Lifestyle

കർക്കടകം; ശരീരബലവും ദഹനശേഷിയും കുറയും; സുഖചികിത്സയും മരുന്നു കഞ്ഞിയും ആരോഗ്യം സംരക്ഷിക്കും

ഉഷ്ണത്തില്‍ നിന്ന് തണുപ്പിലേക്കുള്ള പെട്ടെന്നുള്ള മാറ്റം ശരീരത്തെ ദുര്‍ബലമാക്കുന്നു. അതിനെതിരെ ശരീരത്തെ സജ്ജമാക്കാന്‍ സുഖചികിത്സയും മരുന്നു കഞ്ഞിയും സഹായിക്കും.

ഇടവപ്പാതിയും മിഥുനച്ചൂടും കഴിഞ്ഞ് ഒന്നാശ്വസിക്കാനുള്ള സമയം പോലും തരാതെ പെരുമഴയും തണുപ്പുമായി കര്‍ക്കിടകമെത്തി. ചുട്ടുപഴുക്കുന്ന വേനല്‍പകലുകള്‍ക്കും ആവിനിറഞ്ഞ രാത്രികള്‍ക്കുമിനി വിട നല്‍കി കുളിരും തണുപ്പും മഞ്ഞുമായ് കാലവര്‍ഷം പെയ്തു തുടങ്ങി. എങ്ങോട്ടു തിരിഞ്ഞാലും രോഗങ്ങളുടെ ഘോഷയാത്രയാണ്.

പനി, ജലദോഷം, തുമ്മല്‍…ശരീരം ദുര്‍ബലമാകുന്ന, എളുപ്പം രോഗങ്ങള്‍ പിടിപെടുന്ന സമയമാണിത്. പഞ്ഞമാസമെന്നാണ് കര്‍ക്കിടകത്തിന്റെ വിളിപ്പേരെങ്കിലും അതിന് എത്രമാത്രം പ്രസക്തിയുണ്ടെന്നു കണ്ടറിയണം.

എന്നാലും കര്‍ക്കിടകമാസത്തിലെ ആയുര്‍വേദ രക്ഷയ്ക്ക് വലിയ സ്ഥാനമാണ് ഇപ്പോഴുമുള്ളത്. ഉഷ്ണത്തില്‍ നിന്ന് തണുപ്പിലേക്കുള്ള പെട്ടെന്നുള്ള മാറ്റം ശരീരത്തെ ദുര്‍ബലമാക്കുന്നു. അതിനെതിരെ ശരീരത്തെ സജ്ജമാക്കാന്‍ സുഖ ചികിത്സയും മരുന്നു കഞ്ഞിയും സഹായിക്കും.

ഏതു പ്രായത്തിലുള്ളവര്‍ക്കും സുഖചികിത്സ അഭികാമ്യമാണ്. മൂന്നാഴ്ചയാണ് ഇതിന്റെ സമയ ദൈര്‍ഘ്യം. ചെയ്യുന്ന വരുടെ സമയവും സൗകര്യവും കണക്കിലെടുത്ത് ഒരാഴ്ചവരെ ചുരുക്കാം. മാനസികവും ശരീരികവുമായ നേട്ടമാണ് സുഖചികിത്സയുടെ നേട്ടം.

അകാല വാര്‍ധക്യത്തിന്ന് രക്ഷ

ഓരോ ഋതുക്കള്‍ മാറുമ്പോഴും കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങള്‍ മനുഷ്യന്റെ ശരീരത്തിലും മാറ്റങ്ങളുണ്ടാക്കുമെന്ന് ആയുര്‍വേദം പറയുന്നു. ഇതിനാല്‍ ഓരോ ഋതുക്കളിലും പ്രത്യേകം പ്രത്യേകം ചര്യകളും ആയുര്‍വേദം കല്പിച്ചിരിക്കുന്നു.

ഉഷ്ണത്തില്‍ നിന്നും പെട്ടെന്ന് തണുപ്പിലേക്കുള്ള മാറ്റമാണ് കര്‍ക്കിടകത്തില്‍ സംഭവിക്കുന്നത്. ഇത് ശരീരത്തെ ബലഹീനമാക്കും. വേണ്ട പ്രതിരോധം എടുത്തില്ലെങ്കില്‍ ഫലം അകാലത്തിലെ വാര്‍ധക്യമാണ്.

സുഖചികിത്സയെന്നാല്‍ ശരീരവും മനസ്സും സുഖമായിരിക്കുന്നതിനുള്ള ചികിത്സ എന്നേ അര്‍ത്ഥമുള്ളൂ. കര്‍ക്കിടകത്തില്‍ തുള്ളിക്കൊരുകുടമെന്ന മട്ടില്‍ മഴ കോരിച്ചൊരിയുമ്പോള്‍ എണ്ണതേച്ചുകുളിയും ചില ആഹാരച്ചിട്ടകളുമായി ഏതാനും നാളുകള്‍ സ്വസ്ഥമായിരിക്കുന്നതിനേയാണ് സുഖ ചികിത്സ എന്ന് പറയുന്നത്.

ചികിത്സാ രീതികള്‍

ആദ്യത്തെ ഏഴുദിവസം അഭ്യംഗം,അതോടൊപ്പം നസ്യവും ചെയ്യും. യുവത്വം നിലനിര്‍ത്താന്‍ ആയുര്‍വ്വേദം അനുശാസിക്കുന്ന ചര്യയാണ് അഭ്യംഗം. ഇതിന്റെ ഗുണം, മസിലുകളുടെ ഉറപ്പ്, സ്പര്‍ശ സുഖം, അയവ്, സുഖന്ഥനിദ്ര, സുഗമമായ രക്ത ചംക്രമണം, ദഹനപ്രക്രിയ ക്രമമാക്കുക എന്നിവയാണ്.

ശിരസ്സ്, ചെവി, കാലിന്റെ വെള്ള എന്നിവിടങ്ങളില്‍ എണ്ണ പുരട്ടുന്നത് കണ്ണിന്റെ ആരോഗ്യത്തിന് നല്ലതാണ്. അഭ്യംഗം കഴിഞ്ഞാല്‍ മരുന്നിട്ട വെള്ളം കൊണ്ട് ആവികൊള്ളുന്നു. രോഗത്തിനനുസരിച്ച് മരുന്നു വെള്ളം കൊണ്ടാണ് ആവികൊള്ളുന്നത്. ശരീരമാസകലം ആവികൊള്ളാം.

നസ്യം

മൂക്കില്‍ മരുന്ന് ഒഴിക്കുന്നു. ഇത് കഴുത്തിലേയും ചുമലിലേയും പേശി കളെ ബലപ്പെടുത്തുന്നു ജരാനരയെ ദീര്‍ഘിപ്പിക്കുന്നു. മുഖത്തെ കറുത്തപാടുകളെ അകറ്റുന്നു. സുഖചികിത്സയുടെ രണ്ടാമത്തെ ആഴ്ച പിഴിച്ചിലാണ്.

45 മിനിട്ട് ദൈര്‍ഘ്യമുള്ള ക്രിയയാണ്. തോണി യില്‍ കിടത്തിയ രോഗിയെ തൈലം ചെറുചൂടോടെ തുണിയില്‍ മുക്കി എടുത്ത് ഒരു കൈ കൊണ്ട് ഒപ്പം തന്നെ തടവുകയും ചെയ്യുന്നു. രണ്ടു പേര്‍ ഇരുവശത്തു നിന്നും ചെയ്യുന്നു.

രണ്ട് പേര്‍ അരയ്ക്കു മുകളില്‍ ഇരുവശത്തും രണ്ടുപേര്‍ അരയ്ക്കു താഴെയും ഒരേ സമയം പിഴിച്ചില്‍ ചെയ്യുന്നു. ഇത് ശരീരബലം കൂട്ടും,സന്ധിവേദന, പിടിത്തം,മരവിപ്പ്, വാത രോഗം ഇവയ്ക്ക് ഏറ്റവും നല്ലത്.

ഈ ചികിത്സയുടെ കൂടെ വസ്തിയും നിര്‍ദ്ദേശിക്കാം. രോഗിയുടെ ബലം, പ്രകൃതി,അസുഖവും കൂടെ കണക്കിലെടുത്ത് മാറ്റങ്ങള്‍ ഉണ്ടാകാം.

സുഖചികിത്സയുടെ മൂന്നാമത്തെ ആഴ്ച ഞവരക്കിഴിയാണ്. ഏഴു ദിവസം മുക്കാല്‍ മണിക്കൂര്‍ നീണ്ട് നില്‍ക്കുന്നു. കുറുന്തോട്ടി കഷായവും പാലും ചേര്‍ത്ത് ഞവരയരി കിഴികെട്ടി വേവിച്ചാണ് കിഴി ചെയ്യുന്നത്.

ഞവരയരിയുടെ കുറുന്തോട്ടിയുടെ വിശേഷങ്ങള്‍ ഈ ചികിത്സയുടെ പ്രത്യേകതയാണ്. ത്വക്കിന് വിറ്റാമിന്‍ എ യും, ബി യും കിട്ടുന്നു. പേശിക്ക് പോഷണവും വാതശമനവും ലഭിക്കുന്നു. കര്‍ണ്ണപൂരണം, ധാര, തര്‍പ്പണം ഇവ ഈ ക്രിയകളോടൊപ്പം ചെയ്യാവുന്നതാണ്.

സുഖചികിത്സയുടെ ഭാഗമായി മരുന്നു കഞ്ഞിയാണ് അത്താഴത്തിന് കൊടുക്കുന്നത്. ഔഷധ ക്കൂട്ടുകള്‍ ഉണക്കിപ്പൊടിച്ച് തയാറാക്കുന്ന കഞ്ഞിയാണിത്. രക്തസമ്മര്‍ദ്ധം, പ്രമേഹം, വായുകോപം ഇവ അകറ്റാനും ശ്വാസകോശ സംരക്ഷണം, വാതം, അര്‍ശ്ശസ്സ് ഇവ ശമിപ്പിക്കാനും മരുന്നു കഞ്ഞി നല്ലതാണ്.

രോഗിയുടെ അഥവാ ചികില്‍സയ്ക്കു വിധേയനാകുന്ന ആളുടെ അവസ്ഥയ്ക്കനുസരിച്ചാണു പഞ്ചകര്‍മ ചികില്‍സ ചെയ്യേണ്ടത്. പഥ്യത്തോടും മറ്റു മരുന്നുകളോടും ഒപ്പമാണ് ഇത്തരം ചികില്‍സകള്‍ ചെയ്യേണ്ടത്.

വസ്തി, വമനം, വിരേചനം, നസ്യം, രക്തമോക്ഷം എന്നിങ്ങനെ അഞ്ചു ചികില്‍സകളാണ് പഞ്ചകര്‍മ ചികില്‍സയില്‍ ഉള്ളത്.

സ്‌നേഹവസ്തിയെന്നും കഷായവസ്തിയെന്നും രണ്ടുതരം വസ്തി കളുണ്ട്. മരുന്നെണ്ണകള്‍കൊണ്ടുള്ള ഒരുതരം എനിമയാണ് സ്‌നേഹവസ്തി. മരുന്നുകള്‍ അരച്ചു നല്‍കുന്നതു കഷായവസ്തി.

മരുന്നുകള്‍ നല്‍കി ഛര്‍ദിപ്പിക്കുന്ന ചികില്‍സയ്ക്കു വമനം എന്നു പറയുന്നു.കുടലുകളുടെ ശുദ്ധീകരണത്തിനുള്ള ചികില്‍സയാണു വിരേചനം.മൂക്കിലൂടെ മരുന്നുകള്‍ നല്‍കുന്നതു നസ്യവും അശുദ്ധരക്തം ശുദ്ധിചെയ്യുന്നത് രക്തമോക്ഷവുമാണ്.

പഞ്ചകര്‍മ ചികില്‍സയും സുഖചികില്‍സയുടെ ഭാഗമാണ്. ശരീരത്തില്‍ അടിഞ്ഞുകൂടിയിട്ടുള്ള ദോഷങ്ങളെ അകറ്റാനും മനസ്സിനും ശരീരത്തിനും ഊര്‍ജം പകരാനും സുഖചികില്‍സ സഹായകമാണ്.

വേനല്‍ക്കാലത്തും മഞ്ഞുകാലത്തും സുഖചികില്‍സ ചെയ്യാറില്ല. അധികം ചൂടും തണുപ്പുമില്ലാത്ത കര്‍ക്കടകം, ചിങ്ങം, കന്നി മാസത്തിന്റെ പകുതിയും മാസങ്ങളാണ് സുഖചികില്‍സയ്ക്ക് ഉത്തമം.

സാധാരണയായി ഏഴ്, 14, 21 ദിവസങ്ങളിലാണു സുഖചികില്‍സ ചെയ്യേണ്ടത്. എത്ര ദിവസം ചികില്‍സ നടത്തിയാലും അത്രയും നാള്‍ പഥ്യം പാലിക്കണം. പ്രധാന പഥ്യങ്ങളില്‍ ഒന്ന് ബ്രഹ്മചര്യമാണ്.

തിളപ്പിച്ചാറിയ വെള്ളം കുടിക്കുക, ലഹരിപദാര്‍ഥങ്ങള്‍ ഉപേക്ഷിക്കുക, പകലുറക്കവും രാത്രിയില്‍ ഉറക്ക മൊഴിയുന്നതും ഒഴിവാക്കുക, ശരീ
രം അധികം ഇളകാതെ വിശ്രമിക്കുക, ദേഷ്യം, കോപം, അസൂയ തുടങ്ങിയ ദോഷവികാരങ്ങള്‍ അകറ്റുക, പ്രാര്‍ഥനയ്ക്കു പ്രാധാന്യം കൊടുക്കുക എന്നിങ്ങനെ മനസ്സിനും ശരീര ത്തിനും ബാധകമായ പഥ്യങ്ങള്‍ ഇക്കൂട്ടത്തില്‍പ്പെടുന്നു.

വസ്തി, കിഴി, ധാര, പിഴിച്ചില്‍ തുടങ്ങിയ ആയുര്‍വേദ ചികില്‍സകള്‍ സുഖചികില്‍സയില്‍ ഉള്‍പ്പെടുത്താറുണ്ട്. പ്രത്യേക മരുന്നുകള്‍കൊണ്ടു തയാറാക്കിയ ചെറുചൂടുള്ള എണ്ണ തലയില്‍ ധാരപോലെ ഒഴിക്കുന്ന ചികില്‍സയാണു ശിരോവസ്തി.

തലയില്‍ തൊപ്പിപോലെ വച്ചിരിക്കുന്ന പ്രത്യേക പാത്രത്തിലാണ് എണ്ണ നിര്‍ത്തുക. അടുപ്പിച്ച് ഏഴു ദിവസമാണ് ഈ ചികിത്സ ചെയ്യേണ്ടത്.

ഉഴിച്ചിലും പിഴിച്ചിലും

ശരീരത്തിന് ഇളപ്പമുള്ള കാലമായതിനാല്‍ ഉഴിച്ചിലിനും പിഴിച്ചിലിനും കര്‍ക്കടകം നല്ല സമയമാണ്. രക്തയോട്ടം വര്‍ധിപ്പിക്കുന്നതിനും മൃതകോശങ്ങളെ പുറന്തള്ളി പുതിയ കോശങ്ങളുടെ വര്‍ധനയ്ക്കും ശരീരത്തിലെ വിവസ്തുക്കളെ പുറത്താക്കുന്നതിനും ഉഴിച്ചിലും പിഴിച്ചിലും നല്ലതാണ്.

പ്രത്യേകം തയാറാക്കിയ പാത്തിയില്‍ കിടത്തി ചെയ്യുന്ന ചികിത്സയാണു പിഴിച്ചില്‍. രോഗമില്ലാത്തവര്‍ക്ക് എണ്ണയും കുഴമ്പുകളും ഉപയോഗിക്കുന്നു.

രോഗമുള്ളവര്‍ക്ക് അവരുടെ രോഗാവസ്ഥയ്ക്കനുസരിച്ചുള്ള ഔഷധങ്ങള്‍ ചേര്‍ത്ത എണ്ണ ഉപയോഗിക്കുന്നു. ചെറുചൂടോടെ പാത്തിയില്‍ ഈ എണ്ണ നിര്‍ത്തും.

എണ്ണയില്‍ മുക്കിയ തുണികൊണ്ടു ശരീരത്തില്‍ എണ്ണ വീഴ്ത്തുകയും ചെയ്യും. ഒന്ന് – ഒന്നര മണിക്കൂര്‍ ഈ ചികിത്സയ്ക്കു വേണ്ടിവരും. മരുന്നുകള്‍ ചേര്‍ത്ത മോരോ എണ്ണയോ ധാരമുറിയാതെ തലയില്‍ വീഴ്ത്തുന്ന ചികിത്സയാണു ധാര.

പ്രത്യേക തരത്തിലുള്ള പാത്രം ഉറിപോലെ തൂക്കി അതിലൂടെ ധാര നെറ്റിയില്‍ വീഴ്ത്തുന്നു. ശരീരത്തിന്റെ സൗമ്യഭാവം നിലനിര്‍ത്താന്‍ ഉപകരിക്കുന്ന ഞവരക്കിഴി 14, 21 ദിവസങ്ങളില്‍ ചെയ്യാറുണ്ട്.

ഞവരയരി കിഴിപോലെ കെട്ടി, കുറുന്തോട്ടിക്കഷായവും പാലും ചേര്‍ത്തു തിളപ്പിച്ചതില്‍ ഇട്ടു വേവിച്ചശേഷം ആ കിഴി മരുന്നില്‍ മുക്കി ശരീരം ഉഴിയുന്നു.