Featured Movie News

കര്‍മയോദ്ധ മേജര്‍ രവിയുടേതല്ല; തിരക്കഥ മോഷ്ടിച്ചതിന് 30 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി

മേജര്‍ രവി മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി സംവിധാനം ചെയ്ത കര്‍മയോദ്ധയുടെ തിരക്കഥ മോഷ്ടിച്ചത് തന്നെയെന്ന് കോട്ടയം കൊമേഴ്‌സ്യല്‍ കോടതി. മേജര്‍ രവി തിരക്കഥ മോഷ്ടിച്ചുവെന്ന തിരക്കഥാകൃത്ത് റെജി മാത്യുവിന്‍റെ പരാതിയിലാണ് കോടതി ഉത്തരവ്.

13വർഷം നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് സത്യം പുറത്തുവന്നത്. 2012-ലായിരുന്നു ചിത്രം പുറത്തിറങ്ങിയത്. പരാതിക്കാരന് അനുകൂലമായാണ് കോടതി വിധി. പരാതിക്കാരന് 30 ലഷം രൂപയും സിനിമയുടെ പകർപ്പവകാശവും നൽകണമെന്നും കോടതി ആവശ്യപെട്ടു.

മേജര്‍ രവി തന്നെയാണ് രചനയും സംവിധാനവും നിര്‍വഹിച്ചത് എന്ന വ്യാജെന 2012ലാണ് മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി മേജര്‍ രവി കര്‍മയോദ്ധ റിലീസ് ചെയ്തത്. മേജർ രവി തന്നെ ഇത്തരത്തിൽ ഒരു സിനിമയുടെ പ്ലോട്ടുവേണമെന്നു പറഞ്ഞ് ബന്ധപ്പെട്ടു. അതനുസരിച്ച് താൻ കഥയും തിരക്കഥയും സംഭാഷണവും തയ്യാറാക്കി. അതു മേജർ രവിക്ക് കൈമാറി. പ്രൊഡ്യൂസറെ കാണിക്കാനെന്നും സിനിമയുടെ ബാക്കി കാര്യങ്ങൾക്കും എന്നും പറഞ്ഞാണ് പതിപ്പ് ആവശ്യപെട്ടത്. ഈ കഥ സിനിമയായാൽ മുപ്പതു ലക്ഷം രൂപ നൽകാമെന്നായിരുന്നു വാഗ്ദാനമെന്നും പരാതിക്കാരൻ പറയുന്നു. എന്നാൽ പിന്നീട് സിനിമയുടെ വാർത്തകൾ മാഗസിനുകളിലൂടെയും മറ്റും പുറത്തുവന്നപ്പോഴാണ് താൻ വഞ്ചിക്കപ്പെട്ടുവെന്ന് റെജി മാത്യുവിന് മനസ്സിലായത്. മേജർ രവി തന്നെ കഥയും തിരക്കഥയും സംവിധാനവും നിർവഹിക്കുന്നു എന്ന രീതിയിലായിരുന്നു സിനിമയെകുറിച്ചുള്ള വാർത്ത.

സിനിമയുടെ റിലീസിന് ഒരുമാസം മുൻപാണ് റിലീസ് തടയമെന്നാവശ്യപ്പെട്ട് റെജി മാത്യു കോടതിയെ സമീപിച്ചത്. അഞ്ചുലക്ഷം രൂപ കെട്ടിവെച്ച ശേഷം സിനിമ റിലീസ് ചെയ്യാന്‍ കോടതി അനുവദിക്കുകയായിരുന്നു. കഥ, തിരക്കഥ, സംഭാഷണം എന്നിവ സംബന്ധിച്ച് തര്‍ക്കമുണ്ട് എന്ന് രേഖപ്പെടുത്തി സിനിമ റിലീസ് ചെയ്യാനായിരുന്നു കോടതി അനുവദിച്ചത്. എന്നാല്‍, തിരക്കഥാകൃത്തുക്കളുടെ സ്ഥാനത്ത് ഷാജി, സുമേഷ് എന്നിവരുടെ പേര് ചേര്‍ത്തായിരുന്നു സിനിമ റിലീസ് ചെയ്തത്. ഇത് ചൂണ്ടിക്കാട്ടി കോടതി ഉത്തരവ് ലംഘിച്ചുവെന്ന് കാണിച്ച് 40 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് റെജി മാത്യു കോടതിയെ സമീപിച്ചത്.