Movie News

ഷാരൂഖുമായുള്ള ചിത്രം താന്‍ വേണ്ടെന്നുവെച്ചുവെന്ന് കങ്കണ; സല്‍മാന്‍ പ്രിയസുഹൃത്ത്, ആമിര്‍ വളരെ നല്ലവന്‍

ബോളിവുഡില്‍ വിവാദപരമായ പല പ്രസ്താവനകളും നടത്തുന്ന താരമാണ് കങ്കണ റണൗട്ട്. വ്യക്തി ജീവിതത്തെ കുറിച്ചും കങ്കണ യാതൊരു മറയും ഇല്ലാതെ തുറന്നു പറയാറുണ്ട്. താരത്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് ‘എമര്‍ജന്‍സി’. കങ്കണ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയായ എമര്‍ജന്‍സിയുടെ റിലീസ് തിയതി സെപ്റ്റംബര്‍ ആറിനാണ്. മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ആയിട്ടാണ് ചിത്രത്തില്‍ കങ്കണ വേഷമിട്ടിരിക്കുന്നത്. ‘എമര്‍ജന്‍സി’യുടെ സെന്‍ട്രല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കേഷന്‍ പൂര്‍ത്തിയാകുന്നതില്‍ താമസം നേരിടുകയാണ് ഇപ്പോള്‍.

ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നിരവധി അഭിമുഖങ്ങളില്‍ പ്രത്യക്ഷപ്പെടുന്നുണ്ട് താരമിപ്പോള്‍. അത്തരമൊരു അഭിമുഖ സംഭാഷണത്തില്‍, ഷാരൂഖ് ഖാനും മറ്റൊരു നടനോടുമൊപ്പമുള്ള ഒരു ചിത്രം താന്‍ താന്‍ നിരസിച്ചിരുന്നതായി അവര്‍ വെളിപ്പെടുത്തി. ഷാരൂഖ് ഖാനും അക്ഷയ് കുമാറും നായകന്മാരായി എത്തുന്ന ചിത്രങ്ങളില്‍ അഭിനയിക്കുന്നതിനായി തനിക്ക് അവസരം വാഗ്ദാനം ചെയ്തിരുന്നതായാണ് കങ്കണ പറഞ്ഞത്. എന്നാല്‍ താന്‍ ആ ഓഫര്‍ നിരസിയ്ക്കുകയായിരുന്നുവെന്നാണ് കങ്കണ അഭിമുഖത്തില്‍ വ്യക്തമാക്കിയത്.

”സല്‍മാന്‍ എനിക്ക് ബജ്രംഗി ഭായിജാനില്‍ ഒരു വേഷം വാഗ്ദാനം ചെയ്തു, ഷാരൂഖ് സീറോയില്‍ ഒരു വേഷം വാഗ്ദാനം ചെയ്തു.” അക്ഷയ് കുമാര്‍ നായകനായ ഒരു സിനിമ എപ്പോഴെങ്കിലും നിരസിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന്, ”അക്ഷയ് കുമാര്‍ എനിക്ക് സിംഗ് ഈസ് ബ്ലിങ്ങില്‍ ഒരു വേഷം വാഗ്ദാനം ചെയ്തിരുന്നു. അത് നിരസിയ്ക്കുകയായിരുന്നു. ഒരു സ്ത്രീ അഭിനേതാവെന്ന നിലയില്‍, ഞാന്‍ സിനിമ വ്യവസായത്തില്‍ എന്റേതായ അസ്തിത്വം കണ്ടെത്താന്‍ ശ്രമിച്ചു. മൂന്ന് തവണ നമ്മുടെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയെ കുറിച്ച് ഒരു സിനിമ ആരും ചെയ്യുന്നില്ല” – ആപ് കി അദാലത്തിന്റെ എപ്പിസോഡില്‍ കങ്കണ പറഞ്ഞു,

ഇന്‍ഡസ്ട്രിയില്‍ തനിക്കുണ്ടായ ബുദ്ധിമുട്ടുകളെക്കുറിച്ചും നടി തുറന്നു പറഞ്ഞു. ക്വീന്‍ എന്ന ചിത്രത്തിന് ശേഷം തന്റെ അഭിനയ ജീവിതം ഒരു യു-ടേണ്‍ എടുത്തെന്നും കാര്യങ്ങള്‍ കുറച്ച് എളുപ്പമായെന്നും അവര്‍ വെളിപ്പെടുത്തി. ” 2006ല്‍, ഞാന്‍ വേഷങ്ങള്‍ക്കായി കഷ്ടപ്പെടുമ്പോള്‍, ആരും എനിക്ക് ഒന്നും വാഗ്ദാനം ചെയ്തില്ല. 2014ല്‍ എന്റെ ക്വീന്‍ എന്ന സിനിമ വിജയിച്ചപ്പോള്‍ ഓഫറുകള്‍ വന്നു. എനിക്ക് ഒരു പ്രത്യേക അവസരം ലഭിച്ചതായി എനിക്ക് തോന്നി. വൈജയന്തിമാലയും ശ്രീദേവിയും സ്വന്തമായി സിനിമ ചെയ്യുന്നതുപോലെ. മികച്ച പ്രകടനം നടത്താന്‍ ആമിര്‍ ഖാന്‍ എന്നെ അനുവദിക്കുമോ ?. ജീവിതത്തേക്കാള്‍ വലിയ താരമാണ് സല്‍മാന്‍. അവര്‍ വ്യവസായത്തിലെ ഭീമന്മാരാണ്. സല്‍മാന്‍ എന്റെ പ്രിയ സുഹൃത്താണ്, ആമിര്‍ വളരെ നല്ലവനാണ് ” -അവര്‍ പറഞ്ഞു.