വൈകുന്നേരം ഒരു കപ്പ് കാപ്പി അത് പലവര്‍ക്കും നിര്‍ബന്ധമായിരിക്കും. അത് കുടിച്ചാല്‍ പിന്നെ എന്തെന്നില്ലാത്ത ഊര്‍ജ്ജം അനുഭവപ്പെട്ടേക്കാം. ഗുണദോഷ സമ്മിശ്രമായ കാപ്പി ലോകമൊട്ടാകെയുള്ള ആളുകള്‍ക്ക് പ്രിയപ്പെട്ടതാണ്. എന്നാല്‍ കോഫി എങ്ങനെ കുടിക്കണം? എപ്പോള്‍ കുടിക്കണം എന്നിങ്ങനെയുള്ള കാര്യങ്ങളില്‍ ഇക്കാലയളവില്‍ പല പഠനങ്ങളും നടന്നിട്ടുണ്ട്..
ആന്റിഓക്സിഡന്റുകള്‍ കൊണ്ട് നിറഞ്ഞ കോഫിക്ക് തലച്ചോറിന്റെ പ്രവര്‍ത്തനത്തെയും ഹൃദയാരോഗ്യത്തെയും സഹായിക്കാനും ഉപാപചയ പ്രവര്‍ത്തനങ്ങള്‍ വര്‍ധിപ്പിക്കാനും കഴിയുന്നു. പരമാവധി ഗുണങ്ങള്‍ ലഭിക്കുന്നതിന് കോഫി കുടിക്കേണ്ട രീതി എങ്ങനെയാണ് എന്നതിനെക്കുറിച്ച് പോഷകാഹാര വിദഗ്ധയും i Trive. സ്ഥാപകനുമായ മുഗ്ധ പ്രധാന്‍, വോഗ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.
കാപ്പിയിലുള്ള കഫിന്‍ ഒരു സ്വാഭാവിക ഉത്തേജകമായി പ്രവര്‍ത്തിക്കുകയും ഊര്‍ജ്ജം ചിലവിടുന്നതിന്റെ നിരക്ക് വര്‍ദ്ധിപ്പിക്കാനായി സഹായിക്കുകയും ചെയ്യുന്നു. ശരീരത്തിന്റെ സ്വാഭാവിക കോര്‍ട്ടിസോള്‍ പ്രവര്‍ത്തനം തകരാറാകാതിരിക്കാനായി ഉറക്കമുണര്‍ന്നതിന് പിന്നാലെ 90 മിനിറ്റ് കഴിഞ്ഞ ശേഷം മാത്രം കോഫി കുടിക്കുക. ഇങ്ങനെ ചെയ്താല്‍ കഫീന് കൂടുതല്‍ ഫലപ്രദമായി ഊർജ്ജ നില വർദ്ധിപ്പിക്കാൻ കഴിയും.
വ്യായാമത്തിന് മുമ്പും ശേഷവും ബ്ലാക്ക് കോഫി കഴിക്കുന്നത് നല്ലതാണ്. എന്നാല്‍ വെറും വയറ്റിൽ കാപ്പി കുടിക്കുന്നതിനെതിരെ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഭക്ഷണമില്ലാതെ രാവിലെ വെറുംവയറ്റില്‍ കാപ്പികുടിക്കുന്നത് അസിഡിറ്റി വര്‍ദ്ധിപ്പിക്കും. കാപ്പിക്കുമുമ്പ് എന്തെങ്കിലു ലഘുഭക്ഷണം കഴിക്കുന്നതും നല്ലതാണ്.
ഇങ്ങനെയൊക്കെയാണെങ്കിലും അധികമായി കോഫി കുടിക്കുന്നതിന്റെ ദുഷ്യഫലങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്.
കോഫിയുടെ ഡൈയുററ്റിക് കാരണം മൂത്രമൊഴിക്കുന്നത് കൂടാം. ഇത് നിര്‍ജ്ജലീകരണത്തിന് കാരണമാകും. ഒരു ദിവസം നാല് കപ്പില്‍ അധികം കാപ്പി അല്ലെങ്കില്‍ 500 മില്ലിഗ്രാം കഫീന്‍ കഴിക്കന്നത് ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയിലേക്ക് നയിക്കാം. ഉയര്‍ന്ന കഫീന്‍ ഈസ്ട്രജന്റെയും അളവ് കൂട്ടുന്നു.ഒരു ദിവസം 3 മുതല്‍ 4 കപ്പ് വരെ മാത്രം കോഫി കുടിക്കുന്നത് ഇത്തരം സങ്കീര്‍ണതകള്‍ തടയാനും ശരീരത്തില്‍ ശരിയായ ജലാംശം ഉറപ്പാക്കുന്നു.