Sports

ഇന്ത്യന്‍ ടീമില്‍ നിന്നും തള്ളിയവര്‍ക്ക് കരുണ്‍നായരുടെ മറുപടി ; 48 പന്തില്‍ വെടിക്കെട്ട് ഒമ്പത് സിക്സറും 14 ബൗണ്ടറിയും

ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തില്‍ രണ്ട് ട്രിപ്പിള്‍ സെഞ്ചുറികള്‍ മാത്രമാണുള്ളത്. ആദ്യത്തേത് മൂന്‍ വെടിക്കെട്ട് ബാറ്റ്സ്മാന്‍ വീരേന്ദര്‍ സെവാഗായിരുന്നു. രണ്ടുതവണ അദ്ദേഹം ട്രിപ്പിള്‍ സെഞ്ച്വറി അടിച്ചപ്പോള്‍ മറ്റൊരാള്‍ കരുണ്‍ നായരായിരുന്നു. 2016ല്‍ ചെന്നൈയില്‍ ഇംഗ്ലണ്ടിനെതിരെ 303* എന്ന ചരിത്രനേട്ടം കുറിച്ച ശേഷം കരുണ്‍ തന്റെ ഫോം തിരിച്ചുപിടിക്കാനുള്ള പോരാട്ടത്തിലാണ്. ട്രിപ്പിള്‍ സെഞ്ച്വറി ഉണ്ടായിരുന്നിട്ടും കരുണിന് അടുത്ത ടെസ്റ്റില്‍ അവസരം ലഭിച്ചില്ല. കരിയറില്‍ മൂന്ന് ടെസ്റ്റുകള്‍ മാത്രമാണ് കരണിന് കളിക്കാനായത്.
ടീമില്‍ നിന്നും പുറത്തായ ശേഷം കഠിനാദ്ധ്വാനം ചെയ്യുന്ന കരണ്‍ പ്രകടനം കൊണ്ട് തന്നെ തഴഞ്ഞവര്‍ക്കുള്ള മറുപടി നല്‍കിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ മഹാരാജ ടി20 ട്രോഫിയില്‍ തകര്‍പ്പന്‍ വെടിക്കെട്ട് നടത്തിയ കരുണ്‍ 48 പന്തില്‍ അടിച്ചുകൂട്ടിയത് 13 ഫോറും ഒമ്പത് സിക്‌സും സഹിതം 124 റണ്‍സായിരുന്നു. മഹാരാജ ടി20 ട്രോഫിയില്‍ മൈസൂര്‍ വാരിയേഴ്സിനായി നായര്‍ 162.69 സ്‌ട്രൈക്ക് റേറ്റില്‍ 12 ഇന്നിംഗ്‌സുകളില്‍ നിന്ന് 532 റണ്‍സ് അടിച്ചെടുത്തു. കഴിഞ്ഞ രഞ്ജിട്രോഫിയിലും കരുണ്‍നായര്‍ മികച്ച പ്രകടനം നടത്തി. വിദര്‍ഭയ്ക്കൊപ്പം കഴിഞ്ഞ രഞ്ജി സീസണില്‍ ഇറങ്ങിയ താരം നേടിയ 690 റണ്‍സ് തന്റെ ടീമിനെ ഫൈനലിലെത്താന്‍ സഹായിക്കുന്നതായിരുന്നു.
ഇതിനിടയില്‍, കൗണ്ടി ചാമ്പ്യന്‍ഷിപ്പില്‍ കളിക്കാന്‍ പോയ താരം നോര്‍ത്താംപ്ടണ്‍ഷെയറിന് വേണ്ടി രണ്ട് ഹ്രസ്വ മത്സരങ്ങള്‍ കളിച്ചു. തന്റെ ആദ്യ മത്സരത്തില്‍, വെറും മൂന്ന് ഇന്നിംഗ്‌സുകളില്‍ നിന്ന് 249 റണ്‍സ് അദ്ദേഹം നേടി, മികച്ച 202 റണ്‍സ് ഉള്‍പ്പെടെ രണ്ടാം മത്സരത്തില്‍ 11 ഇന്നിംഗ്‌സുകളില്‍ നിന്ന് 487 റണ്‍സ് നേടി. 2022ല്‍ രാജസ്ഥാന്‍ റോയല്‍സിനായിട്ടായിരുന്നു അദ്ദേഹം ഐപിഎല്ലില്‍ അവസാനമായി കളിച്ചത്. ഐപിഎല്ലിന്റെ കഴിഞ്ഞ ആറ് സീസണുകളില്‍ എട്ട് മത്സരങ്ങള്‍ മാത്രമാണ് താരം കളിച്ചത്. 2017 മാര്‍ച്ചിലായിരുന്നു ഇന്ത്യയ്ക്കായുള്ള അദ്ദേഹത്തിന്റെ അവസാന ടെസ്റ്റ് മത്സരം. 2022-23 സീസണില്‍ കര്‍ണാടക ടീമില്‍ ഇടംപിടിക്കാന്‍ പോലും അദ്ദേഹത്തിന് കഴിഞ്ഞില്ല.