ചിലര്‍ക്ക് പനിയും ജലദോഷവുമുള്ളപ്പോള്‍ ചുണ്ടില്‍ ദ്രാവകങ്ങള്‍ നിറഞ്ഞ ചെറു വ്രണങ്ങള്‍ രൂപപ്പെടാറില്ലേ. കവിളിലും താടിയിലും മൂക്കിനുള്ളിലും ഇത് വരാം. കോള്‍ഡ് സോറുകള്‍ എന്നാണ് ഇത് അറിയപ്പെടുന്നത്. ഇത് സിംപ്ലക്‌സ് വൈറസ്(എച്ച്എസ് വി) മൂലമാണ് വരുന്നത്. പ്രത്യേകിച്ച് എച്ച്എസ് വി ടൈപ്പ് 1 എന്ന എച്ച് എസ് വി -1 മൂലം പനിക്കൊപ്പം ഒന്നോ രണ്ടോ ആഴ്ച കള്‍ക്കുള്ളില്‍ ഈ കോള്‍ഡ് സോറുകള്‍ അപ്രത്യക്ഷമാകുകയും ചെയ്യുന്നു.
ഈ വൈറസ് സിംപിള്‍ ആണെങ്കിലും ചുംബിച്ചാല്‍ ഇത് വളരെ വേഗത്തില്‍ ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരും. വ്രണങ്ങള്‍ ഉണ്ടായാല്‍ ചെറിയ വേദനയും അസ്വസ്ഥതയും അനുഭവപ്പെടുകയും ചെയ്യും. ചെറിയ ചര്‍മ്മങ്ങള്‍ തമ്മിലുള്ള അടുത്ത ബന്ധം വഴിയാണ് ഹെര്‍പസ് സിംപ്ലക്സ് പടരുന്നതെന്നും ചുംബനം അതില്‍ ഒരു മാര്‍ഗ്ഗം മാത്രമാണെന്നും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആന്‍ഡ്രോളജി ആന്‍ഡ് സെക്ഷ്വല്‍ ഹെല്‍ത്ത് സ്ഥാപകന്‍ ഡോ ചിരാഗ് ഭണ്ഡാരി എച്ച്ടി ലൈഫ് സ്‌റ്റൈലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.
പൊട്ടിയ വ്രണങ്ങള്‍ അധികമായി രോഗപടര്‍ച്ചയുണ്ടാക്കുമെന്നും ഡോക്ടര്‍ ചൂണ്ടിക്കാട്ടി. പുറമേക്ക് വൃണങ്ങള്‍ പ്രത്യക്ഷമല്ലാത്ത അവസ്ഥയിലും രോഗിയുടെ ഉമിനീരിലും ചര്‍മ്മത്തിലും വൈറസിന്റെ സാന്നിധ്യമുണ്ടാകും. രോഗിയുടെ ലിപ് ബാം, പാത്രങ്ങള്‍ , ടവലുകള്‍ എന്നിവ ഉപയോഗിക്കുന്നതും വൈറസ് പകരുന്നതിന് കാരണമാകും.
കോള്‍ഡ് സോര്‍ വ്രണങ്ങള്‍ തൊട്ടത്തിന് ശേഷം കൈകള്‍ നന്നായി സോപ്പിട്ട് കഴുകണം. നിരന്തരം ഇത്തരം കോള്‍ഡ് സോറുകള്‍ വരുന്നവര്‍ ഡോക്ടറെ കണ്ട് ആന്റിവൈറല്‍ മരുന്നുകള്‍ വാങ്ങേണ്ടതാണ്. ഇവ രോഗം പകരുന്നതിന്റെ കാഠിന്യവും ദൈര്‍ഘ്യവും കുറയ്ക്കുമെന്നും ഡോ. ചിരാഗ് കൂട്ടിച്ചേര്‍ത്തു.