കോടികള്‍ വാരിയെറിഞ്ഞ് പുത്തനൊരു ആഡംബര എസ്യുവി സ്വന്തമാക്കിയിരിക്കുകയാണ് ബോളിവുഡിന്റെ ഷെഹ്സാദെയെന്ന് അറിയപ്പെടുന്ന കാര്‍ത്തിക് ആര്യന്. ലാന്‍ഡ് റോവര്‍ റേഞ്ച് റോവറാണ് ബോളിവുഡിന്റെ ഷെഹ്സാദെ ഗരാജിലെത്തിച്ചിരിക്കുന്നത്. ബ്രിട്ടീഷ് സ്പോര്‍ട് യൂട്ടിലിറ്റി വാഹനത്തിന്റെ SV എന്ന വേരിയന്റാണ് നടന് തെരഞ്ഞെടുത്തിരിക്കുന്നത്. ഇതിന് ഏകദേശം 4.17 കോടി രൂപയോളമാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില വരുന്നത്.
ഓണ്‍-റോഡില്‍ എത്തുമ്പോള്‍ ടാക്സും ഇന്‍ഷുറന്‍സുമെല്ലാമായി മുംബൈയില്‍ ഏകദേശം 4.94 കോടി രൂപയോളം വരും ചെലവ്. റേഞ്ച് റോവര്‍ SV കഴിഞ്ഞ വര്‍ഷമാണ് ഇന്ത്യന്‍ വിപണിയില്‍ അരങ്ങേറ്റം കുറിക്കുന്നത്. ബ്രിട്ടീഷ് ലക്ഷ്വറി എസ്യുവിയെ അടിസ്ഥാനമാക്കിയുള്ള ഏറ്റവും ശക്തമായ പതിപ്പാണിത്. ലാന്‍ഡ് റോവറിന്റെ സ്പെഷ്യല്‍ വെഹിക്കിള്‍ ഓപ്പറേഷന്‍സാണ് SV വികസിപ്പിച്ചെടുത്തിരിക്കുന്നത്. കാര്‍ത്തിക് ആര്യന് റേഞ്ച് റോവര്‍ SV പതിപ്പിന്റെ ലോംഗ് വീല്‍ബേസ് പതിപ്പാണ് തെരഞ്ഞെടുത്തിരിക്കുന്നത്. സ്റ്റാന്‍ഡേര്‍ഡ് റേഞ്ച് റോവറുമായി താരതമ്യപ്പെടുത്തുമ്പോള്‍ SV മോഡലിന് പുതിയ ഫ്രണ്ട് ബമ്പറും 5 ബാര്‍ ഗ്രില്ലും ലഭിക്കുന്നുവെന്നതാണ് ആദ്യത്തെ പ്രത്യേകത. കൂടാതെ ആഡംബരത്തം തുളുമ്പുന്നതിനായി മിനുസമാര്‍ന്ന സെറാമിക്സ്, സസ്റ്റൈനബിള്‍ വുഡ്, മെറ്റല്‍ പാര്‍ട്സുകള്‍ എന്നിവയും വാഹനത്തില്‍ കമ്പനി ഒരുക്കിയിട്ടുണ്ട്. കാര്‍ബണ്‍-ഫൈബര്‍-ടിപ്പ്ഡ് ക്വാഡ് ടെയില്‍ പൈപ്പുകളും എക്സ്ക്ലൂസീവ് എയര്‍ഫ്ലോ മെച്ചപ്പെടുത്തിയ മുന്‍ഭാഗവുമാണ് റേഞ്ച് റോവര്‍ SV മോഡലിനെ വേറിട്ടു നിര്‍ത്തുന്നത്. ഇന്റീരിയറിലും അനേകം കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ഈ ലക്ഷ്വറി എസ്യുവി പണികഴിപ്പിച്ചിരിക്കുന്നത്.
റേഞ്ച് റോവര്‍ SV വേണ്ടി അകത്തളം കൂടുതല്‍ ഭംഗിയുള്ളതാക്കാനും ലാന്‍ഡ് റോവര്‍ ശ്രമിച്ചിട്ടുണ്ടെന്ന് പറയാം. ഇലക്ട്രിക്കലായി വിന്യസിക്കാവുന്ന ക്ലബ് ടേബിളും സംയോജിത റഫ്രിജറേറ്ററും നല്കുന്ന കാര്‍ത്തിക് ആര്യന്റെ ആഡംബര വാഹനം സിഗ്നേച്ചര്‍ സ്യൂട്ടിനൊപ്പം നാല് സീറ്റര്‍ ലേഔട്ടിലാണ് വിപണിയില്‍ എത്തുന്നത്. പിന്നിലെ സീറ്റുകള്‍ക്ക് 13.1 ഇഞ്ച് എന്റര്ടെയ്ന്മെന്റ് സ്ക്രീനുകളും നല്‍കിയിട്ടുണ്ട്. കാര്‍ബണ്‍-ഫൈബര്‍ ബാക്ക് ഉള്ള എക്സ്ക്ലൂസീവ് SV സ്പെക് പെര്‍ഫോമന്‍സ് സ്പോര്‍ട്സ് സീറ്റുകള്‍, ബാക്ക്റെസ്റ്റുകളില്‍ ഇലുമിനേറ്റഡ് ‘SV’ ലോഗോകള്‍, ട്രാന്‍സ്ലൂസെന്റ് എഡ്ജ്-ലൈറ്റ് ഗിയര്‍ ലിവര്‍ എന്നിവയും ബോളിവുഡ് നടന്റെ വണ്ടിയെ അവിസ്മരണീയമാക്കുന്ന ഫീച്ചറുകളാണ്. എഞ്ചിന്റെ കാര്യത്തിലേക്ക് വന്നാല്‍ 4.4 ലിറ്റര്‍ V8 എഞ്ചിനാണ് റേഞ്ച് റോവര്‍ SV പതിപ്പിന്റെ ഹൃദയം.
ഫോര്‍വീല്‍ ഡ്രൈവിനൊപ്പം 8-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി ജോടിയാക്കിയ ഈ കൂറ്റന്‍ എഞ്ചിന് 626 bhp പവറില്‍ പരമാവധി 750 Nm torque വരെ ഉത്പാദിപ്പിക്കാന്‍ ശേഷിയുണ്ട്. 3.6 സെക്കന്‍ഡിനുള്ളില്‍ 0-100 കിലോമീറ്റര്‍ വേഗത കൈവരിക്കുന്ന റേഞ്ച് റോവര്‍ SV മോഡലിന്റെ പരമാവധി വേഗം കമ്പനി 290 കിലോമീറ്ററായി പരിമിതപ്പെടുത്തിയിട്ടുമുണ്ട്. V8 എഞ്ചിന് വേണ്ടെന്നുള്ളവര്‍ക്ക് 3.0 ലിറ്റര്‍ ഡീസല്‍ എഞ്ചിനും എസ്യുവിയില് തെരഞ്ഞെടുക്കാം. പരിചിതമായ 3.0 ലിറ്റര്‍ സ്ട്രെയിറ്റ്-സിക്സ് ഡീസല്‍ എഞ്ചിന് 341 bhp കരുത്തില്‍ 700 Nm torque വരെ നല്‍കാനാവും.