാത്തിരിക്കുന്നത്. 2001-ല്‍ അയോധ്യയിലെ സരയൂ നദിയുടെ തീരത്ത് ഉത്തര്‍പ്രദേശിന്റെ പങ്കാളിത്തത്തോടെ സ്ഥാപിച്ച ക്യൂന്‍ ഹിയോ മെമ്മോറിയല്‍ പാര്‍ക്കില്‍ ക്യൂന്‍ ഹിയോ ഹ്വാങ്-ഓക്ക് രാജ്ഞിയുടെ സ്മാരകമുണ്ട്. അവിടെ ആദരാഞ്ജലി അര്‍പ്പിക്കാന്‍ കാരക് വംശത്തിലെ നിരവധി അംഗങ്ങള്‍ എല്ലാ വര്‍ഷവും അയോധ്യ സന്ദര്‍ശിക്കുന്നു.

ക്വീന്‍ ഹിയോ മെമ്മോറിയല്‍ പാര്‍ക്കില്‍ നിന്ന് ഏതാനും കിലോമീറ്റര്‍ അകലെയുള്ള ക്ഷേത്രത്തിലെ രാം ലല്ലയുടെ പുതിയ വിഗ്രഹത്തിന്റെ ജനുവരി 22-ന് നടന്ന ‘പ്രാണ്‍ പ്രതിഷ്ഠ’ ചടങ്ങില്‍ പങ്കെടുത്തവരില്‍ സെന്‍ട്രല്‍ കാരക് ക്ലാന്‍ സൊസൈറ്റിയുടെ സെക്രട്ടറി ജനറല്‍ കിം ചില്‍-സുവും ഉള്‍പ്പെടുന്നു.

2,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ വ്യാപിച്ചുകിടക്കുന്ന പാര്‍ക്കില്‍ ഒരു ധ്യാന ഹാള്‍, രാജ്ഞിക്കും രാജാവിനും സമര്‍പ്പിച്ചിരിക്കുന്ന പവലിയനുകള്‍, പാതകള്‍, ഒരു ജലധാര, ചുവര്‍ചിത്രങ്ങള്‍, ഓഡിയോ വീഡിയോ സൗകര്യങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു. ടൈല്‍ പാകിയ ചരിഞ്ഞ മേല്‍ക്കൂരയുള്ള സാധാരണ കൊറിയന്‍ ശൈലിയിലാണ് പവലിയനുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്.

പുരാതന കൊറിയന്‍ ചരിത്ര ഗ്രന്ഥമായ ‘സാംഗുക് യൂസ’ പ്രകാരം ഗിംഹെ ഹിയോ കുടുംബങ്ങളുടെ പൂര്‍വ്വിക മാതാവായി ഹിയോ ഹ്വാങ്-ഓക്ക് രാജ്ഞിയെ ബഹുമാനിക്കുന്നു. എഡി 48ല്‍ ‘അയുത’യില്‍ നിന്നാണ് രാജ്ഞി കൊറിയയില്‍ എത്തിയതെന്ന് അതില്‍ പറയുന്നു. കാരക് വംശത്തിലെ ഗിംഹേ ഹിയോ കുടുംബങ്ങളുടെ പൂര്‍വ്വിക അമ്മയായി അവര്‍ ഇപ്പോഴും ബഹുമാനിക്കപ്പെടുന്നു.

നേരത്തേ ദക്ഷിണ കൊറിയന്‍ എംബസിയും ജനുവരി 22 ന് നടക്കുന്ന സമര്‍പ്പണ ചടങ്ങിന് ഇന്ത്യയെ അഭിനന്ദിച്ചിരുന്നു. ‘കൊറിയ-ഇന്ത്യ ബന്ധങ്ങള്‍ക്ക് ഈ സ്ഥലം വലിയ പ്രതീകാത്മക പ്രാധാന്യമുള്ളതാണ്. എഡി 48-ല്‍ ഗയയില്‍ (കൊറിയ) നിന്നുള്ള അയോധ്യയും കിം സുറോ രാജാവും’ എക്‌സില്‍ അവര്‍ ഇട്ട പോസ്റ്റില്‍ പറയുന്നു. 2015ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുന്‍ ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ ഇന്നും സ്മാരകം വിപുലീകരിക്കുന്നതിനുള്ള ധാരണാപത്രത്തില്‍ ഒപ്പുവച്ചിരുന്നു.