ചാലക്കുടി: കൊരട്ടിയില്‍ ഭര്‍ത്താവ് ഭാര്യയേയും മക്കളേയും വെട്ടിയശേഷം ട്രെയിന് മുന്നില്‍ചാടി ആത്മഹത്യ ചെയ്തു. വെട്ടേറ്റ ഭാര്യ സംഭവസ്ഥലത്ത് വച്ച് മരിച്ചു. ഗുരുതരമായി പരിക്കേറ്റ കുട്ടികള്‍ സ്വകാര്യ ആശുപത്രി ചികിത്സയിലാണ്. കൊരട്ടി ഖന്നാനഗര്‍ കൊഴുപ്പിള്ളി വീട്ടില്‍ ബിനു(38)ആണ് വീടിനകത്ത് ഉറങ്ങുകയായിരുന്ന ഭാര്യ ഷീജ(39), മക്കളായ അഭിനവ്(10), അനഗ്രഹ(4)എന്നിവരെ വെട്ടിയത്. ഷീജ സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു.
കൃത്യത്തിന് ശേഷം ട്രെയിന് തലവച്ച് ബിനു മരിച്ചു. കൊരട്ടി കമ്മ്യൂണിറ്റി ഹാളിന് സമീപം റെയില്‍വേ ട്രാക്കില്‍ ബിനുവിന്റെ മൃതദേഹം പിന്നീട് കണ്ടെത്തി. പുലര്‍ച്ചെ 5മണിയോടെയായിരുന്ന സംഭവം. കുട്ടികളുടെ നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് ഗുരുതരമായി പരിക്കേറ്റ കുട്ടികളെ ആശുപത്രിയിലെത്തിച്ചത്. മത്സ്യവില്പനക്കാരനാണ് മരിച്ച ബിനു. സാമ്പത്തിക ബാധ്യതയാണ് മരണത്തിന് കാരണമെന്ന് പറയുന്നു. കൊരട്ടി പോലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു