Celebrity

‘ഞാന്‍ അസൂയപ്പെടുന്ന നടന്മാരില്‍ ഒരാളാണ് നിങ്ങള്‍’ കമലിന്റെ വാക്കുകേട്ട് കരഞ്ഞു പോയി ജോജു- വീഡിയോ

മെയ് 24 ന് ചെന്നൈയില്‍ നടന്ന ‘തഗ് ലൈഫ്’ എന്ന തങ്ങളുടെ വരാനിരിക്കുന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ തന്റെ ആരാധനാപാത്രമായ കമല്‍ഹാസന്‍ ‘ഇരട്ട’യിലെ തന്റെ പ്രകടനത്തെ അഭിനന്ദിച്ചപ്പോള്‍ കരഞ്ഞുപോയി നടന്‍ ജോജു ജോര്‍ജ്. കമല്‍ഹാസന്റെ അഭിനന്ദനം തന്റെ ഓസ്‌കാര്‍ ആണെന്ന് ജോജു പറഞ്ഞു.

‘തഗ് ലൈഫിന്റെ’ ഓഡിയോ ലോഞ്ചില്‍ കമല്‍ഹാസന്‍ താന്‍ ജോജുവിന്റെ ‘ഇരട്ട’ എന്ന സിനിമ കണ്ടത് അനുസ്മരിച്ചു. ‘ജോജു ആരാണെന്ന് എനിക്കറിയില്ലായിരുന്നു. ‘ഇരട്ട’ കണ്ടതിനുശേഷം പിന്നെ അദ്ദേഹത്തിന്റെ എല്ലാ സിനിമകളും ഞാന്‍ കണ്ടു. ’

‘മൈക്കിള്‍ മദന കാമരാജന്‍’ എന്ന സിനിമയില്‍ താന്‍ ഒന്നിലധികം വേഷങ്ങള്‍ ചെയ്ത കാലം വിവരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. ‘ എന്റെ കരിയറില്‍ ഏകദേശം മുപ്പതോളം ഡബിള്‍ റോളുകള്‍ ഞാന്‍ ചെയ്തിട്ടുണ്ടാകണം. ‘മൈക്കിള്‍ മദന കാമ രാജന്‍’ എന്ന സിനിമയില്‍ മേക്കപ്പിന്റെ കാര്യത്തില്‍ അല്ലാതെ എന്റെ നാല് കഥാപാത്രങ്ങള്‍ക്കിട യില്‍ വലിയ വ്യത്യാസമൊന്നും കാണിച്ചിട്ടില്ല. എന്നാൽ ജോജു, ആദ്യകാലങ്ങളിൽ തന്നെ ഇരട്ടവേഷങ്ങൾ സൂക്ഷ്മതയോടെ കൈകാര്യം ചെയ്തു. ഒരേ പോലീസ് സ്‌റ്റേഷനിൽ വ്യത്യസ്ത സ്വഭാവങ്ങളുള്ള സഹോദരന്മാരായി വേഷമിട്ടു. പക്ഷേ രണ്ടു കഥാപാത്രങ്ങളെയും നിങ്ങള്‍ക്ക് വേര്‍തിരിഞ്ഞു നില്‍ക്കുന്നതായി കാണാനാകും’.

‘ജോജു, ഞാന്‍ അസൂയപ്പെടുന്ന നടന്മാരില്‍ ഒരാളാണ് നിങ്ങള്‍.” ഇതുകേട്ടതും ജോജു എഴുന്നേറ്റു നിന്ന് കൈകള്‍ കൂപ്പി പൊട്ടിക്കരയാന്‍ തുടങ്ങി.

തന്റെ ഇന്‍സ്റ്റാഗ്രാമില്‍ ക്ലിപ്പ് പങ്കുവെച്ചുകൊണ്ട്, മലയാള സിനിമാ വ്യവസായത്തിലെ സഹപ്രവര്‍ത്തകര്‍ തന്നെ ഏറെ തെറ്റിദ്ധരിച്ചിരുന്നെന്ന് ജോജു പറഞ്ഞു. കമല്‍ഹാസന്റെ അഭിനന്ദനം കേട്ട് അദ്ദേഹം സംതൃപ്തനായി. വലിയ അവാര്‍ഡുകള്‍ ലഭിക്കണമെന്ന് താന്‍ എപ്പോഴും സ്വപ്നം കാണാറുണ്ടെന്നും എന്നാല്‍ കമല്‍ഹാസന്‍ തന്നെ പ്രശംസകൊണ്ട് ചൊരിഞ്ഞപ്പോള്‍ ഓസ്‌കാര്‍ നേടിയതായി തോന്നിയെന്നും ജോജു തന്റെ അടിക്കുറിപ്പില്‍ അവകാശപ്പെട്ടു.