ബെംഗളൂരു ∙ ശബരിമല സ്വർണക്കൊള്ളയില്‍ പ്രത്യേക അന്വേഷണ സംഘം നടത്തലയത് നിർണായക നീക്കങ്ങൾ. ബെല്ലാരിയിലെ പോറ്റിയുടെ സുഹൃത്ത് ഗോവര്‍ദ്ധന്റെ ഉടമസ്‌ഥതയിലുള്ള റൊദ്ദം ജുവലറിയില്‍ നിന്ന് 400 ഗ്രാമിലേറെ സ്വര്‍ണം കസ്‌റ്റഡിയിലെടുത്തു. 476 ഗ്രാം സ്വര്‍ണമാണ് ഉണ്ണികൃഷ്ണന്‍ പോറ്റി ഗോവര്‍ധന് വിറ്റിരുന്നത്. പോറ്റിയുടെ ശ്രീറാംപുരയിലെ വീട്ടിൽ നിന്ന് 176 ഗ്രാം സ്വർണവും പിടിച്ചെടുത്തു.
ജ്വല്ലറിയിൽ നിന്ന് സ്വർണക്കട്ടികളും ഫ്ലാറ്റിൽ നിന്ന് ആഭരണങ്ങളുമാണ് പിടിച്ചത്. ദ്വാരപാലക ശിൽപങ്ങളിൽ നിന്ന് കവർന്ന സ്വർണം തന്നെയാണോ ഇവ എന്ന് ശാസ്ത്രീയപരിശോധനയിലൂടെ സ്ഥിരീകരിക്കേണ്ടതുണ്ട്. ശബരിമലയിലെ സ്വര്‍ണമെന്ന് അറിഞ്ഞില്ലെന്നാണ് ഗോവര്‍ധന്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയത്.
സ്വർണം സുഹൃത്തും വ്യാപാരിയുമായ ഗോവർധനനു വിറ്റെന്ന് ഉണ്ണികൃഷ്ണൻ പോറ്റി ചോദ്യം ചെയ്യലില്‍ സമ്മതിച്ചിരുന്നു. ഇതു വാങ്ങിയെന്നു ഗോവർധനും സമ്മതിച്ചിരുന്നു. തുടർന്നാണ് ഗോവർധന് കൈമാറിയ സ്വർണം ബെല്ലാരിയിൽനിന്ന് ഇന്നു കണ്ടെത്തിയത്. ബെള്ളാരിയിലെ റൊഡ്ഡാം ജ്യൂവൽസിന്റെ ഉടമയാണ് ഗോവർധൻ. സ്വർണക്കൊള്ള വിവാദത്തിൽ അന്വേഷണം എത്തിയതോടെ പൂട്ടിക്കിടക്കുകയാണ് ജ്വല്ലറി. സ്വർണക്കൊള്ളയിൽ പങ്കില്ലെന്നും കൈവശമുള്ള രേഖകളെല്ലാം എസ്ഐടിക്ക് നൽകിയെന്നും ഗോവർധൻ പറയുന്നു.
ശബരിമല ശ്രീകോവിലിന്റെ വാതിൽപാളികളിലും കട്ടിളയിലും പൂശാൻ ഉണ്ണിക്കൃഷ്ണൻ പോറ്റി മുഖേന ചെന്നൈ സ്മാർട്ട് ക്രിയേഷൻസിൽ 512 ഗ്രാം സ്വർണം നൽകിയത് താനാണെന്ന് ഗോവർധൻ നേരത്തെ സമ്മതിച്ചിരുന്നു. അയ്യപ്പഭക്തനായതിനാലാണ് സ്വർണം നൽകാൻ സമ്മതിച്ചത്. 2019 മാർച്ച് 1ന് 200 ഗ്രാം, മാർച്ച് 4ന് 125.5 ഗ്രാം എന്നിങ്ങനെ 325. 5 ഗ്രാമാണു നൽകിയത്. ഇതിൽ 321.6 ഗ്രാം സ്വർണമാണ് വാതിൽപാളികൾ പ്ലേറ്റ് ചെയ്യാൻ ഉപയോഗിച്ചത്. തുടർന്നു വാതിലിന് ഇരുവശവും കട്ടിളയുടെ 7 പാളികളിലും പൂശാനായി 2019 ജൂൺ 10ന് 186.587 ഗ്രാം സ്വർണവും ഗോവർധൻ നൽകി. ഇതിൽ 184 ഗ്രാം സ്വർണമാണു പൂശിയത്. വാതിൽപാളികളും കട്ടിളയും ഗോവർധന്റെ പേരിലാണ് ഗോൾഡ് സർട്ടിഫിക്കറ്റ് സഹിതം സ്മാർട്ട് ക്രിയേഷൻസ് കൈമാറിയത്. 2012–13 കാലഘട്ടത്തിൽ ബെംഗളൂരുവിലെ ശ്രീരാംപുര അയ്യപ്പ ക്ഷേത്ര സന്ദർശനത്തിനിടെയാണ് അവിടെ കീഴ്ശാന്തിയായിരുന്ന പോറ്റിയെ ഗോവർധൻ പരിചയപ്പെട്ടത്. 2018 അവസാനത്തോടെയാണ് വാതിൽ സ്വർണം പൂശുന്നതുമായി ബന്ധപ്പെട്ട് ഗോവർധനെ ഉണ്ണിക്കൃഷ്ണൻ പോറ്റി സമീപിച്ചത്.
കേരളത്തിലും നിരവധി ഭൂമി ഇടപാടുകൾ ഉണ്ണികൃഷ്ണൻ പോറ്റി നടത്തിയിരുന്നു. അതിന് സമാനമായി ബെംഗളൂരുവിലും പോറ്റി ഭൂമി ഇടപാടുകൾ നടത്തിയിട്ടുണ്ട്. അത് സംബന്ധിച്ച രേഖകളും വീട്ടിൽ നിന്നും കണ്ടെത്തിയിട്ടുള്ളതായാണ് വിവരങ്ങൾ. ഉണ്ണികൃഷ്ണന്‍ പോറ്റി നാണയങ്ങളുടെ രൂപത്തില്‍ നല്‍കിയ സ്വര്‍ണം സ്വര്‍ണക്കട്ടികളാക്കി മാറ്റുകയായിരുന്നു. കട്ടിയുടെ രൂപത്തിലാണ് സംഘം ജ്വല്ലറിയില്‍ നിന്നും സ്വര്‍ണം കണ്ടെത്തിയത്. കേസില്‍ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിക്കെതിരെ പൊതുമുതല്‍ മോഷ്ടിച്ചുവിറ്റെന്ന കുറ്റവും ചുമത്തും. പോറ്റിയുടെ വീട്ടില്‍ നിന്നും സ്വര്‍ണനാണയങ്ങളും കണ്ടെടുത്തിരുന്നു. ഇത് മോഷണമുതലാണോ എന്നതില്‍ എസ്‌ഐടി പരിശോധിക്കും.




