Sports

സൗദി പ്രോ ലീഗിലേക്ക് അടുത്ത വമ്പന്‍ നീക്കം സിറ്റിയില്‍നിന്നും ; കെവിന്‍ ഡിബ്രൂയനായി അല്‍ എത്തിഹാദ്

റൊണാള്‍ഡോയ്ക്ക് പിന്നാലെ യൂറോപ്പിലെ പല വമ്പന്മാരും മാറ്റുരയ്ക്കാന്‍ പോയ സൗദി പ്രോ ലീഗിലേക്ക് അടുത്ത വമ്പന്‍ നീക്കം മാഞ്ചസ്റ്റര്‍ സിറ്റിയില്‍ നിന്നും. സൗദി പ്രോലീഗിലെ അല്‍ എത്തിഹാദിലേക്ക് യൂറോപ്പിലെ തന്നെ നിലവില്‍ കളിക്കുന്നവരിലെ ഏറ്റവും മികച്ച മിഡ്ഫീല്‍ഡര്‍മാരില്‍ ഒരാളായ കെവിന്‍ പോയേക്കുമെന്ന് റിപ്പോര്‍ട്ട്.

സിറ്റിയുടെ ഏറ്റവും പ്രധാന താരങ്ങളില്‍ ഒരാളായ ഡെബ്രൂയന് ഓഫര്‍ വെച്ചിരിക്കുന്നത് അല്‍ എത്തിഹാദ് ആണ്. ബെല്‍ജിയന്‍ മിഡ്ഫീല്‍ഡറുടെ കരാര്‍ 2024-25 സീസണോടെ സിറ്റിയില്‍ അവസാനിക്കാനിരിക്കെ താരത്തിന്റെ പ്രഥമ ചോയ്‌സ് സൗദി പ്രോലീഗ് ആയേക്കും. ഡെബ്രൂയനുമായുള്ള ചര്‍ച്ചകള്‍ ഏറെക്കുറെ നടന്നു കഴിഞ്ഞിരിക്കുകയാണെന്നും താരം സമ്മതം മൂളിയെന്നുമാണ് കേള്‍ക്കുന്നത്. 2015 ല്‍ 55 ദശലക്ഷം പൗണ്ടിനാണ വോള്‍ഫ്‌സ്ബര്‍ഗില്‍ നിന്നും ഡിബ്രൂയ്‌നെയെ സിറ്റി കൊണ്ടുവന്നത്.

എന്‍ഗോളോ കാന്റേ, കരിം ബെന്‍സേമ, ഫാബീഞ്ഞോ തുടങ്ങിയ വമ്പന്‍ താരങ്ങളെ സൈന്‍ ചെയ്തിരിക്കുന്ന അല്‍ എത്തിഹാദ് മുന്‍ ഫ്രഞ്ച് ഡിഫന്റര്‍ ലോറന്റ് ബ്‌ളാങ്കിനെ പരിശീലകനായി എത്തിക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ സീസണില്‍ വമ്പന്‍ നീക്കങ്ങള്‍ നടത്തിയിട്ടും അല്‍ഹിലാലിന് അഞ്ചാമത് എത്താനേ കഴിഞ്ഞിരുന്നുള്ളൂ. അതുകൊണ്ടു തന്നെ ഈ സീസണില്‍ നേട്ടമുണ്ടാക്കുകയാണ് ലക്ഷ്യം.

ഏറ്റവും ഉയര്‍ന്ന സമയത്ത്, ലീഗില്‍ മാത്രം ഗോളുകള്‍ക്കും അസിസ്റ്റുകള്‍ക്കുമായി അദ്ദേഹം പതിവായി ഇരട്ട അക്കങ്ങള്‍ അടിച്ചുകൊണ്ടിരുന്നു – 2019-20 ല്‍ 13 ഗോളുകളും 20 അസിസ്റ്റുകളും നേടിയ താരം 33-ാം വയസ്സിലാണ് 2024-25 സീസണിലേക്ക് പോകുന്നത്. ഈ സീസണോടെ അദ്ദേഹത്തിന്റെ മികവ് കുറയുകയോ അല്ലെങ്കില്‍ ഇതിനകം അവസാനിക്കുകയോ ചെയ്‌തേക്കാമെന്നിരിക്കെ ഏറ്റവും മികച്ച ചോയ്‌സാകും സൗദി.

ആഴ്ചയില്‍ 425,000 പൗണ്ടാണ് ഡിബ്രൂയന്റെ പ്രീമിയര്‍ ലീഗ് വേതനം. നെയ്മര്‍, റിയാദ് മഹ്റസ്, കാലിഡൗ കൗലിബാലി, എന്‍ഗോലോ കാന്റെ, കരിം ബെന്‍സെമ, സെര്‍ജി മിലിങ്കോവിച്ച്-സാവിച് തുടങ്ങി ചാമ്പ്യന്‍സ് ലീഗ് കളിച്ച അനേകരാണ് സൗദിലീഗിലേക്ക് എത്തിയത്.