ബീഹാറിലെ ദർബംഗയിൽ നിന്നും പുറത്തുവരുന്ന ഒരു വാർത്തയാണ് ഏറെ കൗതുകം സൃഷ്ടിക്കുന്നത്. മരിച്ചുവെന്നു കരുതപ്പെട്ട 17കാരന്‍ ആൺകുട്ടിയെ നീണ്ട 70 ദിവസങ്ങൾക്ക് ശേഷം ജീവനോടെ കണ്ടെത്തിയിരിക്കുന്നത്.
ഫെബ്രുവരി എട്ടിനാണു കുട്ടിയെ കാണാതായത്. തുടർന്ന് വീട്ടുകാർ ലോക്കൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. അങ്ങനെ കുറച്ച് ദിവസങ്ങൾക്ക് ശേഷം, വീട്ടുകാർക്ക് 45,000 രൂപ ആവശ്യപ്പെട്ട് മോചനദ്രവ്യ കോൾ ലഭിക്കുകയും ഇതിൽ 5,000 രൂപ കൈമാറുകയും ചെയ്തു.
തുടർന്ന് ഫെബ്രുവരി 28 ന്, ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഒരു റെയിൽവേ ട്രാക്കിൽ കണ്ടെത്തുകയും . ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. എന്നാൽ , മാർച്ച് 1 ന് കുട്ടി മരണത്തിനു കീഴടങ്ങി. പിന്നാലെ മൃതദേഹം തിരിച്ചറിയാൻ കുടുംബത്തെ വിളിപ്പിച്ചു. ഈ സമയം കുടുംബം ചില സംശയങ്ങൾ ഉന്നയിക്കുകയും ഡിഎൻഎ പരിശോധനയ്ക്ക് ആവശ്യപ്പെടുകയും ചെയ്തിട്ടും, കാണാതായ മകന്റെ മൃതദേഹമാണിതെന്നും ഏറ്റുവാങ്ങണമെന്നും പോലീസ് തങ്ങളിൽ സമ്മർദ്ദം ചെലുത്തിയതായി വീട്ടുകാർ ആരോപിച്ചു.
സംഭവം ദർഭംഗയിൽ വൻ പ്രതിഷേധത്തിന് ഇടയാക്കി. കുട്ടിയുടെ മൃതദേഹവുമായി നാട്ടുകാർ പ്രതിഷേധിക്കുകയും പോലീസുമായി ഏറ്റുമുട്ടുകയും ചെയ്തു. ഒടുവിൽ അനാസ്ഥ ആരോപിച്ച് ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിലെ അന്നത്തെ എസ്എച്ച്ഒയെ സസ്പെൻഡ് ചെയ്തു. അങ്ങനെ കുട്ടിയുടെ മൃതദേഹം സംസ്‌കരിക്കുകയും കുടുംബത്തിന് ക്ഷേമവകുപ്പ് നാല് ലക്ഷം രൂപ നഷ്ടപരിഹാരം നൽകുകയും ചെയ്തു.
എന്നാൽ സംസ്കാരത്തിന് 70 ദിവസങ്ങൾക്ക് ശേഷം യഥാർത്ഥത്തിൽ കാണാതായ കുട്ടിയെ ജീവനോടെ കണ്ടെത്തി. തുടർന്ന് അഭിഭാഷകനോടൊപ്പം ദർഭംഗ സിവിൽ കോടതിയിൽ ഹാജരായ ആൺകുട്ടി അജ്ഞാതർ തന്നെ ബലമായി വായ പൊത്തിപിടിച്ചു തട്ടിക്കൊണ്ടുപോയെന്നും പിന്നീട് താൻ നേപ്പാളിൽ ആയിരുന്നെന്നും വെളിപ്പെടുത്തി. അങ്ങനെ ഒരു ദിവസം, തന്നെ തട്ടിക്കൊണ്ടുപോയവർ അബദ്ധത്തിൽ വാതിൽ പൂട്ടാതെ പോയെന്നും ഈ സമയം നോക്കി താൻ രക്ഷപെട്ടെന്നും നാട്ടുകാരുടെ സഹായത്തോടെ കുടുംബവുമായി ബന്ധപ്പെട്ടെന്നും കുട്ടി വ്യക്തമാക്കി. വീട്ടുകാർ വീഡിയോ കോളിലൂടെ കുട്ടിയുടെ ഐഡന്റിറ്റി സ്ഥിരീകരിച്ച ശേഷം തിരികെ വീട്ടിലെത്തിക്കുകയും ചെയ്തു.
അതേസമയം കുട്ടിയെ കാണാതായ സമയങ്ങളിൽ കുടുംബം വൈകാരികമായി തകർന്നിരുന്നുവെന്നും രാത്രി വൈകിയാണ് മൃതദേഹം തിരിച്ചറിഞ്ഞതെന്നും സഹോദരൻ വെളിപ്പെടുത്തി. മാത്രമല്ല മൃതദേഹം ഏറ്റുവാങ്ങാൻ പോലീസ് തങ്ങളിൽ സമ്മർദ്ദം ചെലുത്തിയെന്ന അഭിഭാഷകന്റെ മൊഴിയും സഹോദരൻ എടുത്തുപറഞ്ഞു. ഡിഎൻഎ ടെസ്റ്റിനുള്ള കുടുംബത്തിന്റെ ആവശ്യം പോലീസ് അംഗീകരിച്ചില്ലെന്നും സഹോദരൻ വ്യക്തമാക്കി.
കുട്ടിയെ സുരക്ഷിതമായി തിരികെകിട്ടിയതോടെ കുടുംബം സംഭവവികാസങ്ങളെക്കുറിച്ച് അധികൃതരെ അറിയിക്കുകയും തങ്ങൾക്ക് ലഭിച്ച സാമ്പത്തിക സഹായം തിരികെ നൽകാൻ സന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്തു. എന്നാൽ മൃതദേഹം സംസ്‌കരിച്ച കുട്ടിയുടെ ഐഡന്റിറ്റി അജ്ഞാതമായി തുടരുകയാണ്. കുട്ടിയെ തട്ടിക്കൊണ്ടുപോയതടക്കമുള്ള കാര്യങ്ങളിൽ നിലവിൽ അന്വേഷണം പുരോഗമിക്കുകയാണ്.




