ന്യൂഡല്‍ഹി: മലയാളികളുടെ പ്രിയപ്പെട്ട ഇവാന്‍ വുകുമിനോവിക്ക് വിട്ട ഒഴിവിലേക്ക് കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോള്‍ ക്ലബ്ബ് പുതിയ പരിശീലകനായി കൊണ്ടുവന്ന മൈക്കല്‍ സ്റ്റാറെ ചില്ലറക്കാരനല്ല. 48 കാരനായ സ്വീഡിഷ് പരിശീലകന്‍ ദശകങ്ങള്‍ നീണ്ട കരിയറില്‍ ആറു രാജ്യങ്ങളില്‍ പ്രവര്‍ത്തിച്ച ശേഷമാണ് മലയാളത്തിന്റെ മഞ്ഞപ്പടയുടെ നിരയിലേക്ക് വരുന്നത്.
ഏഷ്യയില്‍ മൂന്നാമത്തെ രാജ്യത്ത് സ്റ്റാറേയ്ക്ക് സ്റ്റാറാകാന്‍ കഴിയുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. സ്വീഡിഷ് വംശജനായ ഈ സ്‌കോട്ട്‌ലന്റുകാരന്‍, സ്വീഡന്‍, ഗ്രീസ്, ചൈന, യുഎസ്എ, നോര്‍വേ, തായ്‌ലന്റ് എന്നീ രാജ്യങ്ങളില്‍ ടീമിനെ പരിശീലിപ്പിച്ച ശേഷമാണ് ഇന്ത്യയില്‍ എത്തുന്നത്. 2026 വരെ രണ്ട് വര്‍ഷത്തേക്ക് താരത്തെ മഞ്ഞപ്പടയുടെ അമരത്ത് കാണാനാകും.
സ്വീഡനിലെ എഐകെ, ഐഎഫ്കെ ഗോട്ടെബര്‍ഗ്, ബികെ ഹാക്കന്‍ ഗ്രീസിലെ പാനിയോനിയോസ്, ചൈനയിലെ ഡാലിയന്‍ യിഫാങ്, യുഎസ്എ യിലെ സാന്‍ ജോസ് എര്‍ത്ത്ക്വേക്ക്സ്, നോര്‍വേയിലെ സര്‍പ്‌സ്‌ബോര്‍ഗ് 08, തായ്‌ലന്റിലെ ഉതൈ താനി തുടങ്ങിയ പ്രമുഖ ടീമുകളുമായി 400-ലധികം മത്സരങ്ങള്‍ സ്റ്റാറെ കൈകാര്യം ചെയ്തിട്ടുണ്ട്. ഇതില്‍ എഐകെയെ സ്വീഡിഷ് ഓള്‍സ്വെന്‍സ്‌കാന്‍ കിരീടം, സ്വെന്‍സ്‌ക കപ്പന്‍, സൂപ്പര്‍കുപെന്‍ എന്നിവയിലേക്ക് നയിച്ചതും ഐഎഫ്കെ ഗോട്ടെബര്‍ഗിനെ സ്വെന്‍സ്‌ക കപ്പനിലേക്ക് നയിച്ചതുമാണ് അദ്ദേഹത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട നേട്ടങ്ങളില്‍ ഉള്‍പ്പെടുന്നവ.
2008ല്‍ വാസ്ബി യുണൈറ്റഡിനൊപ്പമാണ് സ്റ്റാഹെയുടെ പരിശീലന യാത്ര ആരംഭിച്ചത്. 2009-ല്‍ സ്വീഡിഷ് ലീഗ് കിരീടത്തിലേക്കും സ്വീഡിഷ് കപ്പ് ഇരട്ടിയിലേക്കും ടീമിനെ നയിച്ചു. ഗ്രീസില്‍ പാനിയോനോസിനൊപ്പം ഒരു ഹ്രസ്വകാല പ്രവര്‍ത്തനത്തിന് ശേഷം, ഐഎഫ്കെ ഗോട്ടെബര്‍ഗിനെ പരിശീലിപ്പിക്കുന്നതിനായി അദ്ദേഹം സ്വീഡനിലേക്ക് മടങ്ങി. 2014 ലെ സ്വീഡിഷ് കപ്പിലേക്ക് അവരെ നയിച്ചു.
ചൈനയില്‍ ഡാലിയന്‍ യിഫെംഗിനെ ചൈനീസ് രണ്ടാം ഡിവിഷനില്‍ മൂന്നാം സ്ഥാനത്തേക്ക് നയിച്ചു. തുടര്‍ന്ന് അദ്ദേഹം സ്വീഡനില്‍ ബി കെ ഹാക്കനെ പരിശീലിപ്പിച്ചു. ടീമിനെ പത്താം സ്ഥാനത്ത് നിന്ന് റെക്കോര്‍ഡ് ടോപ്പ്-ഫോര്‍ ഫിനിഷിലേക്ക് ഉയര്‍ത്തി. യുഎസ്എ, നോര്‍വേ, തായ്ലന്‍ഡ് എന്നിവിടങ്ങളിലും സ്റ്റാറേ മികവ് പ്രകടിപ്പിച്ചിട്ടുണ്ട്. ഹെഡ് കോച്ചിംഗ് റോളുകള്‍ക്ക് പുറമേ, 1990-2005 മുതല്‍ ഗ്രോന്‍ഡല്‍സ്, ഹാമര്‍ബി, എഐകെ എന്നിവയ്ക്കൊപ്പം യൂത്ത് കോച്ചിംഗില്‍ 14 വര്‍ഷത്തെ പരിചയമുണ്ട്.
2004ല്‍ എഐകെ അണ്ടര്‍ 19 ടീമിനെ ദേശീയ കിരീടത്തിലേക്ക് നയിച്ചു. വരും സീസണുകളില്‍ മികച്ച പ്രകടനം നടത്താനും കിരീടങ്ങള്‍ക്കായി മത്സരിക്കാനും അദ്ദേഹത്തിന്റെ നേതൃത്വം ടീമിനെ പ്രചോദിപ്പിക്കുമെന്ന് ക്ലബ് ശുഭാപ്തി വിശ്വാസത്തിലാണ്. പ്രീസീസണിന്റെ തുടക്കത്തില്‍ തന്നെ പുതിയ പരിശീലകന്‍ ടീമിനൊപ്പം ചേരുമെന്നാണ് കരുതുന്നത്. 3-4-3 ശൈലിയിലാണ് അദ്ദേഹം കളി മെനയുന്നത്.