Myth and Reality

സൂര്യാസ്തമയത്തിനു ശേഷം ആരും തങ്ങാത്ത രാജസ്ഥാനിലെ കിരാഡുക്ഷേത്രം; ഇതാണ് കാരണം

രാജകൊട്ടാരങ്ങൾ, ആകർഷകമായ സംസ്കാരം, സമ്പന്നമായ പൈതൃകം എന്നിവയ്ക്ക് പേരുകേട്ട രാജസ്ഥാൻ, ഇന്ത്യയിലെ ഏറ്റവും നിഗൂഢമായ ചില സ്ഥലങ്ങളുടെയും വിശ്വാസങ്ങളുടെയും ആസ്ഥാനം കൂടിയാണ്.

അത്തരത്തിലുള്ള ഒരു സ്ഥലമാണ് രാജസ്ഥാനിലെ ബാർമർ ജില്ലയിലെ കിരാഡു ക്ഷേത്രം. സങ്കീർണ്ണമായ കൊത്തുപണികളുള്ള ഈ ക്ഷേത്രം “രാജസ്ഥാനിലെ ഖജുരാഹോ” എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. എന്നാൽ സൂര്യസ്തമായത്തിന് ശേഷം അതിനെ വിജനവും ഭയാനകവുമാക്കുന്ന ഒരു പഴക്കമുള്ള ശാപവും ഈ ക്ഷേത്രത്തിനുണ്ട്.

പന്ത്രണ്ടാം നൂറ്റാണ്ടിൽ പണികഴിപ്പിച്ച കിരാഡു ക്ഷേത്രം, ശക്തനായ ഒരു മഹർഷിയുടെ ശാപം മൂലം ഉപേക്ഷിക്കപ്പെടാൻ കാരണമായി എന്നാണ് ഇവിടുത്തുകാർ വിശ്വസിക്കുന്നത്. ഐതിഹ്യം അനുസരിച്ച്, സൂര്യാസ്തമയത്തിനു ശേഷം ക്ഷേത്ര പരിസരത്തു താമസിക്കുന്ന ഏതൊരാളും ഒന്നുകിൽ കല്ലായി മാറുകയോ അല്ലെങ്കിൽ മരണപ്പെടുകയോ ചെയ്യുമത്രേ.

ഈ ഭയാനകമായ വിശ്വാസം നൂറ്റാണ്ടുകളായി കൈമാറ്റം ചെയ്യപ്പെട്ടുവന്നതാണ്. ഇത് ക്ഷേത്രത്തെ ഉപേക്ഷിക്കപ്പെട്ടതും എന്നാൽ വിചിത്രവുമാക്കി മാറ്റിയിരിക്കുകയാണ്.

ശാപത്തിനു പിന്നിലെ ഐതിഹ്യ. ഇങ്ങനെ ആണ്. ഒരിക്കൽ ഒരു മഹാമുനി തന്റെ ശിഷ്യന്മാരുമായി കിരാഡുവിനടുത്തുള്ള ഗ്രാമത്തിൽ എത്തി . നിർഭാഗ്യവശാൽ, അവരുടെ താമസത്തിനിടയിൽ, മുനി സ്ഥലത്തില്ലാതിരുന്ന സമയത്ത് അദ്ദേഹത്തിന്റെ ശിഷ്യന്മാർക്ക് ഗുരുതരമായ രോഗം ബാധിച്ചു. ഗ്രാമം നിറയെ ആളുകൾ ഉണ്ടായിട്ടും ദയാലുവായ ഒരു കുശവന്റെ ഭാര്യ ഒഴികെ, രോഗികളായ ശിഷ്യന്മാരെ പരിചരിക്കാനോ സഹായിക്കാനോ ആരും മുന്നോട്ടു വന്നിരുന്നില്ല.

ഒടുവിൽ മുനി മടങ്ങിയെത്തിയപ്പോൾ ഗ്രാമവാസികളുടെ കാരുണ്യമില്ലായ്മയെക്കുറിച്ച് അറിയുകയും അദ്ദേഹം രോഷാകുലനാകുകയും ചെയ്തു.

“മനുഷ്യത്വമില്ലാത്തിടത്ത് ജീവനുണ്ടാകില്ല. രാത്രിയാകുമ്പോൾ നിങ്ങളെല്ലാവരും കല്ലായി മാറും.” കോപിഷ്ഠനായ മുനി ഗ്രാമത്തെ മുഴുവൻ ശപിച്ചു..

എന്നിരുന്നാലും കുശവന്റെ ഭാര്യയോടുള്ള നന്ദി സൂചകമായി, സൂര്യാസ്തമയത്തിന് മുമ്പ് ഗ്രാമം വിട്ടുപോകാൻ അദ്ദേഹം അവളോട് നിർദ്ദേശിക്കുകയും തിരിഞ്ഞുനോക്കരുതെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു.

എന്നാൽ അവൾ ഓടി പോകുമ്പോൾ, ജിജ്ഞാസകൊണ്ട്, ഗ്രാമത്തിലേക്ക് തിരിഞ്ഞുനോക്കുകയും ആ നിമിഷം അവളും കല്ലായി മാറുകയും ചെയ്തു. മഹർഷിയുടെ ശക്തമായ ശാപത്തിന്റെ ഭയാനകമായ ഓർമ്മപ്പെടുത്തലായി അവളുടെ ശിലാ പ്രതിമ ഇപ്പോഴും ക്ഷേത്ര സ്ഥലത്ത് നിലകൊള്ളുന്നുവെന്നാണ് പറയപ്പെടുന്നത്.

അങ്ങനെ നൂറ്റാണ്ടുകളായി, ഈ വിചിത്രമായ വിശ്വാസം നാട്ടുകാരെയും സന്ദർശകരെയും ഇരുട്ടിനുശേഷം കിരാഡു ക്ഷേത്രത്തിൽ താമസിക്കുന്നതിൽ നിന്ന് തടഞ്ഞു. കല്ലായി മാറുമോ അല്ലെങ്കിൽ നിഗൂഢമായ ഒരു വിധി നേരിടേണ്ടിവരുമോ എന്ന ഭയംകൊണ്ട് ആരും അവിടേക്ക് എത്താത്തതിനാൽ സൂര്യാസ്തമയത്തിനു ശേഷം പ്രദേശം പൂർണ്ണമായും വിജനമായി തുടരുകയാണ്.

പല സന്ദർശകരും ക്ഷേത്രത്തിൽ വിചിത്രമായ ഊർജ്ജം അനുഭവിച്ചതായി അവകാശപ്പെടുന്നു, ചിലർ ശാപം ഇപ്പോഴും സജീവമാണെന്ന് വിശ്വസിക്കുന്നു. ജിജ്ഞാസുക്കളായ സഞ്ചാരികള്‍ പകൽ സമയങ്ങളിൽ പലപ്പോഴും ഇവിടം സന്ദർശിക്കാറുണ്ട്, എന്നാൽ വൈകുന്നേരമായാൽ ആരും ഇവിടെ നിൽക്കാറില്ല.

ഇത്രയൊക്കെ നിഗൂഢതകളാൽ പ്രശസ്തമാണെങ്കിലും കിരാഡു ക്ഷേത്രം ഇന്നും ഒരു വാസ്തുവിദ്യാ വിസ്മയമായി നിലകൊള്ളുന്നു. ക്ഷേത്രത്തിലെ അതിമനോഹരമായ കൊത്തുപണികളും രൂപകല്പനയും ഖജുരാഹോ ക്ഷേത്രങ്ങളുടേതുമായി സാമ്യമുള്ളതാണ്, ഇത് ചരിത്രകുതുകികളു​ടേയും വിനോദസഞ്ചാരികളുടേയും ഒരു പ്രധാന ആകർഷണമാക്കി മാറ്റുന്നു. ശാപത്തിന് ശാസ്ത്രീയമായ തെളിവില്ലെങ്കിലും ഇന്നും നാട്ടുകാരിൽ ഭയം നിലനിൽക്കുന്നുണ്ട്.